ബെര്‍മിങ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ വെയ്റ്റ് ലിഫ്റ്റര്‍ സങ്കേത് സര്‍ഗറിനെ അഭിനന്ദിച്ച് പ്രൊഫഷണല്‍ റെസ്‌ലിങ് താരവും ഡബ്ല്യൂ.ഡബ്ല്യൂ.ഇ സൂപ്പര്‍ സ്റ്റാറുമായ ജോണ്‍ സീന. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് താരം സര്‍ഗറിന് ആശംസയറിയിക്കുന്നത്.

താരത്തിന്റെ എല്ലാ പോസ്റ്റിനും സമാനമായി സര്‍ഗറിന് അഭിനന്ദനമറിയിക്കുന്ന പോസ്റ്റിലും ഒരു ക്യാപ്ഷനും അദ്ദേഹം നല്‍കിയിട്ടില്ല. വെള്ളി മെഡല്‍ നേടുന്നതിനായി സര്‍ഗര്‍ വെയ്റ്റ് ലിഫ്റ്റ് ചെയ്ത ചിത്രമായിരുന്നു താരം പങ്കുവെച്ചത്.

ഒരു ക്യാപ്ഷനുമില്ലെങ്കിലും സീന എന്താണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തെ അറിയുന്ന എല്ലാവര്‍ക്കും മനസിലാവും. സീനയുടെ പോസ്റ്റിന് താഴെ ഇന്ത്യന്‍ ആരാധകരുടെ സമ്മേളനമാണ്. നിരവധി അഭിനന്ദന കമന്റുകളാണ് സീനയുടെ പോസ്റ്റില്‍ സര്‍ഗറിന് ലഭിക്കുന്നത്.