പങ്കാളി തന്നെയാണ് ആട് 3യിലെയും കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത്; അവരുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യം: ജയസൂര്യ
Malayalam Cinema
പങ്കാളി തന്നെയാണ് ആട് 3യിലെയും കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത്; അവരുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യം: ജയസൂര്യ
ഐറിന്‍ മരിയ ആന്റണി
Wednesday, 1st April 2026, 11:58 am

തിയേറ്ററില്‍ വന്‍ വിജയമായി തീര്‍ന്നിരിക്കുകയാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആട് 3. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പാപ്പന്റെയും കൂട്ടരുടെയും വരവ് സിനിമാപ്രേമികള്‍ ഒന്നടങ്കം ആഘോഷിച്ചു. മാര്‍ച്ച് 19ന് റിലീസിനെത്തിയ സിനിമ ബോക്‌സ് ഓഫീസില്‍ നൂറ് കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി.

ആദ്യ ഭാഗം പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗം സൂപ്പര്‍ ഹിറ്റ് എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയ ചിത്രമായിരുന്നു ആട്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച ചിത്രത്തിന്റെ ആദ്യ ഭാഗം 2015ലാണ് പുറത്തിറങ്ങിയത്. രണ്ടാം ഭാഗം ബ്ലോക്ക് ബസ്റ്റായി മാറിയതോടെ അടുത്ത ഭാഗത്തിനായി ആരാധകരും ആവേശത്തോടെ കാത്തിരുന്നിരുന്നു.

സിനിമയിലെ ഷാജി പാപ്പന്റെ മുണ്ടും ഷര്‍ട്ടും അന്ന് വലിയ ഓളം സൃഷ്ടിച്ചിരുന്നു. യുവാക്കളുടെ ഇടയില്‍ ആ കോസ്റ്റിയൂം ട്രെന്‍ഡിങ്ങായി മാറി. ഇപ്പോഴിതാ, നാന മാഗസിനുമായുള്ള അഭിമുഖത്തില്‍, സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ജയസൂര്യ.

‘എന്റെ പത്‌നി സരിതയാണ് ആ ഡിസൈന്‍ ചെയ്തത്. ഇപ്പോള്‍ മൂന്നാം ഭാഗത്തിന് വേണ്ടിയും സരിത തന്നെയാണ് എന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തിട്ടുള്ളത്. കുര്‍ത്തയില്‍ പുതിയ ഒരു ഡിസൈനും മുണ്ടില്‍ മറ്റൊരു പുതിയ പാറ്റേണും സരിത ട്രൈ ചെയ്തിട്ടുണ്ട്. എല്ലാവരേയും ഒരുമിച്ച് വീണ്ടും കാണുക, അവരുടെ കൂടെത്തന്നെ വീണ്ടും അഭിനയിക്കുക അതൊരു വല്ലാത്ത അനുഭവം തന്നെയാണ് നമുക്ക് സമ്മാനിക്കുക.

പേഴ്സണല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ആന്റ് പ്രൊഫഷണല്‍ ട്രാന്‍ഫൊര്‍മേഷന്‍ എന്നൊരു സംഭവമുണ്ടല്ലോ. അത് എനിക്ക് വല്ലാതെ ഫീല്‍ ചെയ്യാനായി. ഇത്രയും വര്‍ഷം കഴിഞ്ഞതിന് ശേഷം എങ്ങനെയാണ് ആ കഥാപാത്രങ്ങളെ വീണ്ടും സമീപിക്കുന്നത്, സിനിമയെ സമീപിക്കുന്നത് എന്നത് മനോഹരമായ ഒരു കാര്യമാണ്. അത് എനിക്ക് കാണാനും അറിയാനും കഴിഞ്ഞു. കാരണം സൈജുക്കുറുപ്പാകട്ടെ, അജുവര്‍ഗ്ഗീ സാകട്ടെ, ധര്‍മ്മജനാകട്ടെ അവരും കാലത്തിനൊപ്പം സിനിമയ്ക്കൊപ്പം വളരുകയാണല്ലോ,’ ജയസൂര്യ പറയുന്നു.

നാലുവര്‍ഷങ്ങള്‍ കൂടിയാണ് തന്റെ ഒരു സിനിമ തിയേറ്ററിലെത്തിയിരുന്നുവെന്നും ജനങ്ങള്‍ ആഗ്രഹിച്ച സിനിമയിലൂടെ വീണ്ടും വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജയസൂര്യ മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ജയസൂര്യയുടെ കരിയറിലെ നാഴികകല്ലായി തീര്‍ന്ന ചിത്രങ്ങളിലൊന്നാണ് ആട്. ജയസൂര്യയുടെ സിനിമാജീവിതത്തിലെ ആദ്യ നൂറ് കോടി കൂടിയാണ് ആട്3യിലൂടെ സംഭവിച്ചത്.

Content Highlight:  Jayasurya talks about the costume in Aadu 3

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.