ആട് തൂക്കി ഷാജി പാപ്പനും, കൗണ്ടറിൽ വിട്ടുവീഴ്ചയില്ലാതെ പത്മനാഭ തമ്പുരാനും
Malayalam Cinema
ആട് തൂക്കി ഷാജി പാപ്പനും, കൗണ്ടറിൽ വിട്ടുവീഴ്ചയില്ലാതെ പത്മനാഭ തമ്പുരാനും
നന്ദന എം.സി
Friday, 20th March 2026, 3:02 pm

മലയാള സിനിമയിൽ വലിയൊരു പരാജയത്തിൽ നിന്ന് പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന നിലയിലേക്ക് ഉയർന്ന അപൂർവ ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ആട് 3.

മിഥുൻ മാനുൽ തോമസ് – ജയസൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഈ ചിത്രം ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് നടത്തുന്നത്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ കേരള, ഗ്ലോബൽ ഓപ്പണിങ് നേടുമെന്നുറപ്പുള്ള ചിത്രം തിയേറ്ററുകളിൽ ചിരിയുടെ മാലപടക്കം തീർക്കുകയാണ്

വന്നവരും നിന്നവരും പോയവരുമെല്ലാം തകർത്താടിയ ചിത്രത്തിൽ ഷാജിപാപ്പന്റെ സ്വാഗ് പ്രത്യേകം എടുത്തുപറയേണ്ടതാണ്. എട്ട് വർഷങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച ഒരു കഥാപാത്രത്തെ ഇന്നും ഒരു പതർച്ചയും കൂടാതെ അതേ എനർജിയിലും തനിമയിലും അവതരിപ്പിക്കാൻ കഴിയുന്നുവെങ്കിൽ, ജയസൂര്യയിലെ എന്റെർറ്റൈനെർ നമ്മൾ എഴുതിപ്പാടുന്നതിനും അപ്പുറത്താണെന്ന് എടുത്ത് പറയണം.

ജയസൂര്യ, Photo: IMDb

തുടക്കം മുതൽ ഒടുക്കം വരെ എനർജിയിൽ യാതൊരു കുറവും വരുത്താതെ ജയസൂര്യ സിനിമയെ മുഴുനീളം കൊണ്ടുപോയിരിക്കുന്നു. വർഷങ്ങൾക്കിപ്പുറവും അതേ സ്റ്റൈലിലും ഗെറ്റപ്പിലുമെത്തിയ താരത്തിന്റെ അഭിനയവും കോമഡിയും ചിത്രത്തിലുടനീളം മികച്ച രീതിയിൽ അവതരിപ്പിച്ചതായി കാണാം. വെറും ഷാജി പാപ്പാൻ എന്ന കഥാപാത്രത്തിൽ മാത്രം ഒതുങ്ങാതെ, പത്മനാഭ തമ്പുരാൻ എന്ന രാജാവായും ജയസൂര്യ തിളങ്ങുന്നു.

ഒരു രാജാവിന്റെ ഗാംഭീര്യവും, ഷാജി പാപ്പന്റെ പൊട്ടത്തരവും ഒരുപോലെ ചേർത്ത് അവതരിപ്പിച്ച അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ചു.

ചിത്രത്തിൽ അതിഗംഭീരമായ ഇൻട്രോയോടുകൂടി എത്തുന്ന പാപ്പന്റെ പ്രകടനം അടുത്ത നിമിഷം തന്നെ തന്റെ കൂട്ടുകാരെ കൈവിടാത്ത, ഓരോ അബദ്ധങ്ങളിൽ ചാടുന്ന ഹാസ്യകഥാപാത്രമായി മാറുന്നു. ഈ വൈവിധ്യമാർന്ന പ്രകടനങ്ങളിലൂടെ ജയസൂര്യ ചിത്രത്തിന്റെ യഥാർത്ഥ ഷോ സ്റ്റീലറായി മാറുകയാണ്.

ജയസൂര്യ, Photo: IMDb

സ്ഥിരമായി കാണുകയും കേൾക്കുകയും ചെയ്യുന്ന തരത്തിലുള്ള കോമഡികളാണ് ഷാജി പാപ്പൻ അവതരിപ്പിക്കുന്നതെങ്കിലും, അതിൽ പുതുമ കൊണ്ടുവരാനും പ്രേക്ഷകരെ വീണ്ടും ചിരിപ്പിക്കാനും ജയസൂര്യയ്ക്ക് കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ വലിയ വിജയം.

വലിയ ഗെറ്റപ്പിൽ ഷാജി പാപ്പൻ ബുള്ളറ്റിൽ എത്തുന്നതും, തിരിച്ച് പോകുമ്പോൾ ബുള്ളറ്റിൽ നിന്ന് വീഴുന്നതുമായുള്ള രംഗങ്ങൾ, മറ്റാരെങ്കിലും അവതരിപ്പിച്ചിരുന്നെങ്കിൽ അത്രത്തോളം ഇമ്പാക്റ്റ് ഉണ്ടാക്കാൻ സാധിക്കാതെ വരുമായിരുന്നു. എന്നാൽ ജയസൂര്യയുടെ കൈകളിൽ ഷാജി പാപ്പാൻ എന്ന കഥാപാത്രം വർഷങ്ങൾക്കിപ്പുറവും അതേ ഭംഗിയോടെ നിലനിൽക്കുന്നു.

ഇടയ്ക്കിടെ പറയുന്ന പാപ്പന്റെ ചളികളും മുഖഭാവങ്ങളും തിയേറ്ററിൽ ചിരിയുടെ മാലപടക്കം തീർക്കുകയായിരുന്നു. പണിക്കാരെ കാണാൻ പോകുന്ന പാപ്പന്റെ രംഗം അതിന് നല്ലൊരു ഉദാഹരണമാണ്. സ്ഥിരമായി തുടരുന്ന പാപ്പന്റെ നടുവേദനയ്ക്ക് ഈ വട്ടവും ഒട്ടും കുറവില്ല. എന്നാൽ അത്തരം രംഗംങ്ങളും പ്രേക്ഷകർക്ക് വിരസതയുണ്ടാക്കാതെ അവതരിപ്പിക്കാനും ജയസൂര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ആട് , Photo: IMDb

എന്തൊക്കെയായാലും, ഈ തവണ പാപ്പന്റെ പിള്ളേരെക്കാൾ പാപ്പാൻ തന്നെ ഒരു പടി മുന്നിൽ നിൽക്കുന്നുവെന്നതിൽ സംശയമില്ല. അതുപോലെ എടുത്തുപറയേണ്ട മറ്റൊരു ഘടകമാണ് ഷാജി പാപ്പന്റെ വേഷം. പ്രത്യേക സ്റ്റൈലിലുള്ള ചുവപ്പും കറുപ്പും കലർന്ന വസ്ത്രം ആ കഥാപാത്രത്തെ കൂടുതൽ മികവുറ്റതാക്കി.

കോടതിയിലെ ഓരോ സീനിലും പാപ്പൻ തന്റെ കൗണ്ടറുകൾ കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുകയാണ്. ധർമ്മജൻ കൂടെയുണ്ടെങ്കിലും ജയസൂര്യ ഒരു പടി മുന്നിലാണ് എന്ന് നിസംശയം പറയാം. പാപ്പന്റെ മണ്ടത്തരം കൊണ്ട് കോടതി പോലും വെറുതെ വിടുന്ന രംഗവും, അദ്ദേഹത്തിന്റെ ഹാസ്യകഥാപാത്രത്തെ കൂടുതൽ ശക്തമാക്കുന്നു. എന്തൊക്കെയായാലും രണ്ട് മണിക്കൂർ 47 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പാപ്പന്റെ കൈകളിൽ സുരക്ഷിതമായിരുന്നു എന്നത് എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്.

Content Highlight: Jayasurya’s performance in Aadu 3

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.