ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ചിത്രം ഇന്ന് ജനുവരി പതിനൊന്നിനായിരുന്നു തിയേറ്ററില്‍ റിലീസിന് എത്തിയത്. ചിത്രം പ്രഖ്യാപിക്കപെട്ടത് മുതല്‍ ജയറാമിനൊപ്പം നടന്‍ മമ്മൂട്ടിയും എത്തുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

അതുറപ്പിക്കുന്ന തരത്തില്‍ പിന്നീട് ട്രെയ്ലര്‍ വന്നപ്പോള്‍ അതില്‍ മമ്മൂട്ടിയുടെ ശബ്ദവും ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടാകില്ലെന്ന് തന്നെയായിരുന്നു സംവിധായകന്‍ മിഥുന്‍ മാനുവലും നായകനായ ജയറാമും ചിത്രം തിയേറ്ററിലെത്തുന്നത് വരെ പ്രതികരിച്ചിരുന്നത്.

എന്നാല്‍ ചിത്രം തിയേറ്ററില്‍ എത്തിയതിന് പിന്നാലെ ചിത്രത്തിലെ മമ്മൂട്ടിയുടെ പോസ്റ്റര്‍ സംവിധായകന്‍ തന്നെ പുറത്തുവിട്ടിരുന്നു. ആ ചിത്രം ഏറെ ആവേശത്തോടെയായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍ ഇപ്പോള്‍ ഏറെ വൈറലാകുന്നത് അതിന് പിന്നാലെ ജയറാമിന്റേതായി വന്ന വീഡിയോയാണ്.

പ്രേക്ഷകരോടും സംവിധായകന്‍ മിഥുന്‍ മാനുവലിനോടും നന്ദി പറയുന്ന ആ വീഡിയോയുടെ അവസാനം താരം മമ്മൂട്ടിയോടും നന്ദിയറിയിച്ചു. ‘മമ്മൂക്കാ, എനിക്ക് വേണ്ടിവന്ന് ഈ കഥാപാത്രം ചെയ്തതിന് നന്ദി’ എന്നാണ് ജയറാം പറയുന്നത്.


അതേസമയം, മിഥുന്‍ മാനുവല്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ പോസ്റ്റര്‍ ‘അബ്രഹാം ഓസ്ലറിനെ ആവേശത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ക്ക് നന്ദി. ഓസ്ലറിനെ അവിസ്മരണീയമാക്കിയ ഇന്ത്യയുടെ മഹാനടന്‍ മമ്മുക്കയ്ക്ക് നന്ദി.’ എന്ന ക്യാപ്ഷനോടെയായിരുന്നു തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മമ്മൂട്ടിയുടെ പോസ്റ്ററിന് മുകളില്‍ ‘ഇന്തിയാവിന്‍ മാപെരും നടികര്‍’ എന്നും ചേര്‍ത്തിരുന്നു.

ചിത്രത്തില്‍ ജയറാമിനും മമ്മൂട്ടിക്കും പുറമെ അനശ്വര രാജനും അര്‍ജുന്‍ അശോകനും സൈജു കുറുപ്പും ജഗദ്ദീഷും അനൂപ് മേനോനും ഉള്‍പ്പെടെയുള്ള വലിയ താരനിര തന്നെ ഒന്നിക്കുന്നുണ്ട്. ഇര്‍ഷാദ് എം. ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്.

തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. സംഗീതം – മിഥുന്‍ മുകുന്ദന്‍, എഡിറ്റിങ് – ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ – ഗോകുല്‍ ദാസ്, ലൈന്‍ പ്രൊഡ്യൂസര്‍ – സുനില്‍ സിങ്ങ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജോണ്‍ മന്ത്രിക്കല്‍, ക്രിയേറ്റീവ് ഡയറക്ടര്‍ – പ്രിന്‍സ് ജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രശാന്ത് നാരായണന്‍.

Content Highlight: Jayaram thanked Mammootty for Abraham Ozler; Video Viral