ഗായികയും നടിയുമായി ജസ്‌ലീന്‍ റോയല്‍ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ദുല്‍ഖറിനൊപ്പം ഇരുന്ന് ഇരുവരും ഒന്നിച്ച് അഭിനയിച്ച് ‘ഹിരിയേ’ എന്ന പാട്ട് പാടുന്ന വീഡിയോ ആണ് ജസ്‌ലീന്‍ പങ്കുവെച്ചത്. ആദ്യം ജസ്‌ലീനൊപ്പം പാടുന്ന ദുല്‍ഖറിനെയാണ് വീഡിയോയില്‍ കാണുന്നത്. പിന്നീട് പാട്ട് തീരുമ്പോള്‍ ദുല്‍ഖര്‍ ‘ഹേ’ എന്ന് ഉച്ചത്തില്‍ പറയുന്നതും ചുറ്റുമുള്ളവര്‍ അത് കേട്ട് ചിരിക്കുന്നതും കാണാം.

ജൂലൈ 25നാണ് ഹീരിയേ റിലീസ് ചെയ്തത്. ജസ്‌ലീനും അര്‍ജീത്ത് സിങ്ങും ചേര്‍ന്നാണ് പാട്ട് പാടിയത്. കിങ് ഓഫ് കൊത്താണ് ഇനി റിലീസിനൊരുങ്ങുന്ന ദുല്‍ഖര്‍ ചിത്രം. ഓഗസ്റ്റ് 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

നെറ്റ്ഫ്‌ളിക്‌സ് സീരിസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സും ദുല്‍ഖറിന്റേതായി ഉടന്‍ റിലീസിന് ഒരുങ്ങുന്ന പ്രൊജക്ടാണ്. ഡി2ആര്‍ ഫിലിംസിന്റെ നിര്‍മാണത്തില്‍ രാജ്& ഡി.കെയും സംവിധാനം ചെയ്യുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് നെറ്റ്ഫ്ളിക്സിലൂടെ ഓഗസ്റ്റ് 18 മുതല്‍ സ്ട്രീം ചെയ്തുതുടങ്ങും. ജെന്റില്‍മാന്‍, ഗോ ഗോവ ഗോണ്‍, ദി ഫാമിലി മാന്‍ എന്നിവയിലൂടെ ശ്രദ്ധേയരായ ഇരട്ടസംവിധായകരാണ് രാജ്&ഡി.കെ.

ദുല്‍ഖറിന് പുറമേ രാജ്കുമാര്‍ റാവോ, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ എന്നിവരാണ് സീരീസില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. വിജയ് വര്‍മ എന്ന കഥാപാത്രത്തെയാണ് സീരീസില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.

Content Highlight: Jasleen Royal shared a funny video with Dulquer salmaan