മോസ്‌ക്കോ: ഹിരോഷിമാ ആറ്റോമിക് ബോംബാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അമേരിക്കയുടെ പേര് പരാമര്‍ശിക്കാതിരുന്ന ജപ്പാന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി റഷ്യ.
ജപ്പാന്‍ അമേരിക്കയുടെ ഒരു ആശ്രിതരാജ്യമായി അധപതിച്ചിരിക്കുകയാണെന്ന് റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി മെദ്വദേവ് പറഞ്ഞു. ആഗസ്റ്റ് 6ന് ഹിരോഷിമയില്‍ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങില്‍ സംസാരിച്ച ജാപ്പനീസ് അധികൃതരും പ്രാദേശിക നേതാക്കളും ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് സംസാരിച്ചെങ്കിലും ലോകചരിത്രത്തിലെ ഏറ്റവും ദാരുണമായ ഈ അണുബോംബ് ആക്രമണം നടത്തിയത് അമേരിക്കയാണെന്ന സത്യം ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയോടുള്ള രാഷ്ട്രീയ വിധേയത്വം കാരണം ജപ്പാന്‍ സ്വന്തം ചരിത്രത്തെയും ദുരന്തത്തില്‍ കൊല്ലപ്പെട്ട പതിനായിരക്കണക്കിന് നിരപരാധികളായ സ്വന്തം ജനങ്ങളുടെ ഓര്‍മകളെയും അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
1945 ഓഗസ്റ്റില്‍ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ച് ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുത്തത് അമേരിക്കയാണെന്ന യാഥാര്‍ത്ഥ്യം മറച്ചുവെക്കാന്‍ ജാപ്പനീസ് ഭരണകൂടം ശ്രമിക്കുന്നത് അപലപനീയമാണെന്നും, നിലവിലെ ഭൗമരാഷ്ട്രീയ സഖ്യങ്ങളുടെ പേരില്‍ ചരിത്രസത്യങ്ങള്‍ വളച്ചൊടിക്കപ്പെടുകയാണെന്നും റഷ്യന്‍ നേതാവ് കൂട്ടിച്ചേര്‍ത്തു.
ഹിരോഷിമയില്‍ അമേരിക്ക നടത്തിയ അണുബോംബ് ആക്രമണത്തിന്റെ 81ാം വാര്‍ഷിക വേളയില്‍ മേയര്‍ കസുമി മാറ്റ്‌സുമി ഉക്രൈന്‍ സംഘര്‍ഷത്തിന്റെ പേരില്‍ റഷ്യയെ വിമര്‍ശച്ചിതന് പിന്നാലെയാണ് മെദ്‌വ ദേവിന്റെ പരാമര്‍ശം.
എന്നാല്‍ ഹിരോഷിമ വിഷയത്തില്‍ അദ്ദേഹം അമേരിക്കയെ കുറ്റപ്പെടുത്തുകയും ചെയ്തില്ല. ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചിയും അമേരിക്കയുടെ പങ്കിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. 1945 ല്‍ ഹിരോഷിമയില്‍ അമേരിക്ക ആണവ ബോംബ് വര്‍ഷിക്കുകയും 140,000 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം നാഗസാക്കിയില്‍ രണ്ടാമത്തെ അണുബോംബ് വര്‍ഷിച്ചു. ഏകദേശം 70000 ജാപ്പനീസ് പൗരന്മാര്‍ കൊല്ലപ്പെടുകയും നഗരത്തിന്റെ വലിയൊരു ഭാഗം തകര്‍ന്നടിയുകയും ചെയ്തു.
Content Highlight: Japan forgets its own history due to political subservience to the US: Russia criticizes the failure to mention America’s role in the Hiroshima tragedy.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.