തിയേറ്റര്‍ സമരത്തിനിടയിലും ആവറേജ് പടം കൊണ്ട് കേരള ബോക്‌സ് ഓഫീസ് തൂഫാനാക്കിയ ചരിത്രമുണ്ട്, ദളപതി തന്നെ തന്റെ കോട്ടയിലെ കിങ്
Indian Cinema
തിയേറ്റര്‍ സമരത്തിനിടയിലും ആവറേജ് പടം കൊണ്ട് കേരള ബോക്‌സ് ഓഫീസ് തൂഫാനാക്കിയ ചരിത്രമുണ്ട്, ദളപതി തന്നെ തന്റെ കോട്ടയിലെ കിങ്
അമര്‍നാഥ് എം.
Monday, 27th July 2026, 9:18 pm

അവസാന സിനിമ അട്ടര്‍ ഫ്‌ളോപ്പാകുമെന്ന് പ്രവചിച്ചവരുടെ മര്‍മ്മം നോക്കി അടിച്ചിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം വിജയ്. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം പൂര്‍ത്തിയാക്കിയ ജന നായകന്‍ ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവിലാണ് തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ 200 കോടിയിലേറെ നേടിക്കഴിഞ്ഞു.

ചിത്രം കേരളത്തിലും മികച്ച കളക്ഷനാണ് നേടുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ 10 കോടിയിലേറെ ജന നായകന്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇത് 13ാം തവണയാണ് ഒരു വിജയ് ചിത്രം കേരളത്തില്‍ നിന്ന് 10 കോടിക്ക് മുകളില്‍ സ്വന്തമാക്കുന്നത്. രജിനിയടക്കം പല സൂപ്പര്‍താരങ്ങള്‍ക്കും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ലെന്ന് അറിയുമ്പോഴാണ് വിജയ് എന്ന സ്റ്റാര്‍ കേരളത്തില്‍ സൃഷ്ടിച്ച ഇംപാക്ട് വ്യക്തമാകുന്നത്.

ഏഴ് മാസത്തോളം റിലീസ് വൈകി, ഇന്റര്‍നെറ്റില്‍ ലീക്കായ ഒരു ചിത്രം കേരളത്തില്‍ 10 കോടി നേടുക എന്നത് ആരാധകര്‍ പോലും കരുതിയിരുന്നില്ല. എന്നാല്‍ ഇതിലും വലിയ പ്രതിസന്ധിയില്‍ കേരള ബോക്‌സ് ഓഫീസില്‍ വിജയ് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ഭൈരവ കേരളത്തില്‍ നിന്ന് മാത്രം 10.5 കോടി നേടിയിരുന്നു.

സമ്മിശ്ര പ്രതികരണം മാത്രം സ്വന്തമാക്കി ബോക്‌സ് ഓഫീസില്‍ ശരാശരി വിജയം നേടിയ ഭൈരവ കേരളത്തില്‍ റിലീസായ സമയത്ത് തിയേറ്ററുകള്‍ സമരത്തിലായിരുന്നു. വളരെ കുറച്ച് പ്രൈവറ്റ് തിയേറ്ററുകളും ഗവണ്മെന്റിന്റെ കീഴിലുള്ള തിയേറ്ററുകളും മാത്രമായിരുന്നു ആ സമയത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഈ അവസ്ഥയിലും ചിത്രം വമ്പന്‍ കളക്ഷന്‍ നേടിയത് മറ്റ് താരങ്ങള്‍ക്ക് സ്വപ്‌നം മാത്രമാണ്.

ഇത് മാത്രമല്ല, കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ റിലീസായ മാസ്റ്ററും 13 കോടിയിലേറെ നേടിയിരുന്നു. പകുതി ഒക്ക്യുപന്‍സിയിലൂടെയായിരുന്നു മാസ്റ്ററിന്റെ ഈ കളക്ഷന്‍. കേരളത്തില്‍ ഇത്രയും സ്ഥിരതയോടെ കളക്ഷന്‍ നേടുന്ന മറ്റൊരു അന്യഭാഷാനടന്‍ ഇല്ലെന്ന് തന്നെ പറയാം. ദളപതിക്കോട്ട എന്ന് ആരാധകര്‍ കേരളത്തെ വിളിക്കുന്നത് വെറുതെയല്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

15 കോടിക്കാണ് എസ്.എസ്.ആര്‍ എന്റര്‍ടൈന്മെന്റ്‌സ് ജന നായകന്റെ കേരള റൈറ്റ്‌സ് സ്വന്തമാക്കിയത്. ചിത്രം കേരളത്തില്‍ ബ്രേക്ക് ഈവനാകണമെങ്കില്‍ 25 കോടിയെങ്കിലും ആവശ്യമാണ്. സ്‌പൈഡര്‍മാന്‍ അടക്കം പല വമ്പന്‍ സിനിമകളും പുറത്തിറങ്ങാനുള്ളതിനാല്‍ ജന നായകന്‍ വിതരണക്കാരെ സേഫാക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Jana Nayagan Collected more than 10 crores from Kerala Box Office

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം