നേപ്പിള്‍സ്: ലെനിനും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനും മാല്‍കം എക്‌സിനും ആഞ്ചെല ഡേവിസിനുമൊപ്പം ജോര്‍ജ് ഫ്‌ളോയ്ഡിനെയും ചേര്‍ത്തുവരച്ച് ഇറ്റാലിയന്‍ ചിത്രകാരന്‍ ജോറിത് അഗോഷ്. ‘ടൈം ടു ചേയ്ഞ്ച് ദ വേള്‍ഡ്’ എന്നാണ് ജോറിത് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.

അമേരിക്കന്‍ പൊലീസ് കഴുത്തുഞെരിച്ചു കൊന്ന ജോര്‍ജ് ഫ്‌ളോയ്ഡിന്റെ അവസാന വാക്കുകളായ ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന് തുടങ്ങുന്ന ഒരു കുറിപ്പിനോടൊപ്പമാണ് തന്റെ പുതിയ ചിത്രം ജോറിത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ജോര്‍ജ് ഫ്‌ളോയ്ഡിന്റെ അവസാന വാക്കുകളായ ‘എനിക്ക് ശ്വാസം മുട്ടുന്നു’ ഇപ്പോള്‍ അമേരിക്കയിലെ പ്രതിഷേധക്കാരുടെ രാഷ്ട്രീയ പ്രസ്താവനയും മുദ്രാവാക്യവുമായി മാറിയിരിക്കുകയാണെന്നും ജോറിത് പറയുന്നു.

ദുര്‍ബലരോട് അതിക്രൂരമായി പെരുമാറുന്ന സമൂഹവ്യവസ്ഥ നടത്തിയ ശിക്ഷിക്കപ്പെടാത്ത കൊലപാതകം എന്നാണ് ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തെക്കുറിച്ച് ജോറിത് കുറിച്ചത്. കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുള്ള വംശീയതക്കെതിരെയുള്ള ഹാഷ്ടാഗുകള്‍ക്കൊപ്പം #anticapitalism എന്നും ജോറിത് ചേര്‍ത്തിട്ടുണ്ട്.