ജെറുസലേം: കിഴക്കന്‍ ജെറുസലേമില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേര്‍ക്ക് ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണം. ജെറുസലേം പഴയ നഗരത്തിലെ അര്‍മേനിയന്‍ പള്ളിയില്‍ ഇസ്രഈല്‍ കുടിയേറ്റക്കാര്‍ ആക്രമണം നടത്തുകയും കൂട്ടമായി പള്ളിക്ക് നേരെ തുപ്പുകയും ചെയ്തതായി ഫലസ്തീന്റെ ജെറുസലേം ഗവര്‍ണറേറ്റ് അറിയിച്ചു. അക്രമികള്‍ പള്ളിക്ക് നേരെ കല്ലേറ് നടത്തിയതായും അവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇസ്രഈല്‍ കുടിയേറ്റക്കാര്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കുന്നതിന്റെ വീഡിയോയും ജെറുസലേം ഗവര്‍ണറേറ്റ് പുറത്തുവിട്ടിട്ടുണ്ട്. കുടിയേറ്റക്കാര്‍ പള്ളിക്ക് നേര്‍ക്ക് കൂട്ടമായി തുപ്പുന്നതായും കല്ലെറിയുന്നതായും വീഡിയോയില്‍ കാണാം.
പള്ളിയുടെ കവാടത്തിന് നേര്‍ക്ക് ഇവര്‍ തുപ്പുകയും പിന്നീട് കല്ലേറ് ആരംഭിക്കുകയുമായിരുന്നുവെന്ന് ഗവര്‍ണറേറ്റ് അറിയിച്ചു. പ്രദേശത്തെ ക്രൈസ്തവ പുണ്യസ്ഥലങ്ങള്‍ക്ക് നേര്‍ക്ക് തുടര്‍ന്നു വരുന്ന അക്രമ പരമ്പരകളുടെ ഭാഗമാണ് ഇതെന്നും ഗവര്‍ണറേറ്റിന്റെ പ്രസ്താവവനയില്‍ പറയുന്നു.
ജെറുലേമിന്റെ പഴയ നഗരത്തില്‍ ഇസ്രഈല്‍ കുടിയേറ്റക്കാര്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേര്‍ക്ക് കൂട്ടമായി തുപ്പുന്ന സംഭവങ്ങള്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ വര്‍ഷം ഇസ്രഈല്‍ കുടിയേറ്റക്കാരോ സൈനികരോ ജെറുസലേമില്‍ നടത്തിയ 50ഓളം ആക്രമണങ്ങളുടെ വിവരങ്ങള്‍ ഫലസ്തീന്റെ ചര്‍ച്ച് അഫയേഴ്‌സ് ഹയര്‍ പ്രസിഡന്‍ഷ്യല്‍ കമ്മറ്റി ശേഖരിക്കുകയും പുറത്തുവിടുകയും ചെയ്തിരുന്നു.
ക്രൈസ്തവ പുരോഹിതര്‍ക്കും വിശ്വാസികള്‍ക്കും എതിരായി സമീപ കാലത്ത് തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളുടെ ഭാഗമാണ് പള്ളിക്ക് നേര്‍ക്കുള്ള ആക്രമണവുമെന്ന് അനഡോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പള്ളികള്‍ക്കും പുരോഹിതര്‍ക്കും ക്രൈസ്തവ സമുദായത്തിനും എതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ ചര്‍ച്ച് അഫയേഴ്‌സ് പ്രസിഡന്‍ഷ്യല്‍ കമ്മിറ്റി നേരത്തെ മുന്നിയിപ്പ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2023 ഒക്ടോബറില്‍ ഇസ്രഈല്‍ ഗസ വംശഹത്യ ആരംഭിച്ച ശേഷം വെസ്റ്റ്ബാങ്കിലും ഫലസ്തീന്‍കാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചിരുന്നു. കിഴക്കന്‍ ജെറുസലേം അടക്കം വെസ്റ്റ്ബാങ്കിലെ ക്രൈസ്തവര്‍ അടക്കമുള്ളവര്‍ക്കെതിരെ ഇസ്രഈല്‍ കുടിയേറ്റക്കാരും സൈന്യവും നടത്തുന്ന അതിക്രമങ്ങളും ഇക്കാലത്ത് വര്‍ധിച്ചതായാണ് കണക്കാക്കുന്നത്.
ഫലസ്തീനിയന്‍ ക്രൈസ്തവരുടെ അവസ്ഥ യു.എസിലെ ക്രൈസ്തവ സയണിസ്റ്റുകള്‍ കണ്ടില്ലെന്ന് നടിക്കുന്നതായി ഫലസ്തീന്‍ ക്രൈസ്തവ നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജെറുസലേമില്‍ ക്രൈസ്തവര്‍ ദിനം പ്രതി ആക്രമണങ്ങള്‍ നേരിടുകയാണെന്ന് ഫലസ്തീന്‍ ക്രൈസ്തവ നേതാവും ബെത്‌ലഹേം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്‍ഡ് ജസ്റ്റിസ് ഡയരക്ടറുമായ ഫാദര്‍ മുന്തെര്‍ ഐസക് പറഞ്ഞു. സി.എന്‍.എന്നിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രഈല്‍ ജൂത മതസ്ഥരുടേതാണെന്ന് കരുതുന്ന ക്രിസ്ത്യന്‍ സയണിസ്റ്റുകള്‍ ഫലസ്തീനിലെ ക്രൈസ്തവരുടെ അവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ നിലനില്‍പിന് ഭീഷണിയാവുന്ന കാര്യങ്ങള്‍ക്ക് ക്രൈസ്തവ സയണിസ്റ്റുകള്‍ ധനസഹായം നല്‍കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇസ്രഈല്‍ കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ കാരണം വെസ്റ്റ് ബാങ്കിലെ ക്രൈസ്തവര്‍ ഒലിവ് കൃഷി ചെയ്യാന്‍ വരെ ഭയപ്പെടുന്നതായി ക്രൈസ്തവ പുരോഹിതനായ ഫാദര്‍ ബാഷര്‍ ഫവാദ്‌ലെ പറഞ്ഞു.
Content Highlight: Israeli occupiers hurl stones, spit toward Armenian church in occupied East Jerusalem
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.