സത്യത്തെ വധിക്കുക എന്നതാണ് ഇസ്രഈലിന്റെ ലക്ഷ്യം; ലബനീസ് മാധ്യമ പ്രവർത്തകരുടെ കൊലയിൽ അപലപിച്ച് അരാഗ്ചി
Trending
സത്യത്തെ വധിക്കുക എന്നതാണ് ഇസ്രഈലിന്റെ ലക്ഷ്യം; ലബനീസ് മാധ്യമ പ്രവർത്തകരുടെ കൊലയിൽ അപലപിച്ച് അരാഗ്ചി
മുഹമ്മദ് നബീല്‍
Sunday, 29th March 2026, 10:34 pm

ടെഹ്‌റാൻ: ലബനീസ് മാധ്യമ പ്രവർത്തകരുടെ കൊലപാതകത്തിൽ അപലപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.

സത്യത്തെ വധിക്കുക എന്നതാണ് ഇസ്രഈൽ ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

‘ഭീരുക്കളായ സയണിസ്റ്റ് ഭരണകൂടം നടത്തിയ ഭീകരാക്രമണത്തിൽ ധീരരായ മാധ്യമപ്രവർത്തകർ അലി ഷുഐബ്, മുഹമ്മദ് ഫതൂനി, ഫാത്തിമ ഫതൂനി എന്നിവർ രക്തസാക്ഷിത്വം വരിച്ചത് പ്രാദേശിക – ആഗോള മാധ്യമ സമൂഹത്തിന് ആഴത്തിലുള്ള മുറിവേൽപ്പിച്ചു,’ അബ്ബാസ് അരാഗ്ചി പറഞ്ഞു.

അൽ മനാർ, അൽ മയാദീൻ ടെലിവിഷൻ ചാനലുകളിലെ മാധ്യമ പ്രവർത്തകരാണ് ഇസ്രഈൽ കൊലചെയ്തത്.

ഇതൊരു ആസൂത്രിതമായ കൊലപാതകമാണെന്നും കേവലം ചില വ്യക്തികളെ ഇല്ലാതാക്കുക എന്നതിലുപരി വ്യക്തമായ മറ്റ് ലക്ഷ്യങ്ങൾ ഇതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സത്യത്തെ വധിക്കാനും വസ്തുതകൾ വിളിച്ചുപറയുന്ന ശബ്ദങ്ങളെ നിശബ്ദമാക്കാനുമുള്ള ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘർഷ മേഖലകളിൽ മാധ്യമപ്രവർത്തകർക്ക് സംരക്ഷണം നൽകുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്നും അരാഗ്‌ചി ചൂണ്ടിക്കാട്ടി

മാധ്യമപ്രവർത്തകരെ ലക്ഷ്യം വെക്കുന്നതിൽ ഇസ്രഈൽ ഭരണകൂടത്തിന് ദീർഘകാലത്തെ ചരിത്രമുണ്ടെന്നും, ഇസ്രഈൽ ഭരണകൂടത്തിന്റെ ക്രൂരതയെ നിയന്ത്രിക്കുന്നതിൽ അന്താരാഷ്ട്ര നിയമങ്ങൾ പരാജയപ്പെട്ടുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പ്രസ്താവിച്ചു.

‘മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്നതിനും ഈ കൊലപാതകങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ഉചിതവും ഫലപ്രദവുമായ അന്താരാഷ്ട്ര നടപടികൾ വേണം,’ അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തിൽ ലബനീസ് പ്രസിഡന്റ് ജോസഫ് ഔൻ ശക്തമായി അപലപിച്ചു.

ലബനീസ് പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഇസ്രഈൽ നടത്തുന്ന ആക്രമണങ്ങളെ തടയുന്നതിന് ലബനീസ് സർക്കാർ എല്ലാ അന്താരാഷ്ട്ര മാർഗങ്ങളും തേടുമെന്ന് അദ്ദേഹം പറഞ്ഞു.

Content Highlight: Israel’s goal is to kill the truth; Araghchi condemns the killing of Lebanese journalists

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം