ഗസയിലെ ഇസ്രാഈൽ ആക്രമണം; അറബ് രാജ്യങ്ങൾക്കും പങ്കെന്ന് യെമൻ
World
ഗസയിലെ ഇസ്രാഈൽ ആക്രമണം; അറബ് രാജ്യങ്ങൾക്കും പങ്കെന്ന് യെമൻ
ശ്രീലക്ഷ്മി പി.പി
Thursday, 20th August 2026, 11:45 am

യമൻ : ഗസയിൽ ഫലസ്തീനികൾക്കെതിരെ ഇസ്രാഈൽ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യെമൻ വിദേശകാര്യ മന്ത്രാലയം. ഇസ്രാഈലിന്റെ യുദ്ധക്കുറ്റങ്ങൾക്ക് ചില അറബ് ഭരണകൂടങ്ങളും കൂട്ടുനിൽക്കുകയാണെന്നും ഇത്തരം നിലപാടുകൾക്ക് ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് യെമൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഗസ സിറ്റിയിലെ തിരക്കേറിയ കഫേയ്ക്ക് നേരെയുണ്ടായ ഇസ്രാഈൽ ഡ്രോൺ ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ ആറ് ഫലസ്തീനികൾ കൊല്ലപ്പെടുകയും 12ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അറബ് ഭരണകൂടങ്ങളുടെ നിഷ്‌ക്രിയതയും ഇസ്രാഈലിനോടുള്ള കൂട്ടുനിൽപ്പുമാണ് ആക്രമണങ്ങൾ തുടരാൻ കാരണമാകുന്നതെന്ന് യെമൻ മന്ത്രാലയം വിമർശിച്ചു. ഇസ്രാഈലിന്റെ അതിക്രമങ്ങളുടെ പട്ടികയിലേക്ക് പുതിയ ആക്രമണവും ചേർന്നിരിക്കുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

‘ഇസ്രാഈൽ ശത്രുവിന്റെ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കയെ ആശ്രയിക്കുന്നവർ, കൊടുംചൂടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച് ആളിക്കത്തുന്ന തീയിൽ അഭയം തേടുന്നതിന് തുല്യമാണ്,’ യെമൻ മന്ത്രാലയം വ്യക്തമാക്കി.

പ്രതിഷേധ പ്രസ്താവനകൾ കൊണ്ട് മാത്രം ഫലസ്തീനികൾക്കെതിരായ ഇസ്രാഈലിന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കാനാകില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അമേരിക്ക ഇസ്രാഈലിന് ആക്രമണങ്ങൾ തുടരാനുള്ള പൂർണ സ്വാതന്ത്ര്യം നൽകുകയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ കൂട്ടക്കൊലകൾക്ക് മറയൊരുക്കുകയും ചെയ്യുകയാണെന്നും വിമർശിച്ചു.

ജാരെഡ് കുഷ്നറും ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടന്ന നീണ്ട ചർച്ചകൾക്ക് പിന്നാലെയാണ് ഗാസയിലെ കഫേയ്ക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായതെന്നും യെമൻ മന്ത്രാലയം പറഞ്ഞു. ഗസ വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ നടപ്പാക്കാൻ അമേരിക്കയും മധ്യസ്ഥരും ഇസ്രാഈലിന് മേൽ സമ്മർദം ചെലുത്തുമെന്ന പ്രതീക്ഷ നിലനിൽക്കുന്നതിനിടെയായിരുന്നു ആക്രമണം.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസയിൽ ഏഴ് ഫലസ്തീനികൾ കൂടി കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബറിൽ ആരംഭിച്ച ഇസ്രാഈൽ ആക്രമണത്തിൽ ഗസയിലെ ആകെ മരണസംഖ്യ 73,400 കവിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി.

നിരവധി പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും റോഡുകളിലും കുടുങ്ങിക്കിടക്കുന്നതായും അവരിലേക്ക് ആംബുലൻസ്, സിവിൽ ഡിഫൻസ് സംഘങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമാണെന്നും മന്ത്രാലയം അറിയിച്ചു.

2025 ഒക്ടോബറിലെ വെടിനിർത്തൽ കരാർ ലംഘിച്ച് ഗസയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രാഈൽ സൈന്യം ഷെല്ലാക്രമണവും വെടിവയ്പും തുടരുകയാണെന്നും ഗസ ആരോഗ്യ മന്ത്രാലയം വിമർശിച്ചു. ഇതുവരെ കുറഞ്ഞത് 1,270 പേർ കൊല്ലപ്പെടുകയും 4,220ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും മന്ത്രാലയം അറിയിച്ചു.

ഗസയിലെ ഇസ്രാഈൽ ആക്രമണത്തിൽ ഇതുവരെ 73,400ലേറെ പേർ കൊല്ലപ്പെടുകയും കുറഞ്ഞത് 1,74,335 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Content Highlight:Israel’s Gaza attacks; Yemen says Arab countries are also involved.

ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.