ടി – 20 ലോകകപ്പില്‍ ഒരിക്കല്‍ കൂടി കപ്പില്‍ മുത്തമിട്ട് ഇന്ത്യന്‍ സംഘം തങ്ങളുടെ ഖ്യാതി വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. സ്വന്തം മണ്ണില്‍ കിരീടമുയര്‍ത്തി ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യം ടീം എന്ന പട്ടവും നീലപ്പട മൂന്നാം കിരീടത്തിനൊപ്പം തങ്ങളുടെ പേരില്‍ എഴുതി ചേര്‍ത്തിരിക്കുന്നു.
Photo: BCCI/x.com
മലയാളി സഞ്ജു സാംസണിന്റെ ഉഗ്രന്‍ തിരിച്ചുവരവിന് സാക്ഷിയായ ലോകകപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ സമ്മാനമാണ് നല്‍കിയത്. ഒരിക്കല്‍ കൂടി ചാമ്പ്യന്‍ പട്ടമണിഞ്ഞ് ആരാധകര്‍ക്കെല്ലാം ഓര്‍ത്ത് വെക്കാന്‍ ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിച്ചാണ് ഈ ലോകകപ്പ് പടിയിറിങ്ങിയത്.
സഞ്ജുവിന്റേത് പോലെ തന്നെ ഈ ലോകകപ്പില്‍ എടുത്ത് പറയേണ്ട, ആഘോഷിക്കപ്പെടേണ്ട ഒരാള്‍ കൂടിയുണ്ട്. ഇഷാന്‍ കിഷന്‍. ഏറെ കാലം സെലക്ടര്‍മാരുടെ റഡാറിന് പുറത്തായിരുന്ന താരം ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. താരം ലോകകപ്പ് അവസാനിപ്പിക്കുന്നത് ഇന്ത്യയുടെ രണ്ടാമത്തെയും ടൂര്‍ണമെന്റിലെ നാലാമത്തെയും റണ്‍ വേട്ടക്കാരനായാണ്.
2026 ടി – 20 ലോകകപ്പുമായി ഇഷാൻ കിഷൻ. Photo: BCCI/x.com
2023ല്‍ ബി.സി.സി.ഐയുടെ കരാറില്‍ നിന്ന് പുറത്തായ താരം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇഷാനെ തേടി ഇന്ത്യന്‍ ടീമില്‍ ഒരു അവസരം വരുന്നത്. ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയിലൂടെയായിരുന്നു ഇത്. എന്നാല്‍, രണ്ടാം വിക്കറ്റ് കീപ്പറായി മാത്രം ടീമില്‍ ഇടം പിടിച്ച താരത്തിനൊപ്പമായിരുന്നു ഭാഗ്യം.
ആ പരമ്പരയില്‍ തിലക് വര്‍മയ്ക്ക് പരിക്കേറ്റതോടെ ഇഷാന്‍ പ്ലെയിങ് ഇലവനിലുമെത്തി. അപ്പോഴും ലോകകപ്പില്‍ താരത്തിന് അവസരം ലഭിക്കില്ലെന്ന് തന്നെയായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി സഞ്ജു മോശം ഫോമിലാവുകയും ഇടം കൈയ്യന്‍ ബാറ്റര്‍ വമ്പനടിയുമായി കളം നിറഞ്ഞ് കളിച്ചതും ടീമിലേക്ക് വഴിതെളിച്ചു.
ഇഷാൻ കിഷൻPhoto: BCCI/x.com
അതോടെ ഇഷാന്‍ ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറും വിക്കറ്റ് കീപ്പറുമായി. ലോകകപ്പിലെ ഗ്രൂപ്പ് സ്റ്റേജില്‍ രണ്ട് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. അഭിഷേക് നിറം മങ്ങിയപ്പോള്‍ ജാര്‍ഖണ്ഡ് ബാറ്ററായിരുന്നു ഇന്ത്യയ്ക്ക് കരുത്തായത്. പിന്നാലെ സഞ്ജു ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ താരത്തിന് ഓപ്പണിങ് സ്ഥാനവും വിക്കറ്റ് കീപ്പിങ്ങും നഷ്ടമായി.
എന്നാല്‍, അപ്പോഴും ഇഷാന്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ഫൈനലില്‍ ഒരിക്കല്‍ കൂടി അര്‍ധ സെഞ്ച്വറിയുമായി താരം മികവ് കാട്ടി. ലോകകപ്പ് അവസാനിക്കുമ്പോള്‍ താരത്തിന്റെ സമ്പാദ്യം 317 റണ്‍സായിരുന്നു. സഞ്ജുവിന് പിന്നില്‍ ഇന്ത്യയുടെ റണ്‍ ഗെറ്റര്‍മാരില്‍ രണ്ടാമന്‍. ഇതൊരിക്കലും ആരും മനസില്‍ കരുതാത്തൊരു തിരിച്ചുവരവാണ്.
ലോകകപ്പിന് പിന്നാലെ ഐ.സി.സിയുടെ ബാറ്റിങ്ങില്‍ റാങ്കിങ്ങിലും കിഷന്‍ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. നിലവില്‍ താരം അഭിഷേകിന് പിന്നില്‍ രണ്ടാം റാങ്കുകാരനാണ്. ന്യൂസിലാന്‍ഡ് പരമ്പരയ്ക്ക് മുമ്പ് 64ാം സ്ഥാനത്തായിരുന്ന താരം വലിയ കുതിപ്പാണ് നടത്തിയത്. കിവീസിനെതിരെയുള്ള പരമ്പരയ്ക്ക് പിന്നാലെ 32ാം സ്ഥാനത്തേക്കുയര്‍ന്നു. പിന്നീട് ലോകകപ്പിലെ മികവ് താരത്തെ രണ്ടാം സ്ഥാനത്തേക്കുമെത്തിച്ചു.
Content Highlight: Ishan Kishan’s excellent performance in the T20 World Cup and in ICC batting ranking