വര്‍ഷങ്ങളായി മുംബൈയ്ക്ക് നേടാന്‍ സാധിക്കാത്തത്; രണ്ടാം മത്സരത്തിലെ വിജയിയെ തെരഞ്ഞെടുത്ത് പത്താന്‍
Cricket
വര്‍ഷങ്ങളായി മുംബൈയ്ക്ക് നേടാന്‍ സാധിക്കാത്തത്; രണ്ടാം മത്സരത്തിലെ വിജയിയെ തെരഞ്ഞെടുത്ത് പത്താന്‍
ശ്രീരാഗ് പാറക്കല്‍
Sunday, 29th March 2026, 4:00 pm

വര്‍ഷങ്ങളായി ഐ.പി.എല്‍ സീസണിലെ ആദ്യ മത്സരം ജയിക്കാന്‍ സാധിക്കാത്ത ടീമെന്ന മുംബൈയുടെ ചീത്തപ്പേര് ഇത്തവണ മാറുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈക്ക് ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തി ഈ മോശം റെക്കോഡ് മാറ്റാന്‍ കഴിയുമെന്ന് ഇര്‍ഫാന്‍ പത്താന്‍ തന്റെ യൂട്യൂബ് ചാനലില്‍ പഞ്ഞു.

‘വര്‍ഷങ്ങളായി മുംബൈയ്ക്ക് ആദ്യ മത്സരം വിജയിക്കാന്‍ സാധിച്ചിട്ടില്ല, എന്നാല്‍ ഇത്തവണ അവര്‍ വിജയിക്കും. കൊല്‍ക്കത്തയുടെ കോമ്പിനേഷനില്‍ വലിയൊരു പ്രശ്‌നമുണ്ട്. നിങ്ങള്‍ക്കറിയില്ല. പക്ഷേ മുംബൈ വിജയിക്കുമെന്ന് എനിക്ക് തോന്നുന്നു,’ അദ്ദേഹം തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ തങ്ങളുടെ ആദ്യ സീസണായ 2008 മുതല്‍ 2025 വരെയുള്ള 18 സീസണുകളില്‍ നാല് തവണ മാത്രമാണ് മുംബൈ ഇന്ത്യന്‍സിന് തങ്ങളുടെ ആദ്യ മത്സരം വിജയിക്കാന്‍ സാധിച്ചത്.

2009ല്‍ ടൂര്‍ണമെന്റിന്റെ ഓപ്പണിങ് മാച്ചില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയായിരുന്നു ടീമിന്റെ വിജയം. കേപ് ടൗണില്‍ നടന്ന മത്സരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത ഓവറില്‍ 146 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ശേഷം 2010ല്‍ രാജസ്ഥാന്‍ റോയല്‍സ്, 2011ല്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, 2012ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരോട് വിജയിച്ച മുംബൈ തുടര്‍ന്നങ്ങോട്ട് പരാജയങ്ങളുടെ ഘോഷയാത്രയ്ക്കാണ് സാക്ഷ്യം വഹിച്ചത്. തുടര്‍ച്ചയായ 13 തവണയാണ് ടീം പരാജയപ്പെട്ടത്.

എന്നാല്‍ ഇത്തവണ കരുത്തുറ്റ ടീമുമായി കളത്തിലിറങ്ങുന്ന മുംബൈ ഓപ്പണിങ് മാച്ചില്‍ വിജയിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ, ജസ്പ്രീത് ബുംറ തുടങ്ങിയ നിരവധി വമ്പന്‍ കളിക്കാരുടെ ശക്തി മുംബൈക്കുണ്ട്.

Content Highlight: Irfan Pathan Talking About Mumbai Indians

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ