ഐ.പി.എല്ലില്‍ ഇതുപോലൊരു സ്പിന്‍ ജോഡിയെ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല; പ്രശംസയുമായി പത്താന്‍
Cricket
ഐ.പി.എല്ലില്‍ ഇതുപോലൊരു സ്പിന്‍ ജോഡിയെ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല; പ്രശംസയുമായി പത്താന്‍
ശ്രീരാഗ് പാറക്കല്‍
Saturday, 28th March 2026, 7:15 am

ഐ.പി.എല്ലിന് തയ്യാറെടുക്കുന്ന ദല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനും സ്പിന്നറുമായ അക്‌സര്‍ പട്ടേലിനെക്കുറിച്ച് സംസാരിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. അക്‌സറിന് കഴിഞ്ഞ വര്‍ഷം വിക്കറ്റ് ടേക്കിക്കിങ് എബിലിറ്റി കുറവായിരുന്നെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസം തീര്‍ച്ചയായും ഉയര്‍ന്നതായിരിക്കുമെന്നും പത്താന്‍ പറഞ്ഞു. മാത്രമല്ല അക്‌സര്‍ പട്ടേലിനെയും കുല്‍ദീപ് യാദവിനെയും പോലുള്ള ഒരു സ്പിന്‍-ബൗളിങ് ജോഡിയെ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ വര്‍ഷം അക്‌സര്‍ പട്ടേലിന് വിക്കറ്റ് ടേക്കിക്കിങ് എബിലിറ്റി കുറവായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസം തീര്‍ച്ചയായും ഉയര്‍ന്നതായിരിക്കും, അദ്ദേഹം വിക്കറ്റ് വീഴ്ത്തുമെന്ന് വിശ്വസിക്കുന്നു. മാത്രമല്ല വിക്കറ്റ് എടുക്കുന്ന ബൗളറായ കുല്‍ദീപ് യാദവ് അവര്‍ക്കുണ്ട്, വിപ്രജ് നിഗമില്‍ നിന്നും പിന്തുണ ലഭിക്കും. അക്‌സര്‍ പട്ടേലിനെയും കുല്‍ദീപ് യാദവിനെയും പോലുള്ള ഒരു സ്പിന്‍-ബൗളിങ് ജോഡിയെ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല,’ ഇര്‍ഫാന്‍ പത്താന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

കുൽദീപ് യാദവും അക്സർ പട്ടേലും

ഐ.പി.എല്ലില്‍ 2014ല്‍ അരങ്ങേറ്റം കുറിച്ച താരമാണ് അക്‌സര്‍ പട്ടേല്‍. 124 ഇന്നിങ്‌സില്‍ നിന്ന് 1916 റണ്‍സ് നേടിയ അക്‌സര്‍ ബൗളിങ്ങില്‍ 159 ഇന്നിങ്‌സില്‍ നിന്ന് 128 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 2025ലെ സീസണിലാണ് അക്‌സര്‍ ദല്‍ഹിയുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. സൂപ്പര്‍ താരം കെ.എല്‍. രാഹുലിനെ മറികടന്നാണ് അക്‌സര്‍ ക്യാപ്റ്റന്‍ പട്ടം അണിഞ്ഞത്. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് വെറും അഞ്ച് വിക്കറ്റ് മാത്രമാണ് താരത്തിന് വീഴ്ത്താന്‍ സാധിച്ചത്.

അതേസമയം സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ കോമ്പിനേഷനും ദല്‍ഹിയുടെ ബൗളിങ് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. 2025ല്‍ 13.25 കോടി രൂപയ്ക്കാണ് കുല്‍ദീപിനെ ദല്‍ഹി നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 98 മത്സരങ്ങളില്‍ നിന്ന് 102 വിക്കറ്റുകളാണ് താരത്തിനുള്ളത്.

അതേസമയം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് ഐ.പി.എല്ലിന്റെ 19ാം എഡിഷനാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഉദ്ഘാടന മത്സരത്തിന് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പാണുള്ളത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയമാണ് വേദി.

 

Content Highlight: Irfan Pathan Talking About Axar Patel And Kuldeep Yadav

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ