സൈന്യത്തെ വിന്യസിക്കുകയാണെങ്കിൽ മറ്റൊരു വിയറ്റ്നാമിനെ നേരിടാൻ ഒരുങ്ങിക്കോളൂ; യു.എസിന് മുന്നറിയിപ്പുമായി ഇറാൻ
World
സൈന്യത്തെ വിന്യസിക്കുകയാണെങ്കിൽ മറ്റൊരു വിയറ്റ്നാമിനെ നേരിടാൻ ഒരുങ്ങിക്കോളൂ; യു.എസിന് മുന്നറിയിപ്പുമായി ഇറാൻ
മുഹമ്മദ് നബീല്‍
Tuesday, 17th March 2026, 5:13 pm

ടെഹ്‌റാൻ: യുദ്ധത്തിൽ കരസേനയെ വിന്യസിക്കുകയാണെങ്കിൽ അമേരിക്ക മറ്റൊരു വിയറ്റ്നാം യുദ്ധത്തിന് തയ്യാറായിക്കോളു എന്ന് മുന്നറിയിപ്പ് നൽകി ഇറാൻ വിദേശകാര്യ സഹമന്ത്രി സയീദ് ഖതീബ്സാദെഹ്.

‘വിയറ്റ്നാം യുദ്ധത്തിൽ എന്ത് സംഭവിച്ചു എന്ന് വായിച്ച് നോക്കു,’ സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

വിയറ്റ്നാമിൽ എന്താണോ സംഭവിച്ചത് അതിന് സമാനമായ തിരിച്ചടി ഇറാനിൽ നിന്നും നേരിടേണ്ടി വരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധം ആവശ്യമായ കാലത്തോളം യുദ്ധം തുടരുമെന്നും നയതന്ത്ര ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കില്ലെന്നും ഖതീബ്സാദെഹ് പറഞ്ഞു.

‘ചർച്ചകൾക്കുള്ള സാധ്യത മുതിർന്ന ഇറാനിയൻ നയതന്ത്രജ്ഞൻ തള്ളിക്കളഞ്ഞിട്ടില്ല, എന്നാൽ സംഘർഷത്തിന് അറുതി വരുത്താനുള്ള നിർദ്ദേശം മുന്നോട്ട് വെക്കേണ്ടത് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഉത്തരവാദിത്തമാണ്,’ അദ്ദേഹം പറഞ്ഞു.

‘ഇറാനുമായി ഇടപഴകുമ്പോൾ അമേരിക്ക രണ്ടുതവണ ചിന്തിക്കണം. ഇറാനെക്കുറിച്ച് അറിവില്ലാത്തവരുടെ ഉപദേശം അവർ സ്വീകരിക്കരുത്. അമേരിക്കൻ നികുതിദായകരുടെ പണവും അമേരിക്കൻ സൈനികരുടെ രക്തവും ഉപയോഗിച്ച് പതിറ്റാണ്ടുകളായി ഇറാനെതിരെ യുദ്ധം ജയിക്കാൻ ശ്രമിക്കുകയാണവർ,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എസിനെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചതായും ഖതീബ്സാദെഹ് ആരോപിച്ചു.

ഫെബ്രുവരി 28 ന് ഇസ്രഈലും അമേരിക്കയും സംയുക്തമായി ആരംഭിച്ച ആക്രമത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ അടക്കം 1300 പേർ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്.

ഇസ്രഈൽ, ജോർദാൻ, ഇറാഖ്, യു.എസ് സൈനിക കേന്ദ്രങ്ങളുള്ള ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഇറാൻ തിരിച്ചടിച്ചു.

Content Highlight: Iran warns US: Prepare for another Vietnam if it deploys troops

 

 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം