ലോകകപ്പില്‍ അമേരിക്കയുടെ വിവേചനപരമായ നടപടി; ഫിഫയ്ക്ക് പരാതി നല്‍കി ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍
World
ലോകകപ്പില്‍ അമേരിക്കയുടെ വിവേചനപരമായ നടപടി; ഫിഫയ്ക്ക് പരാതി നല്‍കി ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍
ശ്രീരാഗ് പാറക്കല്‍
Tuesday, 23rd June 2026, 8:17 am

വാഷിങ്ടണ്‍: 2026 ഫിഫ ലോകകപ്പ് ആതിഥേയ രാജ്യങ്ങളിലൊന്നായ അമേരിക്കയുടെ വിവേചനപരമായ നിലപാടിനെതിരെ ഫിഫയോട് പരാതിപ്പെട്ട് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളോടും ആതിഥേയ രാഷ്ട്രം കടമകള്‍ പാലിക്കുന്നുണ്ടെന്ന് ഫിഫ ഉറപ്പാക്കണമെന്ന് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് മഹ്ദി മുഹമ്മദ്‌നബി പറഞ്ഞു.

ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരായ മത്സരത്തിന് മുമ്പ് ഇറാനിയന്‍ കളിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ മറ്റ് ടീമുകള്‍ക്കുള്ളതുപോലെയല്ലെന്ന് മുഹമ്മദ്‌നബി പറഞ്ഞു.

മത്സര വേദികളിലെത്തുന്നതുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങളാണ് പ്രധാന പ്രശ്‌നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് ടീമുകള്‍ക്ക് മത്സരത്തിന് രണ്ട് ദിവസം മുമ്പ് വേദിയിലെത്താന്‍ കഴിയുമ്പോള്‍, ഇറാന്‍ ടീമിന് ഒരു ദിവസം മുമ്പ് മാത്രമാണ് അമേരിക്കയിലെത്താന്‍ അനുവാദമെന്ന് അദ്ദേഹും പറഞ്ഞു. ഇതുമൂലം പ്രാദേശിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും ആവശ്യമായ പരിശീലനം നടത്താനും താരങ്ങള്‍ക്ക് ലഭിക്കുന്ന സമയം കുറയുന്നുവെന്നും അത് ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഈ പ്രശ്‌നങ്ങളെക്കുറിച്ച് ഞങ്ങള്‍ ഔദ്യോഗികമായി ഫിഫയെ അറിയിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഫിഫയുടെ മറുപടി തൃപ്തികരമല്ലായിരുന്നു, ആതിഥേയ രാജ്യത്തിന് ഫിഫ അറിയിച്ചിട്ടുള്ള പ്രോട്ടോക്കോളുകള്‍ ഇറാന്‍ ടീമിന്റെ കാര്യത്തിലും നടപ്പാക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കൃത്യമായ രീതിയില്‍ ഈ വിഷയം ഫിഫ കൈകാര്യം ചെയ്യേണം,’ യാത്രാ, വിസ നിയന്ത്രണങ്ങളെ പരാമര്‍ശിച്ച് മുഹമ്മദ്നബി പറഞ്ഞു.

അമേരിക്കയും ഇറാനും തമ്മില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്താന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. നേരത്തെ ഈ സംഘര്‍ഷം ലോകകപ്പില്‍ ഇറാന്റെ പങ്കാളിത്തത്തെക്കുറിച്ചും അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു.

ലോസ് ഏഞ്ചല്‍സിലുള്ള എല്ലാ മത്സരങ്ങള്‍ക്കും ഇറാന് യാത്രാ വിലക്ക് ഉണ്ടാകുമെന്നാണ് ഫിഫ അതികൃതര്‍ പറഞ്ഞത്. സംഘര്‍ഷ പശ്ചാത്തലത്തില്‍ ഫിഫ ആതിഥേയരായ അമേരിക്ക ഇറാന് മേലെ പല മോശം നടപടികള്‍ എടുത്തതും ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഇതോടെ മെക്സിക്കോയിലാണ് ഇറാന്‍ ടീമിന് പരിശീലനത്തിന് സ്ഥലമൊരുക്കിയത്. അതുകൊണ്ട് തന്നെ മത്സര തലേദിവസം തന്നെ ലോസ് ഏഞ്ചല്‍സിലേക്ക് ഏറെ ദൂരം യാത്ര ചെയ്ത് എത്തുന്നത് ടീമിലെ താരങ്ങള്‍ മാനസികമായും ശാരീരികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു.

മാത്രമല്ല ടൂര്‍ണമെന്റിനായി തെരഞ്ഞെടുക്കപ്പെട്ട ഒരു സൊമാലിയന്‍ റഫറിക്ക് ആവശ്യമായ രേഖകള്‍ ഉണ്ടായിരുന്നിട്ടും പ്രവേശനം നിഷേധിക്കപ്പെട്ടതും വിവിധ രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍, ഉദ്യോഗസ്ഥര്‍, ആരാധകര്‍ എന്നിവര്‍ക്ക് കര്‍ശന പരിശോധനകള്‍, വിസാ നടപടികളിലെ കാലതാമസം തുടങ്ങിയ അമേരിക്കന്‍ നടപടികള്‍ വിലയ ചര്‍ച്ചയായിരുന്നു.

Content Highlight: Iran Football Federation files complaint to FIFA over US discriminatory action at World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ