ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വിജയം സ്വന്തമാക്കിയിരുന്നു. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ടീമിന്റെ വിജയം. ബൗളര്‍മാര്‍ കരുത്തിലാണ് ആര്‍.സി.ബി ആറാം വിജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 75 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ബെംഗളൂരു ഈ സ്‌കോര്‍ 81 പന്തുകള്‍ ബാക്കി നില്‍ക്കെ തന്നെ മറികടന്നു.
മത്സരത്തില്‍ ഭുവനേശ്വര്‍ കുമാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. മൂന്ന് ഓവര്‍ എറിഞ്ഞ താരം വീഴ്ത്തിയത് മൂന്ന് വിക്കറ്റുകളാണ്. വെറും അഞ്ച് റണ്‍സ് മാത്രം വിട്ടുനല്‍കിയായിരുന്നു താരത്തിന്റെ ഈ പ്രകടനം. 1.67 എക്കോണമിയില്‍ പന്തെറിഞ്ഞാണ് പേസര്‍ ദല്‍ഹിയെ തരിപ്പണമാക്കിയത്.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഭുവനേശ്വർ കുമാർ. Photo: IndianPremierLeague/x.com
ഇതോടെ ഒരു സൂപ്പര്‍ നേട്ടവും ഭുവി സ്വന്തമാക്കി. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ മൂന്ന് വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളില്‍ മൂന്നാമതെത്താനാണ് താരത്തിന് സാധിച്ചത്. 20 ഇന്നിങ്സിലാണ് താരം വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ളത്.
ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗയെ മറികടന്നാണ് ഭുവിയുടെ ഈ നേട്ടം. ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ശ്രീലങ്കന്‍ സീമര്‍ 19 തവണയാണ് മൂന്ന് വിക്കറ്റുകള്‍ നേടിയിട്ടുള്ളത്. ഈ നേട്ടത്തില്‍ ഒന്നാമത് ഐ.പി.എല്‍ 25 തവണ മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ജസ്പ്രീത് ബുംറയാണ്.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരങ്ങള്‍, എണ്ണം
ജസ്പ്രീത് ബുംറ – 25
യുസ്വേന്ദ്ര ചഹല്‍ – 22
ഭുവനേശ്വര്‍ കുമാര്‍ – 20
ലസിത് മലിംഗ – 19
മത്സരത്തില്‍ ഭുവിക്ക് പുറമെ ജോഷ് ഹെയ്‌സല്‍വുഡും തിളങ്ങി. താരം 12 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്.ഇവര്‍ക്ക് പുറമെ കുണാല്‍ പാണ്ഡ്യ, സുയാഷ് ശര്‍മ, റാസിഖ് സലാം എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

ജോഷ് ഹെയ്സൽവുഡ്. Photo: IndianPremierLeague/x.com
ബെംഗളൂരുവിനായി ബാറ്റിങ്ങില്‍ ദേവ്ദത്ത് പടിക്കല്‍ 13 പന്തില്‍ 34 റണ്‍സുമായും വിരാട് കോഹ്ലി 15 പന്തില്‍ 23 റണ്‍സും നേടി പുറത്താവാതെ നിന്നു. ജേക്കബ് ബേഥല്‍ 11 പന്തില്‍ 20 റണ്‍സും സംഭാവന ചെയ്തു.
ദല്‍ഹി നിരയില്‍ അഭിഷേക് പോറല്‍ (33 പന്തില്‍ 30), ഡേവിഡ് മില്ലര്‍ (18 പന്തില്‍ 19), കെയ്ല്‍ ജാമിസണ്‍ (13 പന്തില്‍ 12) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ബൗളിങ്ങില്‍ ജാമിസണ്‍ ഒരു വിക്കറ്റും വീഴ്ത്തി.
Content Highlight: IPL 2026: RCB vs DC: Bhuvneshwar Kumar surpassed Lasith Malinga in most three wicket hauls in IPL
