ബാറ്റെടുക്കും മുമ്പേ 'സെഞ്ച്വറി'യടിച്ച് ശ്രേയസ്; സ്വന്തമാക്കിയത് സൂപ്പര്‍ മൈല്‍സ്റ്റോണ്‍
Cricket
ബാറ്റെടുക്കും മുമ്പേ 'സെഞ്ച്വറി'യടിച്ച് ശ്രേയസ്; സ്വന്തമാക്കിയത് സൂപ്പര്‍ മൈല്‍സ്റ്റോണ്‍
ഫസീഹ പി.സി.
Sunday, 17th May 2026, 4:12 pm

ഐ.പി.എല്ലില്‍ ഒരു തകര്‍പ്പന്‍ നാഴികക്കല്ല് പൂര്‍ത്തിയാക്കി പഞ്ചാബ് കിങ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ഐ.പി.എല്ലില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ 100 മത്സരങ്ങള്‍ എന്ന മൈല്‍സ്റ്റോണാണ് താരം പിന്നിട്ടത്. ധര്‍മശാല സ്റ്റേഡിയത്തില്‍ ഇപ്പോള്‍ നടക്കുന്ന പഞ്ചാബ് കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തില്‍ കളത്തിലിറങ്ങിയതോടെയാണ് താരം ഈ നേട്ടം തന്റെ പേരില്‍ കുറിച്ചത്.

ടൂര്‍ണമെന്റില്‍ മൂന്ന് ടീമുകളുടെ നായകകുപ്പായമണിഞ്ഞാണ് ശ്രേയസ് ഈ നേട്ടം കൈപിടിയിലൊതുക്കിയത്. താരം ക്യാപ്റ്റന്‍സി കരിയര്‍ ആരംഭിച്ചത് ദല്‍ഹി ക്യാപ്റ്റന്‍സിലൂടെയാണ്. പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിച്ച് കിരീടം നേടികൊടുത്തതിന് പിന്നാലെ പഞ്ചാബിലേക്ക് ചേക്കേറി. പഞാബിനൊപ്പമുള്ള തന്റെ ആദ്യ സീസണ്‍ മുതല്‍ 31 കാരന്‍ ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കുകയും ചെയ്തു.

ശ്രേയസ് അയ്യർ. Photo: IndianPremierLeague/x.com

ഇതോടെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ മത്സരങ്ങളില്‍ ‘സെഞ്ച്വറി’ അടിക്കുന്ന അഞ്ചാമത്തെ താരമായി ശ്രേയസ്. എം.എസ്. ധോണി, രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഗൗതം ഗംഭീര്‍ എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു ആറ് ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 61 റണ്‍സെടുത്തിട്ടുണ്ട്. 15 പന്തില്‍ 24 റണ്‍സെടുത്ത വിരാട് കോഹ്ലിയും 14 പന്തില്‍ 23 റണ്‍സ് നേടിയ ദേവദത്തത് പടിക്കലുമാണ് ക്രീസിലുള്ളത്.

ഓപ്പണര്‍ ജേക്കബ് ബേഥലിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. ഏഴ് പന്തില്‍ 11 റണ്‍സെടുത്തായിരുന്നു താരത്തിന്റെ മടക്കം. ഹര്‍പ്രീത് ബ്രാറിനാണ് വിക്കറ്റ്.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

ജേക്കബ് ബേഥല്‍, വിരാട് കോഹ്ലി, ദേവദത്ത് പടിക്കല്‍, വെങ്കിടേഷ് അയ്യര്‍, ജിതേഷ് ശര്‍മ (ക്യാപ്റ്റന്‍& വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, ജോഷ് ഹെയ്‌സല്‍വുഡ്.

പഞ്ചാബ് കിങ്സ് പ്ലെയിങ് ഇലവന്‍

പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), കൂപ്പര്‍ കനോലി, സൂര്യാന്‍ഷ് ഷെഡ്ജെ, ശശാങ്ക് സിങ്, അസ്മത്തുള്ള ഒമര്‍സായ്, ഹര്‍പ്രീത് ബ്രാര്‍, ലോക്കി ഫെര്‍ഗൂസന്‍, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍.

Content Highlight: IPL 2026: PBKS vs RCB: Shreyas Iyer completed 100 matches in IPL as captain

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി