ഐ.പി.എല്‍ 2026ല്‍ പഞ്ചാബ് കിങ്സ് ആദ്യ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. തങ്ങളുടെ തട്ടകമായ മുല്ലാന്‍പ്പൂരില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ടീം നേരിട്ടത്. ഇപ്പോള്‍ ഈ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുരളി കാര്‍ത്തിക്.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ സ്ലോ ബാറ്റിങ്ങാണ് ടീമിന്റെ തോല്‍വിയില്‍ നിര്‍ണായകമായതെന്ന് അദ്ദേഹം പറഞ്ഞു. അയ്യര്‍ പതിവിന് വിപരീതമായി സ്പിന്നര്‍മാര്‍ക്കെതിരെ ബുദ്ധിമുട്ടിയതും മധ്യനിരയില്‍ അധികം റണ്‍സ് കണ്ടെത്താന്‍ സാധിക്കാത്തതും വിനയായെന്നും മുരളി കാര്‍ത്തിക് ക്രിക്ബസിലെ ഒരു ചര്‍ച്ചക്കിടെ കൂട്ടിച്ചേര്‍ത്തു.
മുരളി കാർത്തിക്.
‘ഇത്തരമൊരു മത്സരത്തില്‍ തോല്‍വിക്ക് കാരണമെന്താണ്? എന്റെ അഭിപ്രായത്തില്‍ ശ്രേയസ് അയ്യര്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയതാണ് മത്സരത്തില്‍ നിര്‍ണായകമായത്. നമ്മള്‍ എന്താണ് അയ്യരില്‍ ഇന്ന് പ്രതീക്ഷിക്കുന്നത്?
അവന്‍ കളിക്കാനെത്തുമ്പോള്‍ നിലവില്‍ ഫോമില്‍ സ്പിന്നര്‍മാരെ പ്രഹരിക്കുമെന്നാണ് നമ്മള്‍ കരുതിയത്. എന്നാല്‍, രാജസ്ഥാനെതിരെ ശ്രേയസിന് അതിന് സാധിച്ചില്ല. അവന്റെ സ്‌ട്രൈക്ക് റേറ്റ് 111 – 115 ആയിരുന്നു. അതാണ് മത്സരത്തിന്റെ അവസാനം പ്രധാനമായത്.
ശ്രേയസ് അയ്യർ. Photo: IndianPremierLeague/x.com
പഞ്ചാബിനായി ബാറ്റിങ് ചെയ്തവരില്‍ ഒട്ടുമിക്കവരും 260 – 280 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തവരായിരുന്നു. എന്നാല്‍, മധ്യനിരയില്‍ ഒരു 20 റണ്‍സെങ്കിലും എടുക്കാന്‍ സാധിക്കുന്ന ബാറ്റര്‍മാര്‍ ബുദ്ധിമുട്ടി,’ മുരളി കാര്‍ത്തിക് പറഞ്ഞു.
രാജസ്ഥാനെതിരെ നാലാമനായി ഇറങ്ങിയ ശ്രേയസ് 27 പന്തുകള്‍ നേരിട്ട് വെറും 30 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. ഒരു ഫോറും സിക്സും മാത്രമാണ് താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്. പൊതുവെ മികച്ച പ്രകടനം നടത്തുന്ന താരത്തിന്റെ കഴിഞ്ഞ ദിവസത്തെ സ്‌ട്രൈക്ക് റേറ്റ് വെറും 111. 11 ആയിരുന്നു.
Content Highlight: IPL 2026: Murali Karthik says that Shreyas Iyer’s batting is the reason for the loss of Punjab Kings against Rajasthan Royals