അയ്യയ്യേ മുംബൈ; വമ്പന്‍ തോല്‍വിക്കൊപ്പം നാണക്കേടും
Cricket
അയ്യയ്യേ മുംബൈ; വമ്പന്‍ തോല്‍വിക്കൊപ്പം നാണക്കേടും
ഫസീഹ പി.സി.
Thursday, 30th April 2026, 8:58 am

മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഒരിക്കല്‍ കൂടി പരാജയമേറ്റുവാങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിന് മുന്നിലാണ് ടീം മുട്ടുമടക്കിയത്. സ്വന്തം തട്ടകമായ വാംഖഡെയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ടീമിന്റെ തോല്‍വി.

മത്സരത്തില്‍ റിയാന്‍ റിക്കിട്ടണിന്റെ സെഞ്ച്വറി കരുത്തില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും മുംബൈയ്ക്ക് ഹൈദരാബാദിന്റെ ബാറ്റിങ്ങ് കരുത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നു. ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ ബുദ്ധിമുട്ടിയതും ഫീല്‍ഡിങ്ങിലെ പിഴവുകളും ടീമിന് വിനയാവുകയായിരുന്നു.

മുംബൈ ഇന്ത്യൻസ്. Photo: Mint

ഇത് സീസണിലെ മുംബൈയുടെ ആറാമത്തെ തോല്‍വിയാണ്. സ്വന്തം ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ നാലാമത്തേതും. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടാണ് ആദ്യം മുംബൈ അടിയറവ് പറഞ്ഞത്. ഏപ്രില്‍ 12ന് നടന്ന മത്സരത്തില്‍ 18 റണ്‍സിനായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ തോല്‍വി.

പിന്നീട് മികച്ച ഫോമിലുള്ള പഞ്ചാബ് കിങ്സ് മുംബൈയെ നേരിടാന്‍ വാംഖഡെയിലെത്തി. ആ മത്സരത്തില്‍ 200 റണ്‍സിന് അടുത്തെടുത്തിട്ടും ദില്‍ സേ ആര്‍മി പരാജയം രുചിച്ചു. ഹോം ഗ്രൗണ്ടിലെ അടുത്ത എതിരാളികള്‍ ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്സായിരുന്നു.

അന്ന് മലയാളി താരം സഞ്ജു സാംസണ്‍ സെഞ്ച്വറിയടിച്ച് താണ്ഡവമാടിയപ്പോള്‍ മുംബൈ വീണ്ടും വിറച്ചു. ബൗളര്‍മാര്‍ കൂടി തിളങ്ങിയതോടെ കനത്ത തോല്‍വി തന്നെ ടീം നേരിട്ടു. ഇപ്പോള്‍ ഹൈദരാബാദും മുംബൈയുടെ കോട്ടയില്‍ വെച്ച് തന്നെ മുന്‍ ചാമ്പ്യന്മാരെ തകര്‍ത്തെറിഞ്ഞിരിക്കുന്നു.

മുംബൈ ഇന്ത്യൻസ്. Photo: IndianPremierLeague/x.com

ഇതോടെ ഒരു നാണക്കേട് കൂടിയാണ് മുംബൈ തങ്ങളുടെ പേരിനൊപ്പം ചേര്‍ത്തത്. ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ടീം ഒരു സീസണില്‍ വാംഖഡെയില്‍ തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ പരാജയപ്പെടുന്നത്. മുമ്പ് ഹോം ഒരുമിച്ച് രണ്ട് തോല്‍വികളുണ്ടായിട്ടുണ്ട്. എന്നാല്‍, ഇങ്ങനെയൊരു സീസണ്‍ ഫ്രാഞ്ചൈസി ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

ഐ.പി.എല്ലില്‍ മുമ്പ് മുംബൈ തുടര്‍ച്ചയായ നാല് ഹോം മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയിട്ടുണ്ട്. എന്നാലത് രണ്ട് വ്യത്യസ്ത സീസണുകളിലായിരുന്നു. 2017ലും 2018 സീസണിലുമായിരുന്നു ഈ തോല്‍വികള്‍.

 

Content Highlight: IPL 2026: Mumbai Indians lost four consecutive matches in a single season at Wankhede for the first time

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി