നാണക്കേടില്‍ നിന്ന് അശ്വിനെ രക്ഷിച്ച് ഗെയ്ക്വാദ്; അനാവശ്യ നേട്ടത്തില്‍ നാലാമനായി ചെന്നൈ ക്യാപ്റ്റന്‍
Cricket
നാണക്കേടില്‍ നിന്ന് അശ്വിനെ രക്ഷിച്ച് ഗെയ്ക്വാദ്; അനാവശ്യ നേട്ടത്തില്‍ നാലാമനായി ചെന്നൈ ക്യാപ്റ്റന്‍
ഫസീഹ പി.സി.
Friday, 22nd May 2026, 8:06 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് പരാജയം ഏറ്റുവാങ്ങിയിരുന്നു. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് 89 റണ്‍സിസാണ് ടീം അടിയറവ് പറഞ്ഞത്.

ഗുജറാത്ത് ഉയര്‍ത്തിയ 230 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 140 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. അതോടെ ടൂര്‍ണമെന്റില്‍ നിന്നും ടീം പുറത്തായി.

ഋതുരാജ് ഗെയ്ക്വാദ്. Photo: The Cricket Panda/x.com

ഇതോടെ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് ഒരു നാണക്കേടും തന്റെ പേരിനൊപ്പം ചേര്‍ത്തു. ഐ.പി.എല്ലില്‍ ഒരു ടീമിനായി ഏറ്റവും കുറഞ്ഞ വിജയശതമാനമുള്ള നാലാമത്തെ ക്യാപ്റ്റന്‍ എന്ന അനാവശ്യ നേട്ടമാണ് താരം കുറിച്ചത്. 42.42 ശതമാനമാണ് ഗെയ്ക്വാദിനുള്ളത്.

സ്പിന്‍ ഇതിഹാസം ആര്‍. അശ്വിനെ പിന്തള്ളിയാണ് ഗെയ്ക്വാദ് നാലാം സ്ഥാനത്തെത്തിയത്. കിങ്സ് ഇലവന്‍ പഞ്ചാബിനെ നയിച്ചിരുന്ന അശ്വിന് 42.85 വിജയശതമാനമുള്ളത്.

ഐ.പി.എല്ലില്‍ ഒരു ടീമിനായി ഏറ്റവും കുറഞ്ഞ വിജയശതമാനമുള്ള ക്യാപ്റ്റന്മാര്‍ (കുറഞ്ഞത് 25 മത്സരങ്ങള്‍)

(വിജയശതമാനം – താരം – ടീം എന്നീ ക്രമത്തില്‍)

32.00 – കുമാര്‍ സംഗക്കാര – ഡെക്കാന്‍ ചാര്‍ജേഴ്‌സ്

37.04 – റിഷബ് പന്ത് – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്

39.47 – ഹര്‍ദിക് പാണ്ഡ്യ – മുംബൈ ഇന്ത്യന്‍സ്

42.42 – ഋതുരാജ് ഗെയ്ക്വാദ് – ചെന്നൈ സൂപ്പര്‍ കിങ്സ്

42.85 – ആര്‍. അശ്വിന്‍ – കിങ്സ് ഇലവന്‍ പഞ്ചാബ്

മത്സരത്തില്‍ ചെന്നൈ നിരയില്‍ ശിവം ദുബെയാണ് മികച്ച പ്രകടനം നടത്തിയത്. ദുബെ 17 പന്തില്‍ 47 റണ്‍സെടുത്ത് ടോപ് സ്‌കോററായി. മാറ്റ് ഷോര്‍ട്ട് 14 പന്തില്‍ 24 റണ്‍സ് സംഭാവന ചെയ്തു. സഞ്ജുവടക്കമുള്ളവര്‍ നിരാശപ്പെടുത്തി.

ഗുജറാത്തിനായി മുഹമ്മദ് സിറാജ്, കാഗീസോ റബാദ, റഷീദ് ഖാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതമെടുത്തു.

ഗുജറാത്തിന് വേണ്ടി സായ് സുദര്‍ശന്‍ 53 പന്തില്‍ 84 റണ്‍സും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 37 പന്തില്‍ 67 റണ്‍സും എടുത്ത് മികവ് പുലര്‍ത്തി. ജോസ് ബട്‌ലര്‍ 27 പന്തില്‍ പുറത്താകാതെ 57 റണ്‍സ് നേടി.

ചെന്നൈക്ക് വേണ്ടി മുകേഷ് ചൗധരി, സ്പെന്‍സര്‍ ജോണ്‍സണ്‍, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

Content Highlight: IPL 2026: GT vs CSK: Ruturaj Gaikwad surpassed R Ashwin in lowest win% as an IPL Captain for a team

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി