ഗുജറാത്തിന് സന്തോഷ വാര്‍ത്ത; സംഭവമിങ്ങനെ...
Cricket
ഗുജറാത്തിന് സന്തോഷ വാര്‍ത്ത; സംഭവമിങ്ങനെ...
ഫസീഹ പി.സി.
Tuesday, 7th April 2026, 10:27 pm

ഐ.പി.എല്‍ 2026ല്‍ മൂന്നാം മത്സരത്തിനായി തയ്യാറെടുക്കുന്ന മുന്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് ആശ്വാസം. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ അടുത്ത മത്സരത്തില്‍ കളത്തിലിറങ്ങും.

ഗില്‍ നാളെ (ഏപ്രില്‍ 8) ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ ടീമിനൊപ്പം ഉണ്ടാകുമെന്ന് ഓപ്പണര്‍ സായ് സുദര്‍ശന്‍ സ്ഥിരീകരിച്ചു. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് ഈ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

‘ശുഭ്മന്റെ കാര്യത്തില്‍ നല്ല പുരോഗതിയുണ്ട്. അവന്‍ നാളെ കളിക്കും,’ സായ് സുദര്‍ശന്‍ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഗുജറാത്ത് ടൈറ്റന്‍സിന്റെ രണ്ടാം മത്സരത്തില്‍ ഗില്‍ കളിച്ചിരുന്നില്ല. പേശി വേദന കാരണമാണ് താരത്തിന് രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരം നഷ്ടമായത്.

ആര്‍.ആറിനെതിരെയുള്ള മത്സരത്തില്‍ ഗില്ലിന്റെ അഭാവത്തില്‍ റാഷിദ് ഖാനായിരുന്നു ഗുജറാത്തിനെ നയിച്ചത്. അഹമ്മദാബാദില്‍ നടന്ന ഈ മത്സരത്തില്‍ ആതിഥേയര്‍ ആറ് റണ്‍സിന് പരാജയപ്പെട്ടിരുന്നു.

ഗുജറാത്തിന് ഇതുവരെ സീസണില്‍ വിജയിക്കാന്‍ സാധിച്ചിട്ടില്ല. പഞ്ചാബ് കിങ്‌സിനെതിരെയുള്ള ആദ്യ മത്സരത്തിലും ടീം പരാജയം ഏറ്റുവാങ്ങിയിരുന്നു. സീസണ്‍ ഓപ്പണറില്‍ മൂന്ന് വിക്കറ്റിനായിരുന്നു ടീമിന്റെ തോല്‍വി.

പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ ഗില്‍ കളിച്ചിരുന്നു. അതില്‍ 27 പന്തില്‍ താരം 39 റണ്‍സെടുത്തിരുന്നു. ഗില്‍ ആയിരുന്നു ഈ മത്സരത്തില്‍ ടീമിന്റെ ടോപ് സ്‌കോറര്‍.

ശുഭ്മൻ ഗിൽ.

അതിനാല്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്തിന് ഗില്ലിന്റെ മടങ്ങി വരവ് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. മത്സരത്തില്‍ സീസണിലെ ആദ്യ വിജയം തേടിയാണ് ഗില്ലും സംഘവും ഇറങ്ങുന്നത്.

നിലവില്‍ ഗുജറാത്ത് പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്. ഇതുവരെ ജയിക്കാന്‍ സാധിക്കാത്തതിനാല്‍ ടീമിന് പോയിന്റ് ഒന്നും സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. -0. 424 ആണ് മുന്‍ ചാമ്പ്യന്മാരുടെ നെറ്റ് റണ്‍റേറ്റ്.

 

Content Highlight: IPL 2026: GT’s captain Shubhman Gill will play against Delhi Capitals

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി