ചിന്നത്തലയുടെ റെക്കോഡ് ഇനി പഴങ്കഥ; ചരിത്രം കുറിച്ച് മാഹ്‌ത്രെ
Cricket
ചിന്നത്തലയുടെ റെക്കോഡ് ഇനി പഴങ്കഥ; ചരിത്രം കുറിച്ച് മാഹ്‌ത്രെ
ഫസീഹ പി.സി.
Friday, 3rd April 2026, 9:00 pm

ചെപ്പോക്കില്‍ ചരിത്രം കുറിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് യുവതാരം ആയുഷ് മാഹ്‌ത്രെ. സി.എസ്.കെക്കായി ചെപ്പോക്കില്‍ 50+ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടമാണ് 18കാരന് സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് ആയുഷിന്റെ ഈ നേട്ടം. 18 വയസും 261 ദിവസവും പ്രായമുള്ളപ്പോളാണ് താരം ചെപ്പോക്കിലെ തന്റെ ആദ്യ അര്‍ധ സെഞ്ച്വറി കുറിച്ചത്.

ആയുഷ് മാഹ്ത്രെ. Photo: IndianPremierLeague/x.com

ഇതോടെയാണ് ആയുഷിനെ ഈ നേട്ടം തേടിയെത്തിയത്. നേരത്തെ സുരേഷ് റെയ്‌നയുടെ പേരിലായിരുന്നു ഈ നേട്ടം. ചെപ്പോക്കില്‍ അര്‍ധ സെഞ്ച്വറി നേടുമ്പോള്‍ 21 വയസും 148 ദിവസവുമായിരുന്നു ചിന്നത്തലയുടെ പ്രായം. അതാണ് ഇപ്പോള്‍ ആയുഷ് പഴങ്കഥയാക്കിയത്.

മത്സരത്തില്‍ ആയുഷ് 43 പന്തില്‍ 73 റണ്‍സ് സ്‌കോര്‍ ചെയ്ത് മടങ്ങി. നേരിട്ട 29ാം പന്തിലായിരുന്നു താരം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. അഞ്ച് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ആയുഷിന് പുറമെ ചെന്നൈക്ക് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെയും സഞ്ജു സാംസണിന്റെയും കാര്‍ത്തിക് ശര്‍മയുടെയും വിക്കറ്റുകളും നഷ്ടമായി. ഗെയ്ക്വാദ് 22 പന്തില്‍ 28 റണ്‍സെടുത്തപ്പോള്‍ ഏഴ് പന്തില്‍ ഏഴ് റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. മൂന്ന് പന്തില്‍ ഒരു റണ്‍സുമായാണ് കാര്‍ത്തിക്കിന്റെ മടക്കം.

നിലവില്‍ ചെന്നൈ 14 ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തിട്ടുണ്ട്. ശിവം ദുബെയും (എട്ട് പന്തില്‍ ഒമ്പത്) സര്‍ഫറാസ് ഖാനാണ് (രണ്ട് പന്തില്‍ പൂജ്യം) ക്രീസിലുള്ളത്.

പഞ്ചാബിനായി യുസ്വേന്ദ്ര ചഹല്‍, വിജയകുമാര്‍ വൈശാഖ്, മാര്‍ക്കോ യാന്‍സന്‍, സേവ്യര്‍ ബാര്‍ട്ട്‌ലറ്റ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലെയിങ് ഇലവന്‍

ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ആയുഷ് മാഹ്‌ത്രെ, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, കാര്‍ത്തിക് ശര്‍മ, പ്രശാന്ത് വീര്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ്, മാറ്റ് ഹെന്റി, ഖലീല്‍ അഹമ്മദ്.

പഞ്ചാബ് കിങ്സ് പ്ലെയിങ് ഇലവന്‍

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കനോലി, ശശാങ്ക് സിങ്, നേഹല്‍ വധേര, മാര്‍ക്കസ് സ്റ്റോയ്നിസ്, മാര്‍ക്കോ യാന്‍സന്‍, സേവ്യര്‍ ബാര്‍ട്ട്‌ലറ്റ്, വിജയ്കുമാര്‍ വൈശാഖ്, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍.

Content Highlight: IPL 2026: CSK vs PBKS: Ayush Mhatre became youngest to Score 50+ at Chepauk for CSK by surpassing Suresh Raina

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി