ഐ.പി.എല്‍ മെഗാ താര ലേലത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. നവംബര്‍ 24, 25 തിയ്യതികളില്‍ ജിദ്ദയില്‍ വെച്ചാണ് താര ലേലം അരങ്ങേറുന്നത്.
ക്രിക്കറ്റ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണും ഇത്തവണ ഐ.പി.എല്‍ താരലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1.50 കോടി രൂപ അടിസ്ഥാന വിലയ്ക്കാണ് ജിമ്മി ഐ.പി.എല്ലിനെത്തുന്നത്. ഇതാദ്യമായാണ് ആന്‍ഡേഴ്‌സണ്‍ ഐ.പി.എല്ലിന്റെ ഭാഗമാകാനൊരുങ്ങുന്നത്.

താരത്തെ ഏത് ടീം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്നത്. ഏതൊരു ടീമിന്റെയും ബൗളിങ് യൂണിറ്റിന്റെ ശക്തി ഇരട്ടിയാക്കാന്‍ പോന്നവനാണ് ഇംഗ്ലണ്ടിന്റെ ഈ വെറ്ററന്‍ ബൗളര്‍.
ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം. ജിദ്ദയില്‍ നടക്കുന്ന താരലേലത്തെ സംബന്ധിച്ചുള്ള പോസ്റ്റാണ് രാജസ്ഥാന്‍ പങ്കുവെച്ചിരിക്കുന്നത്.
ജെയിംസ് ആന്‍ഡേഴ്‌സണിന്റെ സിലൗട്ട് ചിത്രമാണ് രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഐക്കോണിക് ബൗളിങ് ആക്ഷനാണ് രാജസ്ഥാന്‍ പങ്കുവെച്ചിരിക്കുന്നത്.
