കല്‍പ്പറ്റ: 2003ല്‍ നടന്ന മുത്തങ്ങ സമരത്തിന് നേര്‍ക്കുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട തന്റെ പിതാവ് യോഗിക്ക് 23 വര്‍ഷമായിട്ടും നീതി ലഭിച്ചിട്ടില്ലെന്ന് മകന്‍ ശിവന്‍ യോഗി. തന്റെ പിതാവിന്റെ മരണത്തില്‍ ശരിയായ അന്വേഷണം പോലും നടന്നിട്ടില്ലെന്നും നീതി ആവശ്യപ്പെട്ട് കൂടുതല്‍ നിയമ നടപടികളിലേക്ക് തങ്ങള്‍ പോകാനുദ്ദേശിക്കുന്നതായും അദ്ദേഹം ഡൂള്‍ന്യൂസിനോട് സംസാരിക്കവെ വ്യക്തമാക്കി.

(യോഗി എന്നാണ് തന്റെ പിതാവിന്റെ യഥാര്‍ത്ഥ പേരെന്നും ജോഗി എന്ന് തെറ്റായാണ് അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ചിരുന്നതെന്നും ശിവന്‍ യോഗി ഡൂള്‍ന്യൂസിനോട് സംസാരിക്കവെ പറഞ്ഞിരുന്നു.)

തന്റെ പിതാവിന്റെ മരണത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെങ്കിലും അന്വേഷണമൊന്നും നടന്നിട്ടില്ലെന്ന് ശിവന്‍ യോഗി പറഞ്ഞു. ’23 വര്‍ഷമായിട്ടും യോഗിയുടെ മരണത്തില്‍ അന്വേഷണം നടന്നിട്ടില്ല. അച്ഛന്‍ എങ്ങനെ മരിച്ചു എന്ന് വ്യക്തമാക്കാന്‍ അന്വേഷണം നടന്നിട്ടില്ല. അന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പക്ഷേ അന്വേഷണം നടന്നിട്ടില്ല,’ ശിവന്‍ യോഗി പറഞ്ഞു.

അന്വേഷണം നടക്കണമെങ്കില്‍ പൊലീസ് യോഗിയുടെ വീട്ടില്‍ വന്ന് അന്വേഷിക്കേണ്ടതല്ലേ. 23 വര്‍ഷത്തിനിടെ ഒരു തവണ പോലും ഈ കേസ് അന്വേഷണത്തിനായി പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ വീട്ടില്‍ വന്നിട്ടില്ലെന്നും ശിവന്‍ യോഗി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

തനിക്ക് 14 വയസുള്ളപ്പോഴായിരുന്നു വെടിവെപ്പുണ്ടായതെന്ന് ശിവന്‍ യോഗി ഓര്‍ത്തെടുത്തു. ’23 വര്‍ഷമായി മുത്തങ്ങ സമരം നടന്നിട്ട്. അന്ന് എനിക്ക് 14 വയസായിരുന്നു. അവിടെ ഭൂസമരത്തിനായിട്ടായിരുന്നു ഞാനും അച്ഛനും പോയത്. പിന്നീട് മുത്തങ്ങ വെടിവെപ്പുണ്ടായി. അച്ഛന്‍ അതില്‍ കൊല്ലപ്പെട്ടു,’ അദ്ദേഹം പറഞ്ഞു.

യോഗിയുടെ കൊലപാതകത്തില്‍ ഒരു കേസും പൊലീസ് എടുത്തിട്ടില്ല. എഫ്.ഐ.ആര്‍ ഇടുക മാത്രമാണ് ചെയ്തത്. പൊലീസുകാരന്‍ മരിച്ചതിന് മാത്രം നീതി കിട്ടിയാല്‍ പോരല്ലോ. യോഗി മരിച്ചതിലും നീതി ലഭിക്കേണ്ടതല്ലേ എന്നും ശിവന്‍ യോഗി ചോദിച്ചു.

മുത്തങ്ങ സമരകാലത്തെ പൊലീസ് അതിക്രമങ്ങളിലും പൊലീസ് വെടിവെപ്പിനും ഇരയായവര്‍ക്ക് നീതി ആവശ്യപ്പെട്ട് മുത്തങ്ങ ഐക്യദാഢ്യ സമിതി ആദിവാസി ദിനമായ ഓഗസ്റ്റ് ഒമ്പത് മുതല്‍ സമര പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒമ്പതിന് സുല്‍ത്താന്‍ ബത്തേരി ജോഗി നഗറില്‍ ദലിത് – ആദിവാസി സംഗമം സംഘടിപ്പിക്കും.

‘മുത്തങ്ങ നീതിക്കായി ദളിത് ആദിവാസി സംഗമവും അവകാശ പ്രഖ്യാപനവും ,’ എന്ന പേരിലാണ് പരിപാടി. ആദിവാസി ഗോത്ര മഹാസഭ, അംബേദ്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട്, ആദിശക്തി സമ്മര്‍ സ്‌കൂള്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് മുത്തങ്ങ ഐക്യദാര്‍ഢ്യ സമിതി രൂപീകരിച്ചിട്ടുള്ളത്.