കോഴിക്കോട്: ന്യൂനപക്ഷ താല്‍പര്യം സംരക്ഷിക്കുന്നവരാണെന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ലീഗ് സാമുദായിക പേര് ഉപേക്ഷിച്ച് ന്യൂനപക്ഷങ്ങളോട് മാപ്പു പറയണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എന്‍.കെ അബ്ദുല്‍ അസീസ്. കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വമാണ് കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന ജനതാദള്‍ (യു) നേതാവ് വര്‍ഗീസ് ജോര്‍ജിന്റെ പ്രസ്താവന യു.ഡി.എഫിന്റെ പൊയ്മുഖം വലിച്ചുകീറുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഘര്‍വാപ്പസി, ബീഫ് നിരോധനം, എന്നിവയിലൂടെ കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. കേരളത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചേര്‍ന്ന് രാഷ്ട്രീയ മുന്നേറ്റത്തിനു ശ്രമിക്കുന്നു. കോണ്‍ഗ്രസിന്റെ നിലപാട് മൃദു ഹിന്ദുത്വമാണെന്ന നിലപാട് ഈ അവസ്ഥയില്‍ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പിനുശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്റിന് അയച്ചുവെന്നു പറയുന്ന കത്തില്‍ ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായി കാര്യം നേടുന്നതിനാല്‍ ഭൂരിപക്ഷ സമുദായം യു.ഡി.എഫില്‍ നിന്നും അകന്നു എന്നു പറയുന്നു. കത്ത് നിഷേധിച്ച ഐ ഗ്രൂപ്പ് നേതാക്ഖളും കത്തില്‍ പറയുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്ന് അഭിപ്രായപ്പെടുന്നു. ഇക്കാര്യങ്ങള്‍ തന്നെയാണ് ബി.ജെ.പിയും വെള്ളാപ്പള്ളിയും പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.