ദേശീയ അവാർഡ് വാർത്ത കേട്ടപ്പോൾ അവർക്ക് വല്ല അബദ്ധവും പറ്റിയതാണോ, അതോ പേര് മാറിപ്പോയതാണോ എന്ന് ചിന്തിച്ചു: ഇന്ദ്രൻസ്
നന്ദന. ടി
Wednesday, 12th August 2026, 1:46 pm
ഒരു തയ്യൽക്കാരനായി ജീവിതം ആരംഭിച്ച് പിന്നീട് മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ അഭിനേതാക്കളിൽ ഒരാളായി മാറിയ വ്യക്തിയാണ് ഇന്ദ്രൻസ്. സിനിമയിലെത്തിയ ആദ്യകാലത്ത് വസ്ത്രാലങ്കാര രംഗത്തായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. പിന്നീട് ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്ന താരം, ഹാസ്യകഥാപാത്രങ്ങളിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവായ നടനിലേക്കുള്ള അപൂർവ്വ യാത്രയാണ് നടത്തിയത്. ആളൊരുക്കം, ഹോം, വെയിൽമരങ്ങൾ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയമികവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

ഇന്ദ്രൻസ്. Photo. Screen grab/ Youtube
ഹോം എന്ന ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തിന് 69-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശവും , 2019-ൽ പുറത്തിറങ്ങിയ വെയിൽമരങ്ങൾ എന്ന ചിത്രത്തിന് സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അവാർഡും ലഭിച്ചിരുന്നു. ഇപ്പോഴിതാ ഈ അവാർഡുകൾ ലഭിച്ച വേളയിലുണ്ടായ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഇന്ദ്രൻസ്. സിനിഗ്രാം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ അവാർഡുകൾ പോലുള്ള അംഗീകാരങ്ങൾ ജീവിതത്തിൽ ആഗ്രഹിച്ചിരുന്നെങ്കിലും, അത് ലഭിച്ച നിമിഷങ്ങൾ സ്വപ്നതുല്യമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അവാർഡ് തനിക്കാണ് ലഭിച്ചതെന്ന് അറിഞ്ഞപ്പോൾ പേര് വല്ലതും മാറിപ്പോയതാണോ എന്ന് വരെ സംശയിച്ചിരുന്നുവെന്ന് ഇന്ദ്രൻസ് ഓർത്തെടുക്കുന്നു.
‘നാഷണൽ അവാർഡ് കൈയിൽ കിട്ടുന്നതിന് മുമ്പ് തന്നെ വിറയൽ തുടങ്ങിയിട്ടുണ്ടായിരുന്നു. അവിടെ നിൽക്കുമ്പോൾ തന്നെ ആകെപ്പാടെ ടെൻഷനായിരുന്നു. രണ്ട് കാലൊക്കെ ഒരുമിച്ചു വച്ചാണ് സ്റ്റെപ്പൊക്കെ കയറിയത്. കാരണം ഇത്തരത്തിലുള്ള പ്രശസ്തികളൊക്കെ നമ്മൾ ആഗ്രഹിക്കുമെങ്കിലും, അവിടെയൊക്കെ ചെന്നെത്തുക എന്നത് ഒരു സ്വപ്നം പോലെയായിരുന്നു. ഈ ഒരു വാർത്ത കേട്ട സമയത്ത് ഇനി അവാർഡ് പ്രഖ്യാപിച്ചവർക്ക് വല്ല അബദ്ധവും പറ്റിയതാണോ, അല്ലെങ്കിൽ പേര് മാറിപ്പോയതാണോ എന്നൊക്കെയാണ് ഞാൻ ചിന്തിച്ചുപോയത്,’ ഇന്ദ്രൻസ് പറഞ്ഞു.
സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അവാർഡ് വാങ്ങാൻ സിംഗപ്പൂരിൽ പോയപ്പോഴും സമാനമായ അനുഭവമായിരുന്നുവെന്ന് ഇന്ദ്രൻസ് പറഞ്ഞു. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള വലിയ സിനിമകളുടെ കൂടെ തന്റെ സിനിമയും ഉണ്ടെന്നത് വലിയൊരു അത്ഭുതമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അതുപോലെ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിന് സിംഗപ്പൂരിൽ അവാർഡ് വാങ്ങാൻ പോയപ്പോഴും സമാനമായ ഒരവസ്ഥയിലായിരുന്നു. കാരണം അവിടെപ്പോയപ്പോഴൊക്കെ വലിയ വലിയ സിനിമകളുടെ കൂട്ടത്തിലാണ് നമ്മളുടെ പടവും വന്നിരുന്നത്. അത്രയും രാജ്യങ്ങളിൽ നിന്നുള്ള സിനിമകളും അഭിനേതാക്കളുമൊക്കെ ഒരുമിച്ചുള്ള വേദിയിൽ വെച്ച് നമ്മളാണ് മികച്ച നടൻ എന്ന് പ്രഖ്യാപിക്കുമ്പോൾ, ആ പ്രഖ്യാപനം കേട്ട് ചെവിയൊക്കെ ഒന്നുകൂടെ ക്ലിയർ ആക്കി എന്നെത്തന്നെയല്ലേ എന്ന് ഉറപ്പിക്കുന്ന ഒരു അവസ്ഥയിലായിരുന്നു അന്ന്. അപ്പോൾ കൂടെ വന്നവരൊക്കെ ചേട്ടൻ തന്നെയാണ് എന്ന് പറഞ്ഞ് ഉറപ്പിച്ചു തരികയായിരുന്നു,’ ഇന്ദ്രൻസ് പറഞ്ഞു.

69-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങ്. pHOTO. Mathrubhumi English
Content Highlight: Indrans shares his memories of receiving the National Award