ട്രെയിലറിൽ ഇന്ദ്രൻസ് സാറിന്റെ രംഗങ്ങൾ വേണമെന്ന് തമിഴ് ഡിസ്ട്രിബ്യൂട്ടർമാർ, അനന്തൻ കാടിന് അതൊരു പ്ലസ് ആവും: ആര്യ
Malayalam Cinema
ട്രെയിലറിൽ ഇന്ദ്രൻസ് സാറിന്റെ രംഗങ്ങൾ വേണമെന്ന് തമിഴ് ഡിസ്ട്രിബ്യൂട്ടർമാർ, അനന്തൻ കാടിന് അതൊരു പ്ലസ് ആവും: ആര്യ
നന്ദന. ടി
Thursday, 25th June 2026, 2:12 pm

2017-ൽ മുരളി ഗോപി തിരക്കഥയെഴുതി ജി.എൻ. കൃഷ്ണകുമാർ സംവിധാനം ചെയ്ത ‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമായ ‘അനന്തൻ കാട്’ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ് . എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവും പശ്ചാത്തലമാക്കി തിരുവനന്തപുരത്ത് നടക്കുന്ന കഥ പറയുന്ന ചിത്രത്തിൽ തമിഴ് താരം ആര്യ, ഇന്ദ്രൻസ്, നിഖില വിമൽ, ദേവ് മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ടിയാൻ’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘കമ്മാരസംഭവം’, ‘ലൂസിഫർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചരിത്രവും വിശ്വാസവും അധികാര രാഷ്ട്രീയവും ചർച്ച ചെയ്ത മുരളി ഗോപി, ‘അനന്തൻ കാടിലും രാഷ്ട്രീയത്തെ പ്രധാന പ്രമേയങ്ങളിലൊന്നായി അവതരിപ്പിക്കുന്നുണ്ട്.

ഇന്ദ്രൻസ്.photo.Screen Grab/youtube

ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്ദ്രൻസിന്റെ സാന്നിധ്യവും സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഒരു തയ്യൽക്കാരനായി ജീവിതം ആരംഭിച്ച് പിന്നീട് മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ അഭിനേതാക്കളിൽ ഒരാളായി മാറിയ വ്യക്തിയാണ് ഇന്ദ്രൻസ്. സിനിമയിലെത്തിയ ആദ്യകാലത്ത് വസ്ത്രാലങ്കാര രംഗത്തായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. പിന്നീട് ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്ന താരം, ഹാസ്യകഥാപാത്രങ്ങളിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവായ നടനിലേക്കുള്ള അപൂർവ യാത്രയാണ് നടത്തിയത്. ‘ആളൊരുക്കം’, ‘ഹോം’, ‘വെയിൽമരങ്ങൾ’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിൽ തന്റെ അഭിനയമികവ് തെളിയിച്ച ഇന്ദ്രൻസ് ഇന്ന് തമിഴ് സിനിമയിലും ശ്രദ്ധേയ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ സൂര്യ നായകനായ തമിഴ് ചിത്രമായ ‘കറുപ്പിലെ ‘സുകുമാരൻ എന്ന കഥാപാത്രമായി ഇന്ദ്രൻസ് കാഴ്ചവെച്ച പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു.

ഇന്ദ്രൻസിന്റെ സാന്നിധ്യം ‘അനന്തൻകാട്’ തമിഴ്നാട്ടിലെ പ്രേക്ഷകരിലേക്ക് കൂടുതൽ എത്താൻ സഹായിക്കുമെന്ന് പറയുകയാണ് തമിഴ് താരം ആര്യ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘കറുപ്പ്’ സിനിമയിലെ ഇന്ദ്രൻസ് സാറിന്റെ പ്രകടനത്തിന് തമിഴ്നാട്ടിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ‘അനന്തൻകാട്’ തമിഴിൽ ഡബ് ചെയ്ത് റിലീസ് ചെയ്യുമ്പോൾ അവിടുത്തെ ഡിസ്ട്രിബ്യൂട്ടർമാർ പോലും ട്രെയിലറിൽ ഇന്ദ്രൻസ് സാറിന്റെ ഭാഗങ്ങൾ കൂടുതൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. തമിഴ് പ്രേക്ഷകർക്ക് ഇന്ദ്രൻസ് സാറിനെ ഇനിയും തമിഴ് സിനിമകളിൽ കാണണമെന്ന ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെ അനന്തൻ കാടിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഞങ്ങൾക്ക് വലിയൊരു പ്ലസാണ്. മാത്രമല്ല, ഈ സിനിമയിലെ ഇന്ദ്രൻസ് സാറിന്റെ പ്രകടനം അതിഗംഭീരമാണ്. അതിനാൽ ചിത്രം തമിഴിൽ എത്തുമ്പോൾ അദ്ദേഹത്തെ പ്രേക്ഷകർ കൂടുതൽ ഏറ്റെടുക്കുമെന്ന വിശ്വാസമുണ്ട്,’ എന്നാണ് ആര്യ പറഞ്ഞത്.

അനന്തൻ കാട്.photo.IMDb

‘കറുപ്പിലെ ‘ കോടതിരംഗത്തിലെ പ്രകടനത്തിന് വൻ പ്രശംസ ലഭിച്ചിരുന്നുവെങ്കിലും, ആ രംഗം ചിത്രീകരിക്കുമ്പോൾ താൻ വലിയ ഭയത്തിലായിരുന്നുവെന്ന് ഇന്ദ്രൻസ് നേരത്തെ പറഞ്ഞിരുന്നു.

Content Highlight:Indran’s  performance in karruppu has raised expectations in tamil nadu

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം