ഇന്ത്യ-ഉറുഗ്വേ ചരിത്ര പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. നാളെയാണ് ഖാലിദ് ജമീലിന്റെ സംഘം രണ്ട് തവണ ലോക ചാമ്പ്യൻമാരായ ഉറുഗ്വേക്കെതിരെ കളത്തിലിറങ്ങുന്നത്. ആദ്യ സൗഹൃദ മത്സരത്തിൽ പനാമയെ സമനിലയിൽ തളച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ സാക്ഷാൽ ബ്രസീലിനെതിരെ പൊരുതി കീഴടങ്ങുകയും ചെയ്തിരുന്നു.
പനാമക്കെതിരെ ഓരോ ഗോൾ വീതം നേടി ഇന്ത്യ മത്സരം അവസാനിപ്പിച്ചപ്പോൾ അഞ്ച് തവണ ലോക ജേതാക്കളായ ബ്രസീലിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ബ്രസീലിനെതിരെ ഇന്ത്യ നടത്തിയ പോരാട്ട വീര്യം വളരെയധികം പ്രശംസ പിടിച്ചുപറ്റി.
മത്സരം തുടങ്ങി 28 മിനിട്ടോളം കാനറികളെ ഗോളടിപ്പിക്കാതെ തടഞ്ഞുനിർത്താൻ ഇന്ത്യക്ക് സാധിച്ചിരുന്നു. ഉറുഗ്വേക്കെതിരെയും ഇന്ത്യ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇതിഹാസ താരം ഡീഗോ ഫോർലാന്റെ കീഴിലാണ് മുൻ ലോക ചാമ്പ്യന്മാർ ഇന്ത്യക്കെതിരെ കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്. 2026 ലോകകപ്പിൽ നിരാശപ്പെടുത്തിയ പ്രകടനമാണ് മുൻ ചാമ്പ്യന്മാരായ ഉറുഗ്വേ നടത്തിയത്. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം പോലും കടക്കാനാവാതെ ഉറുഗ്വേ പുറത്തായിരുന്നു. ഇതോടെയാണ് ബീൽസയുടെ പകരക്കാരനായി ഫോർലാൻ ടീമിന്റെ പരിശീലക്കുപ്പായമണിഞ്ഞത്.
താരസമ്പന്നമായാണ് ഫോർലാന്റെ സംഘം പോരാട്ടത്തിനിറങ്ങുന്നത്. ഉറുഗ്വേ ടീമിൽ ഒരു ഇന്ത്യൻ വംശജനായ താരവും ഇടം നേടിയിട്ടുണ്ട്. മാക്‌സിമിലിയാനോ അരൗഹോയാണ് ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ വംശജൻ. ഗോവയിലെ ലൗട്ടോലിം സ്വദേശിയാണ് അരൗഹോയുടെ മുത്തശ്ശൻ.

പോർച്ചുഗൽ ക്ലബ്ബായ സ്‌പോർട്ടിങ്ങിന്റെ താരമായ അരൗഹോ 2026 ലോകകപ്പിൽ ഉറുഗ്വേക്ക് വേണ്ടി ചരിത്ര ഗോളും നേടിയിരുന്നു. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന നേട്ടമായിരുന്നു അരൗഹോ സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യക്കെതിരെയായിരുന്നു താരത്തിന്റെ ഗോൾ പിറന്നത്. ഇന്ത്യൻ വംശജനായ ഒരു താരം ഇന്ത്യക്കെതിരെ ബൂട്ട് കെട്ടുന്നത് ആരാധകർക്കും ഒരു പുതിയ കാഴ്ചയാവും.
അരൗഹോക്കൊപ്പം യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളിൽ കളിക്കുന്ന താര സംഘവും ഉറുഗ്വേ ടീമിൽ ഇടം നേടിയിട്ടുണ്ട്.
ഇന്ത്യക്കെതിരെയുള്ള സൗഹൃദ മത്സരത്തിനുള്ള ഉറുഗ്വേ സ്‌ക്വാഡ്
ഗോൾകീപ്പർമാർ
സാന്റിയാഗോ മെലെ, ക്രിസ്റ്റഫർ ഫിയർമാരിൻ, ഇഗ്‌നാസിയോ ഡി അരുബാരേന, സെബാസ്റ്റ്യൻ ജൗമെ, തിയാഗോ കാർഡോസോ.
ഡിഫൻഡർമാർ
കെവിൻ അമാരോ. ജോസ് ലൂയിസ് റോഡ്രിഗസ്, ഗില്ലെർമോ വരേല,നഹിതാൻ നന്ദേസ്, സാന്റിയാഗോ മൗറിനോ, നിക്കോളാസ് മാരിചാൽ, റൊണാൾഡ് അരൗഹോ, അലക്‌സാണ്ടർ ബാർബോസ, ജോസ് മരിയ ഗിമെനെസ്,ജുവാൻ റോഡ്രിഗസ്, സെബാസ്റ്റ്യൻ ബോസെല്ലി, സാന്റിയാഗോ ജോസ്‌റീവ്, സെബാസ്റ്റ്യൻ കാസെറസ് പിക്വറസ്, മാർകാക്വിൻ ഓല, മാർസെലോ സാറാച്ചി, ജുവാൻ മാനുവൽ സനാബ്രിയ.
മിഡ്ഫീൽഡർമാർ
എമിലിയാനോ മാർട്ടിനെസ്, ലൂക്കാസ് ടൊറേറ, റോഡ്രിഗോ ബെന്റാങ്കൂർ, ഫാകുണ്ടോ ബെർണൽ, സാന്റിയാഗോ ഹോമെൻചെങ്കോ, ഫെഡറിക്കോ വാൽവെർദെ, അഗസ്റ്റിൻ കനോബിയോ, മത്തിയാസ് അബാൽഡോ, ഫാകുണ്ടോ പെല്ലിസ്ട്രി, ലൂസിയാനോ റോഡ്രിഗസ്, മാക്‌സിമിലിയാനോ അരോജോ, റോഡ്രിഗോ വിയൽഗോ, റോഡ്രിഗോ വിയൽബാസ് റോസി, ജോർജിയൻ ഡി അരാസ്‌കേറ്റ.
ഫോർവേഡുകൾ
മാർട്ടിൻ സട്രിയാനോ, അഗസ്റ്റിൻ എ. മാർട്ടിനെസ്, റോഡ്രിഗോ അഗ്യൂറെ, ഫെഡറിക്കോ വിനാസ്, മിഗ്വൽ മെറെൻഷ്യൽ, ഡാർവിൻ ന്യൂനസ്, അൽവാരോ റോഡ്രിഗസ്.
Content Highlight: Indian-origin Maximiliano Araujo will play for Uruguay against India
