ദുബായ്: പേര്‍ഷ്യന്‍ ഗള്‍ഫിനെയും ഒമാന്‍ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ നാവികര്‍ സഞ്ചരിച്ചിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. അപകടത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു.
കപ്പലിലുണ്ടായിരുന്ന മറ്റ് 17 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. വെള്ളിയാഴ്ചയായിരുന്നു സംഭവം.
18 ഇന്ത്യന്‍ ജീവനക്കാരുമായി ചരക്കുകള്‍ വഹിച്ചുപോവുകയായിരുന്ന കപ്പലിനാണ് തീപിടിച്ചത്. തീ പടര്‍ന്നതിനെത്തുടര്‍ന്ന് കപ്പല്‍ കടലില്‍ മറിഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ആ പ്രദേശത്ത് സര്‍വീസ് നടത്തിയിരുന്ന മറ്റൊരു കപ്പലാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
പരിക്കേറ്റ നാല് ഇന്ത്യക്കാരെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില നിലവില്‍ തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവമറിഞ്ഞ ഉടന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയ നാവികരെ സന്ദര്‍ശിക്കുകയും ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു.
കപ്പല്‍ ഉടമയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും ദുരന്തബാധിതരായ ജീവനക്കാര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
കപ്പലിന് തീപിടിക്കാനുണ്ടായ കൃത്യമായ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇറാനും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷം മുറുകുന്ന പശ്ചാത്തലത്തിലാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന പാതയാണിത്. ഏപ്രില്‍ 7ന് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഹോര്‍മുസ് കടലിടുക്കില്‍ അസ്വസ്ഥതകള്‍ പുകയുകയാണ്.
ഖേഷ്ം ദ്വീപ് അടക്കമുള്ള സിവിലിയന്‍ കേന്ദ്രങ്ങളെ അമേരിക്ക ലക്ഷ്യം വെച്ചതായി ഇറാന്‍ ആരോപിക്കുമ്പോള്‍, തങ്ങളുടെ നാവിക വ്യൂഹത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തിയെന്നാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെടുന്നത്.
ഫെബ്രുവരി അവസാനം മുതല്‍ ഈ മേഖലയിലൂടെയുള്ള കപ്പല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ട നിലയിലാണ്. എണ്ണ ടാങ്കറുകള്‍ക്ക് നേരെയുള്ള ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആഗോള ഊര്‍ജ്ജ വിതരണത്തെ ഇത് ദോഷകരമായി ബാധിച്ചിട്ടുണ്ട്.
വ്യാഴാഴ്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ തുടരുന്നതായി പ്രസ്താവിച്ചെങ്കിലും, തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം അപകടങ്ങളും ഏറ്റുമുട്ടലുകളും സമുദ്രപാതയിലെ സുരക്ഷയെ കുറിച്ച് ആശങ്കയുയര്‍ത്തുന്നുണ്ട്.
Content Highlight: Indian Cargo Ship Catches Fire in the Strait of Hormuz: One Sailor Killed; Four Injured