റിങ്കു സിങ് എവിടെ നിന്നാണ് വന്നത്? പകരം അവസരം ലഭിക്കേണ്ടത് അവനായിരുന്നു: ക്രിസ് ശ്രീകാന്ത്
Cricket
റിങ്കു സിങ് എവിടെ നിന്നാണ് വന്നത്? പകരം അവസരം ലഭിക്കേണ്ടത് അവനായിരുന്നു: ക്രിസ് ശ്രീകാന്ത്
ശ്രീരാഗ് പാറക്കല്‍
Thursday, 23rd July 2026, 12:19 pm

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. ഹരാരെ സ്‌പോര്‍ട്സ് ക്ലബ്ബിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്. ഇന്ത്യന്‍ സമയം വൈകിച്ച് 4.30നാണ് മത്സരം. മത്സരത്തിന് മുന്നോടിയായി 15 അംഗങ്ങളുള്ള സ്‌ക്വാഡാണ് ഇന്ത്യ പുറത്ത് വിട്ടത്.

ഇപ്പോള്‍ താരങ്ങളെ തെരഞ്ഞെടുത്തതിനെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ക്രിസ് ശ്രീകാന്ത്. സ്‌ക്വാഡില്‍ റിങ്കു സിങ്ങിന് പകരം രജത് പാടിദാറിനെ തെരഞ്ഞെടുക്കേണ്ടതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല രവി ബിഷ്‌ണോയ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നവരും തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹരായിരുന്നു എന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. 2026ലെ ഐ.പി.എല്‍ ചാമ്പ്യന്‍മാരായതിന് ശേഷം ഇന്ത്യയുടെ ഒരു ടി-20 മത്സരങ്ങളിലും ആര്‍.സി.ബി താരങ്ങളെ പരിഗണിച്ചിരുന്നില്ല.

‘ഐ.പി.എല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രഭ്‌സിമ്രാന്‍ സിങ് നല്ലൊരു സെലക്ഷനാണ്. പക്ഷേ രജത് പാടിദാറിന്റെ കാര്യത്തിലും ഇതുതന്നെ ചെയ്യേണ്ടതായിരുന്നു. റിങ്കു സിങ് എവിടെ നിന്നാണ് വന്നത്? റിങ്കുവിന് പകരം പാടിദാറിന് അവസരം നല്‍കേണ്ടതായിരുന്നു.

ഹര്‍ഷ് ദുബെയ്‌ക്കോ രവി ബിഷ്‌ണോയ്ക്കോ പകരം ക്രുണാല്‍ പാണ്ഡ്യയെയാണ് തെരഞ്ഞെടുക്കേണ്ടിയിരുന്നത്. മീഡിയം പേസര്‍മാരില്‍ ഒരാള്‍ക്ക് പകരം ഭുവനേശ്വര്‍ കുമാറിനെയാണ് തെരഞ്ഞെടുക്കേണ്ടിയിരുന്നത്. അവരുടേത് (ബി.സി.സി.ഐ) എന്ത് സെലക്ഷന്‍ നയമാണെന്ന് മനസിലാക്കാന്‍ പറ്റുന്നില്ല,’ ക്രിസ് ശ്രീകാന്ത് പറഞ്ഞു.

രജത് പടിദാർ. Photo: Royal Challengers Bengaluru/x.com

അതേസമയം അയര്‍ലാന്‍ഡിനോടും ഇംഗ്ലണ്ടിനോടും പരമ്പര കൈവിട്ടാണ് ഇന്ത്യ സിംബാബ്‌വേയ്‌ക്കെതിരെ പോരാട്ടത്തിനിറങ്ങുന്നത്. നിലവിലെ ടി-20 ചാമ്പ്യന്‍മാരായിട്ടും ഫോര്‍മാറ്റില്‍ മോശം പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ലോകകപ്പിന് ശേഷം ഒരു മത്സരം പോലും ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സിംബാബ്‌വേ പര്യടനം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്.

ഇന്ത്യ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ശിവം ദുബെ, അഭിഷേക് ശര്‍മ, യാഷ് താക്കൂര്‍, പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, രവി ബിഷ്ണോയ്, ഹര്‍ഷ് ദുബെ, സൂര്യാന്‍ഷ് ഷെഡ്‌ജെ, മായങ്ക് യാദവ്, അശോക് ശര്‍മ, പ്രിന്‍സ് യാദവ്, വൈഭവ് സൂര്യവംശി.

 

Content Highlight: India Vs Zimbabwe: Kris Srikkanth Criticize Indian Team Players Selection

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ