വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനൊരുങ്ങി സന്ദര്‍ശകര്‍. ബാറ്റിങ്ങിനെ തുണയ്ക്കുന്ന ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓപ്പണര്‍ ജോണ്‍ കാംബെല്ലിന്റെ സെഞ്ച്വറി കരുത്തിലാണ് വിന്‍ഡീസ് മികച്ച സ്‌കോറിലെത്താന്‍ ഒരുങ്ങുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് അഞ്ചാം ഓവറില്‍ തന്നെ കെയ്‌സി കാര്‍ട്ടിയെ (പത്ത് പന്തില്‍ ഒമ്പത്) നഷ്ടമായെങ്കിലും വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ ഷായ് ഹോപ്പിനെ ഒപ്പം കൂട്ടി കാംബെല്‍ സ്‌കോര്‍ ഉയര്‍ത്തി.

രണ്ടാം വിക്കറ്റില്‍ 110 റണ്‍സിന്റെ കൂട്ടുകെട്ടുമായാണ് ഇരുവരും തിളങ്ങിയത്. ടീം സ്‌കോര്‍ 147ല്‍ നില്‍ക്കെ ഗുര്‍നൂര്‍ ബ്രാറിന്റെ പന്തില്‍ നമന്‍ ധിറിന്റെ കൈകളിലൊതുങ്ങി കാംബെല്‍ പുറത്തായതോടെയാണ് പാര്‍ട്ണര്‍ഷിപ്പ് തകര്‍ന്നത്.

68 പന്തില്‍ 101 റണ്‍സാണ് കാംബെല്‍ സ്വന്തമാക്കിയത്. അഞ്ച് സിക്‌സറും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

നേരിട്ട 65ാം പന്തില്‍ നൂറടിച്ച വിന്‍ഡീസ് ഓപ്പണര്‍, ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന അഞ്ചാമത് താരമെന്ന ഖ്യാതിയോടെയാണ് കളം വിട്ടത്.

വെസ്റ്റ് ഇന്‍ഡീസിനായി ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി

(താരം – എതിരാളികള്‍ – സെഞ്ച്വറി നേടാന്‍ വേണ്ടി വന്ന പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ബ്രയാന്‍ ലാറ – ബംഗ്ലാദേശ് – 45 – 1999

ക്രിസ് ഗെയ്ല്‍ – ഇംഗ്ലണ്ട് – 55 – 2019

എവിന്‍ ലൂയീസ് – ശ്രീലങ്ക – 61 – 2024

നിക്കോളാസ് പൂരന്‍ – നെതര്‍ലന്‍ഡ്‌സ് – 63 – 2023

ജോണ്‍ കാംബെല്‍ – ഇന്ത്യ – 65 – 2026*

ഷായ് ഹോപ്പ് – ന്യൂസിലാന്‍ഡ് – 66 – 2025

അതേസമയം, ബാറ്റിങ് തുടരുന്ന വെസ്റ്റ് ഇന്‍ഡീസ് 29 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 231 എന്ന നിലയിലാണ്. 62 പന്തില്‍ 64 റണ്‍സുമായി ഷായ് ഹോപ്പും 35 പന്തില്‍ 42 റണ്‍സുമായി ആമിര്‍ ജാംഗുവുമാണ് ക്രീസില്‍.

വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍

ജോണ്‍ കാംബെല്‍, കെയ്‌സി കാര്‍ട്ടി, ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആമിര്‍ ജാംഗു, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, റോസ്റ്റണ്‍ ചെയ്‌സ്, കീമോ പോള്‍, അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, ജെയ്ഡന്‍ സീല്‍സ്, വിറ്റല്‍ ഓര്‍ലാന്‍ഡോ ലോവ്‌സ്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, ആഖിബ് നബി, കുല്‍ദീപ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, പ്രസിദ്ധ് കൃഷ്ണ.

 

Content Highlight: IND vs WI: John Campbell complete century in 65 balls