ഏകദിന ക്രിക്കറ്റില്‍ 3000 റണ്‍സ് പിന്നിട്ട് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ രണ്ടാം ഏകദിനത്തിനിടെയാണ് താരം ഈ മൈല്‍സ്റ്റോണിലെത്തിയത്.
എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശ്രേയസ് 24 പന്തുകളില്‍ നിന്ന് 26 റണ്‍സാണ് എടുത്തത്. ഒരു സിക്സറും ഫോറും വീതമാണ് താരത്തിന്റെ ഇന്നിങ്സ്.
ഈ ഇന്നിങ്‌സിനിടെ 11 റണ്‍സ് എടുത്തതോടെയാണ് ശ്രേയസ് 3000 ഏകദിന റണ്‍സ് പിന്നിട്ടത്. തന്റെ 72ാം ഇന്നിങ്സിലാണ് താരത്തിന്റെ നേട്ടം.
ഇതോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ശ്രേയസ് സ്വന്തമാക്കി. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനൊപ്പമാണ് താരം നേട്ടം പങ്കിടുന്നത്.
സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ മറികടന്നാണ് ശ്രേയസ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. വിരാട് 75 ഇന്നിങ്സുകളില്‍ കളത്തിലിറങ്ങിയാണ് ഈ മൈല്‍സ്റ്റോണ്‍ പിന്നിട്ടത്. ഈ നേട്ടത്തില്‍ ഒന്നാമന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. 62 ഇന്നിങ്സുകളില്‍ നിന്നാണ് താരത്തിന്റെ നേട്ടം.

ശുഭ്മൻ ഗിൽ. Photo: BCCI/x.com
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങള്‍, ഇന്നിങ്സ്
ശുഭ്മന്‍ ഗില്‍ – 62
ശിഖര്‍ ധവാന്‍ – 72
ശ്രേയസ് അയ്യര്‍ – 72
വിരാട് കോഹ്‌ലി – 75
കെ.എല്‍. രാഹുല്‍ – 78
അതേസമയം, രണ്ടാം ഏകദിനത്തിലും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. 170 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യന്‍ സംഘം രണ്ടാം ഏകദിനത്തില്‍ നേടിയത്. ശുഭ്മന്‍ ഗില്ലിന്റെയും ഇഷാന്‍ കിഷന്റെ സെഞ്ച്വറി കരുത്തിലാണ് വിജയം.
പരമ്പരയില്‍ ഒരു മത്സരം കൂടി ബാക്കിയുണ്ട്. ജൂണ്‍ 20നാണ് മൂന്നാം ഏകദിനം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയമാണ് വേദി.
Content Highlight: Ind vs Afg: Shreyas Iyer became second fastest Indian to score 3000 ODI runs along with Shikhar Dhawan by surpassing Virat Kohli
