ഇംഫാല്‍: മണിപ്പൂരില്‍ കുകി വനിതകളെ ബലാത്സംഗം ചെയ്ത് നഗ്നരാക്കി നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അറസ്റ്റിലായത് പ്രായപൂര്‍ത്തിയാകാത്തയാളെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്കാണ് തൗബല്‍ ജില്ലയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ഇതുവരെ ആകെ ആറ് പേരെ അറസ്റ്റ് ചെയ്തു. നാല് പേരെ വ്യാഴാഴ്ചയും രണ്ട് പേരെ ഇന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച അറസ്റ്റ് ചെയ്ത നാല് പേരെയും പൊലീസ് 11 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം പ്രധാന പ്രതിയായ ഹെരദോസ് മെയ്തിയുടെ വീട് ഒരു കൂട്ടം ഗ്രാമീണര്‍ കത്തിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.

ബുധനാഴ്ചയായിരുന്നു രണ്ട് കുകി സ്ത്രീകളെ അക്രമികള്‍ നഗ്‌നരാക്കി നടത്തിക്കുന്ന വീഡിയോ ബുധനാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതില്‍ ഒരു സ്ത്രീ കൂട്ട ബലാത്സംഗത്തിനും ഇരയായിട്ടുണ്ട്. മെയ് നാലിന് കാങ്പോക്പി ജില്ലയിലായിരുന്നു സംഭവം നടന്നത്.

തട്ടികൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്കാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഭവം നടന്ന ദിവസം 800-1000 ആളുകള്‍ ആയുധങ്ങളുമായി ബി ഫൈനോം ഗ്രാമത്തില്‍ പ്രവേശിക്കുകയും വീടിന് തീവെക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തു.

അതേസമയം ഇംഫാലില്‍ രണ്ട് സ്ത്രീകളെ കൂടി ആള്‍ക്കൂട്ടം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. മെയ് നാലിന് തന്നെയാണ് സംഭവം നടന്നിരിക്കുന്നത്. 21 ഉം 24 ഉം പ്രായമുള്ള രണ്ട് യുവതികളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് ഇരകളില്‍ ഒരാളുടെ അമ്മ നല്‍കിയ പരാതി. സംഭവത്തില്‍ അമ്മയുടെ പരാതിയില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാര്‍വാഷില്‍ ജോലി ചെയ്തിരുന്ന രണ്ട് കുകി സ്ത്രീകളാണ് കൊലചെയ്യപ്പെട്ടത്.

കൊലപാതകത്തിന് പിന്നില്‍ മെയ്തി യൂത്ത് സംഘടന, മെയ്തി ലിപുണ്‍ തുടങ്ങിയവരാണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ആദ്യം സീറോ എഫ്.ഐ.ആര്‍ ആണ് സായികുല്‍ പൊലീസ് ഇട്ടിരുന്നത്. പിന്നീടാണ് പോറോമ്പാട്ട് സ്റ്റേഷനിലേക്ക് കേസ് കൈമാറുന്നത്.

ഇതൊരു ആസൂത്രിത ആക്രമണമായിരുന്നുവെന്നും കാര്‍വാഷില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ കണ്ട് പിടിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും ബന്ധു പറയുന്നു.

CONTENT HIGHLIGHTS: Incident of Kuki women being raped; As the sixth defendant is a minor; Arrested