[] ധാക്ക: 2014 ല്‍ ബംഗ്ലാദേശില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ സൂപ്പര്‍10 മത്സരം പാകിസ്ഥാനെതിരെ.
ഞായറാഴ്ച്ചയാണ് ലോകകപ്പ് മത്സരങ്ങളുടെ ഷെഡ്യൂള്‍ ഐ.സി.സി പ്രഖ്യാപിച്ചത്. മുന്‍ ചാമ്പ്യന്‍മാരാണ പാകിസ്ഥാന്‍.
ഇന്ത്യക്ക് പുറമെ വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവരാണ് ഗ്രൂപ്പ് ബിയിലെ ബാക്കി അംഗങ്ങള്‍. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ഒരു ടീമും ഗ്രൂപ്പില്‍ ഉണ്ടാകും.
മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ നീണ്ടുനില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇരുവിഭാഗങ്ങളുമായി 60 മത്സരങ്ങള്‍ നടക്കും.
പുരുഷ വിഭാഗത്തിനൊപ്പം തന്നെ നടക്കുന്ന വനിത ലോകകപ്പ് മത്സരങ്ങളില്‍ 35 മത്സരങ്ങള്‍ പുരുഷവിഭാഗത്തിലും 25 മത്സരങ്ങള്‍ വനിതാ വിഭാഗത്തിലും നടക്കും.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് ടീമിന്റെ വര്‍ദ്ധനവ് ഇപ്രാവശ്യത്തെ ലോകകപ്പ് മത്സരത്തില്‍ ഉണ്ട്.
ധാക്ക,ചിറ്റഗോങ്ങ്, സില്‍ഹെറ്റ് എന്നീ സ്റ്റേഡിയങ്ങളിലാകും മത്സരങ്ങള്‍ നടക്കുക. റാങ്കിങ്ങില്‍ ആദ്യ എട്ടിലുള്ള ടീമുകള്‍ നേരിട്ട് രണ്ടാം റൗണ്ടായ സൂപ്പര്‍10 ലേക്ക് പ്രവേശിക്കും.
പ്രാഥമിക റൗണ്ടില്‍ വിജയിക്കുന്ന രണ്ട് ടീമുകള്‍ കൂടി ഈ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഗ്രൂപ്പില്‍ മത്സരിക്കുന്ന ബംഗ്ലാദേശ്, ബി ഗ്രൂപ്പില്‍ മത്സരിക്കുന്ന സിംബാബ്‌വെഎന്നിവയുള്‍പ്പെടെ ആറ് ടീമുകളാണ് പ്രാഥമിക റൗണ്ടില്‍ മത്സരിക്കുന്നത്.
മാര്‍ച്ച് 6 മുതല്‍ 21 വരെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടക്കും. സൂപ്പര്‍ 10 മത്സരങ്ങള്‍ മാര്‍ച്ച് 21 ന് തുടങ്ങും. സൂപ്പര്‍ 10 ലെ ആദ്യ മത്സരം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ധാക്കയില്‍ നടക്കും.
23 ന് നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസുമായും 28 ന് യോഗ്യത കളിച്ചെത്തുന്ന ടീമുമായും 30 ന് ഇന്ത്യയുടെ അവസാന മത്സരം ആസ്‌ട്രേലിയക്കെതിരെയും നടക്കും.
ഏപ്രില്‍ ആറിനാണ് ഫൈനല്‍ മത്സരം. വനിത ലോകകപ്പിലെ അംഗങ്ങളുടെ എണ്ണം എട്ടില്‍ നിന്ന് 10 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഗ്രൂപ്പ് ബിയില്‍ ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവയും എ ഗ്രൂപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആസ്‌ട്രേലിയക്കൊപ്പം ന്യൂസിലന്‍ഡ്, യര്‍ലണ്ട്, പാകിസ്താന്‍ എന്നിവയുമാണ് ഉള്ളത്.
പുരുഷ വിഭാഗത്തിലെ മത്സര വിജയികള്‍ക്കായി നീക്കി വച്ചിരിക്കുന്നത് മൂന്ന് മില്യണ്‍ ഡോളര്‍ ആണ്.
