2023ല്‍ ഹോട്‌സ്റ്റാറില്‍ ഏറ്റവുമധികം കണ്ട ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രം നിര്‍മിച്ച മമ്മൂട്ടി കമ്പനിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. തെലുങ്ക് ചിത്രം സ്‌കന്ദയാണ് രണ്ടാമതെത്തിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയാണ് മൂന്നാമത്. തമിഴ് ചിത്രം ഗുഡ് നൈറ്റ് നാലാമതും ഹോളിവുഡ് ചിത്രം ഗാര്‍ഡിയന്‍ ഓഫ് ദി ഗാലക്‌സി അഞ്ചാമതും എത്തി. രോമാഞ്ചം ഏഴാമതും ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം പത്താമതും എത്തി.

കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററുകളിലെത്തിയത്. നവാഗതനായ റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡിന് നിരൂപക പ്രശംസക്കൊപ്പം ബോക്സ് ഓഫീസിലും വിജയം ലഭിച്ചിരുന്നു.

നവംബര്‍ 17നാണ് ചിത്രം ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറില്‍ സ്ട്രീം ചെയ്യുന്നത്. ഒ.ടി.ടി റിലീസിന് പിന്നാലെ വലിയ പ്രശംസയാണ് അന്യഭാഷ പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിച്ചത്. തിയേറ്ററില്‍ റിലീസ് സമയത്ത് സംഭവിച്ചത് പോലെ മികച്ച മൗത്ത് പബ്ലിസിറ്റി ഒ.ടി.ടിയിലും കണ്ണൂര്‍ സ്‌ക്വാഡിന് ലഭിച്ചിരുന്നു.

ജോര്‍ജ് മാര്‍ട്ടിന്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ശബരീഷ് വര്‍മ, റോണി, അസീസ് നെടുമങ്ങാട്, വിജയരാഘവന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

രാഹുല്‍ സദാശിവന്റെ ഭ്രമയുഗം, വൈശാഖിന്റെ ടര്‍ബോ, ഡീനോ ഡെന്നിസീന്റെ ബസൂക്ക എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റ് മമ്മൂട്ടി ചിത്രങ്ങള്‍.

Content Highlight: In 2023, Kannur Squad ranked first among the most viewed films on Hotstar