'എന്നെ ഭയപ്പെടുത്തി നിശബ്ദനാക്കാം എന്നതാണ് ഉദ്ദേശമെങ്കില്‍ അത് നടക്കില്ല'; കുടുംബത്തെ ചോദ്യം ചെയ്ത പൊലീസ് നടപടിയില്‍ സി.ജെ.പി വക്താവ്
India
'എന്നെ ഭയപ്പെടുത്തി നിശബ്ദനാക്കാം എന്നതാണ് ഉദ്ദേശമെങ്കില്‍ അത് നടക്കില്ല'; കുടുംബത്തെ ചോദ്യം ചെയ്ത പൊലീസ് നടപടിയില്‍ സി.ജെ.പി വക്താവ്
അഞ്ജു ചന്ദ്രന്‍
Thursday, 13th August 2026, 11:59 am

പുതുച്ചേരി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്ദറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് ശേഷം തന്റെ കുടുംബ വീട്ടിലെത്തി പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്തതായി സി.ജെ.പി വക്താവ് സൗരവ് ദാസ്.

ബുധനാഴ്ച വൈകിട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കുടുംബ വീട്ടിലെത്തി അമ്മയെ 15-20 മിനിറ്റോളം ചോദ്യം ചെയ്തതായാണ് സൗരവിന്റെ ആരോപണം. നടപടിക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് കുടുംബത്തെ ഭീഷണിപ്പെടുത്തുന്നതെന്നും സൗരവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

‘പോണ്ടിച്ചേരി പൊലീസ് എന്റെ കുടുംബ വീട്ടിലെത്തി അമ്മയെ ചോദ്യം ചെയ്തു. എന്തിനാണ് ഈ ക്രൂരത, ആരാണ് ഇതിന് ഉത്തരവിട്ടത്,’. സൗരവ് എക്‌സ് പോസ്റ്റിലൂടെ ചോദിച്ചു.

പുതുച്ചേരിയിലെ ബി.ജെ.പി ഘടകം തന്നെയും കുടുംബത്തേയും ഭീഷണിപ്പെടുത്തുന്നതായും സൗരവ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

‘ഇത് പോണ്ടി സര്‍ക്കാറിന്റെ സ്വഭാവമല്ല, കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ചെയ്യുന്നതാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍കൂട്ടി അറിയിക്കാതെ പൊലീസുകാര്‍ ഇത്തരത്തില്‍ വീടുകള്‍ സന്ദര്‍ശിക്കുന്നതിലുള്ള എതിര്‍പ്പും സൗരവ് പറഞ്ഞു.

‘എന്നെ ഭയപ്പെടുത്തി നിശബ്ദനാക്കാം എന്നതാണ് ഉദ്ദേശമെങ്കില്‍ അത് നടക്കില്ല. ഇത് എന്നെ ഭയപ്പെടുത്തുന്നില്ല. ഗുണ്ടകളെ പോലെ പ്രവര്‍ത്തിക്കുന്നതിനു പകരം പൊലീസ് നിയമം ഉയര്‍ത്തിപ്പിടിക്കുന്ന സംവിധാനമായി മാറണം,’ സൗരവ് വ്യക്തമാക്കി.

അമിത് ഷായുടെ പോണ്ടിച്ചേരി സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് ഈ സന്ദര്‍ശനം നടന്നതെന്നും സൗരവ് പറഞ്ഞു.

സി.ജെ.പി നല്‍കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കാന്‍ യുവജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് സൗരവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ‘വിദ്യാഭ്യാസ വിപ്ലവം’ എന്ന ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിരുന്നു. അതിനുശേഷമാണ് പൊലീസിന്റെ ഈ നടപടി.

എന്നാല്‍ ഇത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള സാധാരണ സുരക്ഷാ പരിശോധന മാത്രമാണെന്നും സൗരവിനെയോ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയോ ലക്ഷ്യമിട്ടുള്ളതല്ലെന്നും പുതുച്ചേരി പൊലീസ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

Content Highlights: If the intention is to silence me through intimidation, it won’t work,” says CJP spokesperson regarding the police questioning of the family

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.