സകല റെക്കോർഡുകളും ഭേദിച്ച് തിയേറ്ററിലും ഒ.ടി.ടിയിലും വമ്പൻ വിജയം സ്വന്തമാക്കിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി‘ലെ എല്ലാ പാട്ടുകളും ഇതിനോടകം ഹിറ്റാണ്. ‘മാന്ത്രികം’,’ഇന്ദ്രജാലം’,’വർണജാലം’ എന്നീ പാട്ടുകൾക്ക് പ്രത്യേക ഫാൻബേസ് തന്നെ നിലവിലുണ്ട്. സിനിമയിലെ പാട്ടുകൾക്ക് ഈണം നൽകിയിരിക്കുന്നത് സംഗീത സംവിധായകൻ വിഷ്ണു വിജയാണ്.

ചിത്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ പാട്ടാണ് ‘യവനകഥയിൽ നിന്നു വന്ന…’ എന്ന് തുടങ്ങുന്ന പാട്ട്. സിനിമയുടെ ഒരു പശ്ചാത്തലത്തിൽ മാത്രമാണ് പാട്ട് വരുന്നത്. 1990കളിൽ തുടങ്ങിവച്ചതും പൂർത്തിയാവാതെയും പോയ ‘അന്ന’ എന്ന സിനിമയിലെ പാട്ടാണിത്. എൻ.എൻ.മോഹനന്റെ തിരക്കഥയിൽ സംവിധായകൻ ജോഷി സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു ‘അന്ന’. ഔസേപ്പച്ചനാണ് യവനകഥയിൽ ഉൾപ്പടെ സിനിമയിലെ എല്ലാ പാട്ടുകളുടെയും സംഗീത സംവിധായകൻ.

അന്ന Photo: IMDb

ഇപ്പോഴിതാ മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ വർക്കിന്റെ സമയത്ത് ഔസേപ്പച്ചനെ വിളിച്ചിരുന്നുവെങ്കിൽ ‘യവനകഥയിൽ നിന്നു വന്ന…’ എന്ന് തുടങ്ങുന്ന പാട്ട് സിനിമയിൽ എവിടെയെങ്കിലും വയ്ക്കാൻ ട്രൈ ചെയ്തേനെ എന്ന് പറയുകയാണ് വിഷ്ണു വിജയ്.

‘തിരക്കുകൾ കാരണം സാറിനെ വിളിക്കാൻ പറ്റിയില്ല. പടം ഇറങ്ങിയ ശേഷം സാറിനെ വിളിച്ചിരുന്നു. സാറിന്റെ ഒരു പാട്ട് സിനിമയിലുണ്ടെന്നു പറഞ്ഞു. പടത്തിന്റെ അവസാന ഭാഗത്ത് പാട്ട് വച്ചിരുന്നെങ്കിൽ നല്ലതായിരുന്നു എന്നാണ് സാർ പറഞ്ഞത്. ചിലപ്പോൾ വർക്കിന്റെ സമയത്ത് സാറിനെ വിളിച്ചിരുന്നെങ്കിൽ സാർ പറയുന്നത് പോലെ ഉറപ്പായും എങ്ങനെയെങ്കിലും ഇൻകോർപറേറ്റ് ചെയ്യാൻ നോക്കിയേനെ.’ വിഷ്ണു പറഞ്ഞു.

സിനിമയിലത് വർക്ക് ആവുമായിരുന്നോ എന്നറിയില്ലെന്നും ഇപ്പോഴത്തെ എൻഡിൽ ഹാപ്പിയാണെന്നും വിഷ്ണു പറഞ്ഞു. ഈ പാട്ട് കേട്ടിട്ടുണ്ടെങ്കിലും സിനിമ ഇറങ്ങിയതിനു ശേഷമാണ് ഈ പാട്ട് റിലീസ് ആവാത്ത ഒരു സിനിമയിലെ പാട്ടാണെന്ന് അറിയുന്നതെന്നും വിഷ്ണു കൂട്ടിച്ചേർത്തു.

സിനിമ ഒ.ടി.ടിയിൽ വന്നതോടെ സിനിമയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അതിനിടയിൽ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം സിനിമയുടെ നിർമ്മാണാവകാശം സ്വന്തമാക്കിയതായ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറിലാണ് സിനിമ ഒരുക്കുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ് , ഔസേപ്പച്ചൻ Photo: Screen Grab/IMDb

പല കാരണങ്ങളാൽ ചിത്രീകരണം പോലും തുടങ്ങാത്ത സിനിമയായിരുന്നു ‘അന്ന.’ സിനിമ ഉപേക്ഷിക്കപ്പെട്ടെങ്കിലും ചിത്രീകരണം ആരംഭിക്കുന്നതിനു മുമ്പ് തന്നെ എല്ലാ പാട്ടുകൾക്കും ഔസേപ്പച്ചൻ ഈണം നൽകിയിരുന്നു. ഷിബു ചക്രവർത്തിയുടേതായിരുന്നു വരികൾ. ഗായകരായ കെ.ജെ.യേശുദാസും കെ.എസ്.ചിത്രയും പാടി റെക്കോർഡിങും കഴിഞ്ഞിരുന്നു. പിന്നീട് ചിത്രം മുടങ്ങി പോയതിനാൽ ഒരു ഓഡിയോ ആൽബമാക്കി കാസറ്റ് ഇറക്കുകയായിരുന്നു.

Content Highlight: If Ouseppachan had been contacted before the release, I would have tried to incorporate ‘Yavanakathayil’ somewhere in the movie said Vishnu Vijay