വെസ്റ്റ് ഇന്‍ഡീസിനും ഇന്ത്യയ്ക്കും പിഴചുമത്തി ഐ.സി.സി. ഇരുവരും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തില്‍ ലോ ഓവര്‍ റേറ്റിന്റെ പേരിലാണ് വിന്‍ഡീസിനും ഇന്ത്യയ്ക്കും പിഴ ലഭിച്ചത്. മത്സരത്തില്‍ നാല് ഓവറുകള്‍ സമയത്തിനുള്ളില്‍ ചെയ്ത് തീര്‍ക്കാത്തതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. വിന്‍ഡീസിന് രണ്ട് ഓവറുകള്‍ സമയത്തിനുള്ളില്‍ എറിഞ്ഞുതീര്‍ക്കാന്‍ സാധിച്ചില്ലായിരുന്നു.

‘ഇന്ത്യയ്ക്ക് മത്സരഫീസിന്റെ 20 ശതമാനവും വെസ്റ്റ് ഇന്‍ഡീസിന് 10 ശതമാനവും പിഴ ചുമത്തിയിട്ടുണ്ട്. ഓവര്‍ റേറ്റില്‍ ഇന്ത്യ നാല് ഓവറും വെസ്റ്റ് ഇന്‍ഡീസ് രണ്ട് ഓവറും പിന്നിലായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എമിറേറ്റ്‌സ് ഐ.സി.സി ഇന്റര്‍നാഷണല്‍ പാനല്‍ ഓഫ് മാച്ച് റഫറിമാരിലെ പ്രകാശ് ഭട്ടാണ് പിഴ ചുമത്തിയത്.

ഇരു ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ കുറ്റം സമ്മതിക്കുകയും നിര്‍ദേശിച്ച ശിക്ഷ അംഗീകരിക്കുകയും ചെയ്തു. ഫീല്‍ഡ് അമ്പയര്‍മാരായ ജയറാമന്‍ മദനഗോപാല്‍, സാം നൊഗാജ്‌സ്‌കി, മൂന്നാം അമ്പയര്‍ ഷറഫുദ്ദൗള ഇബ്നെ ഷാഹിദ്, ഫോര്‍ത് അമ്പയര്‍ വിരേന്ദ്ര ശര്‍മ എന്നിവരും ചേര്‍ന്നാണ് തീരുമാനം എടുത്തത്,’ ഐ.സി.സി പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. പി.സി.ബി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ പരമ്പരയില്‍ അഭിമാന വിജയം സ്വന്തമാക്കാന്‍ വിന്‍ഡീസിന് സാധിച്ചിരുന്നു.

ക്രിക്കറ്റ് പ്രേമികള്‍ ഇനി കാത്തിരിക്കുന്നത് വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്കാണ്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയ ആതിഥേയര്‍, ടി-20 പരമ്പരയിലും കരുത്ത് കാട്ടാനുള്ള തയ്യാറെടുപ്പിലാണ്.

Content Highlight: ICC imposes fines on West Indies and India