മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ചും തങ്ങളെ തമ്മില്‍ അകറ്റിയ ഒരു സിനിമയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടനും സംവിധായകനുമായ എം.ബി പദ്മകുമാര്‍. സംവിധായകന്‍ ലോഹിതദാസുമായുള്ള ബന്ധവും മമ്മൂട്ടി വഴി സിനിമയില്‍ ലഭിച്ച റോളുകളെ കുറിച്ചുമൊക്കെ മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പദ്മകുമാര്‍ പറയുന്നു.
കുട്ടിസ്രാങ്കിലെ വേഷം മമ്മൂട്ടി റെക്കമെന്‍ഡ് ചെയ്തിട്ടാണ് തനിക്ക് കിട്ടിയതെന്നും അതിന് പിന്നാലെ ഈ പട്ടണത്തില്‍ ഭൂതം എന്ന സിനിമയിലേക്കും അദ്ദേഹം റെക്കമെന്‍ഡ് ചെയ്‌തെന്നും എന്നാല്‍ ആ സിനിമയുടെ ലൊക്കേഷനില്‍ താന്‍ നേരിട്ടത് കടുത്ത അവഗണനയാണെന്നും പദ്മകുമാര്‍ പറഞ്ഞു. സംവിധായകന്‍ ജോണി ആന്റണി ഒരു ഡയലോഗ് പോലും നല്‍കാതെ തന്നെ തഴഞ്ഞെന്നും പദ്മകുമാര്‍ പറയുന്നുണ്ട്.
”നിവേദ്യം’ എന്ന സിനിമ കഴിഞ്ഞ സമയത്ത് ലോഹിസാറും ഞാനും തമ്മില്‍ മാനസികമായി വളരെ അടുത്തിരുന്നു. ഞാന്‍ സാധു മനുഷ്യനാണെന്ന് അറിഞ്ഞിട്ട് അദ്ദേഹം എന്നെ കൂടെ കൂട്ടിയതായിരിക്കും. അല്ലാതെ എന്റെ കഴിവൊന്നും കണ്ടിട്ടല്ല.
എന്റെ ചെറിയ ചെറിയ തിരക്കഥകളൊക്കെ അദ്ദേഹത്തെ കാണിക്കാറുണ്ടായിരുന്നു. ഞാന്‍ ലക്കിടിയിലെ ‘അമരാവതി’യില്‍ സാറിന്റെ വീട്ടില്‍ പോകും. ഞാനും സാറും മാത്രമേ വീട്ടില്‍ കാണൂ. രാത്രികാലങ്ങളില്‍ അവിടുന്ന് പാചകം ഒക്കെ ചെയ്ത് ഞങ്ങള്‍ കഴിച്ചിട്ട് ആ വീടിന്റെ ഉമ്മറത്ത് ഇരിക്കും.
പദ്മകുമാര്‍
ഒരു 11 മണിക്ക് ഇരിക്കുന്നതാണ്. അദ്ദേഹം ചാരുകസേരയില്‍ ചാരി കിടക്കുമ്പോള്‍ അദ്ദേഹം ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല, പക്ഷേ ഞാന്‍ അദ്ദേഹത്തിന്റെ കാലെടുത്ത് എന്റെ മടിയില്‍ വെച്ചിട്ട് ഞാന്‍ തിരുമ്മി കൊടുക്കുമായിരുന്നു. കെട്ടഴിച്ചുവിട്ട പട്ടം പോലെ അദ്ദേഹത്തിന്റെ മനസ് ഇങ്ങനെ പറന്നു പോകുമായിരുന്നു.
അങ്ങനെ ഒരു ദിവസം ലോഹി സാര്‍ എന്നോട് പറഞ്ഞു, നീ ഒരു കാര്യം ചെയ്യ്, നീ സിനിമകള്‍ റഫര്‍ ചെയ്യുന്ന സമയത്ത് വീഡിയോ ഓഫ് ചെയ്തിട്ട് മമ്മൂട്ടിയുടെ സൗണ്ട് മാത്രം കേള്‍ക്കണം എന്ന് പറഞ്ഞു. നിന്നില്‍ ഒരു നടന്‍ കിടപ്പുണ്ട് അതിനെ പോളിഷ് ചെയ്യൂ, അത്രമാത്രം മോഡുലേറ്റ് ചെയ്ത നടനാണ് മമ്മൂട്ടി സാര്‍ എന്ന് പറഞ്ഞു.
അത് ഞാന്‍ ഇങ്ങനെ സ്ഥിരമായിട്ട് കേള്‍ക്കുമയിരുന്നു. സാര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ആദ്യമായിട്ട് മമ്മൂട്ടി സാറിനെ വിളിച്ചു. ആ നമ്പര്‍ ഇപ്പോഴും എന്റെ മൊബൈലില്‍ കിടക്കുന്നത് ലോഹി സാര്‍ തന്നതാണ്. അങ്ങനെ ഞാന്‍ മമ്മൂട്ടി സാറിനെ വിളിക്കുകയും അദ്ദേഹം ഫോണെടുക്കുകയുമൊക്കെ ചെയ്തു.
അങ്ങനെ ഒരു റംസാന്‍ സമയത്ത് അദ്ദേഹത്തെ വിളിച്ചിട്ട് പറഞ്ഞു, ‘സാര്‍ ഞാന്‍ ഒരു സക്കാത്ത് ചോദിച്ചോട്ടെ’ എന്ന്. എനിക്ക് അത്രമാത്രം ആരാധനയായിരുന്നു. എനിക്ക് അങ്ങയുടെ ഒരു സീനില്‍ സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യണം എന്നൊരു ആഗ്രഹം ഉണ്ടെന്ന് പറഞ്ഞു.
കുട്ടിസ്രാങ്ക്
പുള്ളി ചിരിച്ചു, ഫോണ്‍ കട്ട് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ എന്നെ ജോര്‍ജേട്ടന്‍ വിളിച്ചിട്ട് ഷാജി എന്‍. കരുണ്‍ സാറിനെ പോയി കാണാന്‍ പറഞ്ഞു. അദ്ദേഹവും ഞാനിങ്ങനെ ആരാധിക്കുന്ന മനുഷ്യനാണ്. അവിടെ ചെന്നപ്പോള്‍ ‘കുട്ടിസ്രാങ്കില്‍’ വളരെ പവര്‍ഫുള്‍ ആയിട്ടുള്ള ഒരു ക്യാരക്ടറിലേക്കാണ് മമ്മൂട്ടി സാര്‍ എന്നെ കാസ്റ്റ് ചെയ്തത്.
ആദ്യത്തെ ഷോട്ട് തന്നെ മമ്മൂട്ടി സാറിന്റെ കയ്യില്‍ പിടിച്ചിട്ട് ‘എടാ സ്രാങ്കേ’ എന്ന് വിളിക്കുന്നതാണ്. ഞാന്‍ വിറച്ചു നില്‍ക്കുന്നത് കണ്ടിട്ട് അദ്ദേഹം പറഞ്ഞു, ‘ക്യാമറയ്ക്ക് പത്മകുമാറിനെയും മമ്മൂട്ടിയെയും അറിയില്ല, ആ ക്യാരക്ടേഴ്‌സിനെ മാത്രമേ അറിയൂ. നീ പാളിപ്പോയാല്‍ നിന്റെ കരിയര്‍ ആണ് ഇതോടെ നശിക്കുന്നത്’ എന്ന് പറഞ്ഞു.
അതിന് ശേഷം ഞങ്ങള്‍ തമ്മിലുള്ള ഷോട്ട്‌സ് എല്ലാം ഒറ്റ ടേക്കില്‍ പോയി. ആ സിനിമയിലുടനീളം. അതില്‍ ഡബ്ബ് ചെയ്തത് വേറൊരാളാണ്.
ഈ പടം തീര്‍ന്നു കഴിഞ്ഞിട്ട് മമ്മൂട്ടി സാര്‍ എന്നോട് ബോഡിയൊക്കെ എങ്ങനെയുണ്ടെന്ന് ചോദിച്ചു. കുഴപ്പമില്ല സാര്‍ എന്ന് പറഞ്ഞു. ആവശ്യം വരുമെന്ന് പറഞ്ഞു. അത് കഴിഞ്ഞ് ഒരു പത്തുദിവസം കഴിഞ്ഞ് ജോര്‍ജേട്ടന്‍ വിളിച്ചിട്ട് ജോണി ആന്റണിയെ പോയി കാണാന്‍ പറഞ്ഞു.
ആലുവയിലെ ലൊക്കേഷനില്‍ ചെന്നപ്പോള്‍ ജോണി ആന്റണി എന്നെ കാണാന്‍ സമ്മതിക്കാതെ രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം വരെ നിര്‍ത്തി.
മമ്മൂട്ടി സാര്‍ വന്നപ്പോള്‍ കണ്ടില്ലേ എന്ന് ചോദിച്ചു. ഇല്ല സാര്‍ അദ്ദേഹം തിരക്കിലാണെന്ന് പറഞ്ഞു. അപ്പോള്‍ മമ്മൂട്ടി സാര്‍ തന്നെ വന്ന് എന്നെ കാണിച്ചിട്ട് ‘ജോണി ഇതാണ് ഞാന്‍ പറഞ്ഞ പത്മകുമാര്‍ എന്ന് പറഞ്ഞു.
ആണോ എന്ന് ചോദിച്ചു. ശരി സര്‍ നമുക്ക് ഷൂട്ട് തുടങ്ങാമെന്ന് പറഞ്ഞു. ആ സിനിമയില്‍ മമ്മൂട്ടി സാര്‍ എന്നെ കാസ്റ്റ് ചെയ്തതാണ്. പക്ഷേ ആ സിനിമയാണ് അദ്ദേഹത്തേയും എന്നേയും അകറ്റിക്കളഞ്ഞത്.
കാരണം ഈ സിനിമയിലെ ഒരിടത്ത് പോലും എനിക്കൊരു ഡയലോഗ് തന്നില്ല. 35 ദിവസം ഞാന്‍ ആ ലൊക്കേഷനില്‍ പോയി വരുന്നു. ഒരു പൈസ പോലും തന്നില്ല. മാത്രമല്ല ലൊക്കേഷനില്‍ പലരും എന്നെ ടോര്‍ച്ചര്‍ ചെയ്തു. ഞാന്‍ കരഞ്ഞിട്ടുണ്ട്. ഞാന്‍ ലോഹി സാറിനെ വിളിച്ച് ഇതാണ് കാര്യമെന്നൊക്കെ പറഞ്ഞിരുന്നു.
ഷൂട്ട് തീര്‍ന്നതിന്റെ രണ്ടാം ദിവസം ഡയറക്ടറെ വിളിച്ചിട്ട് ഞാന്‍ എന്ത് തെറ്റാണ് അങ്ങയോട് ചെയ്തത്, ഒരു ഡയലോഗുപോലും അങ്ങെനിക്ക് തന്നില്ല. പലരും ലൊക്കേഷനില്‍ എന്നെ ഇന്‍സള്‍ട്ട് ചെയ്തു എന്താണ് സാര്‍ കാര്യം എന്ന് ചോദിച്ചു.
ജോണി ആന്റണി
നിങ്ങളെ എനിക്ക് ഇഷ്ടമായില്ല, എന്റെ ക്യാരക്ടര്‍ നിങ്ങള്‍ അല്ലായിരുന്നു, ബോംബെയില്‍ നിന്ന് വരുന്ന ഒരു മോഡല്‍ ആയിരുന്നെന്ന് പറഞ്ഞു. നിങ്ങളെപ്പോലുള്ള ഒരാളല്ല തേജ എന്ന ബൈക്ക് റൈസര്‍ എന്ന് പറഞ്ഞു.
അദ്ദേഹം പറഞ്ഞത് 100 ശതമാനം ശരിയാണ്. കുറച്ചുകൂടി മസിലൊക്കെയുള്ള ആളായിരിക്കണം ആ ക്യാരക്ടര്‍ ചെയ്യേണ്ടിയിരുന്നത്. അതിന്റെ ദേഷ്യമാണ് ഷൂട്ടിലുടനീളം കാണിച്ചത്. എന്നിലുള്ള വിശ്വാസം കൊണ്ടാണ് മമ്മൂട്ടിസാര്‍ റെക്കമെന്‍ഡ് ചെയ്തത്. അതുകൊണ്ട് ഇവര്‍ക്ക് മാറ്റാനും പറ്റിയില്ല. മമ്മൂക്ക പക്ഷേ ഒരു പ്യുവര്‍ സോള്‍ ആണ്. അദ്ദേഹത്തിന് ജാതിയില്ല, മതമില്ല ഒന്നുമില്ല. ടാലന്റായ ഒരാളെ കണ്ടാല്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്,’ പദ്മകുമാര്‍ പറഞ്ഞു.
Content Highlight: I was tortured throughout the shoot, MB Padmakumar about Mammootty and Johny antony
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.