മലയാള സിനിമയില്‍ ഓരോ കഥാപാത്രത്തെയും അതിന്റെ സ്വഭാവത്തിനും കഥാസന്ദര്‍ഭത്തിനും അനുസരിച്ച് വ്യത്യസ്തമായി സമീപിക്കുന്ന നടനാണ് വിനയ് ഫോര്‍ട്ട്. കഥാപാത്രത്തിന്റെ സ്വഭാവത്തിനനുസരിച്ച് അഭിനയശൈലിയില്‍ മാറ്റം വരുത്താനും, കഥാപാത്രത്തെ അതിന്റെ കൃത്യം മീറ്ററില്‍ കൊണ്ടുവരാനും അദ്ദേഹം ശ്രമിക്കാറുണ്ട്. ഒരേ സമയത്ത് രണ്ട് സിനിമകളില്‍ രണ്ട് വ്യത്യസ്ത പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുഭവം പങ്കുവെക്കുകയാണ് വിനയ് ഫോര്‍ട്ട്.

‘മോഹിനിയാട്ടം’ എന്ന ചിത്രത്തിലെ പൊലീസുകാരനും ‘പ്രഥമദൃഷ്ടി’യിലെ പൊലീസുകാരനും ഒരേ സമയത്താണ് താന്‍ ചെയ്തതെന്നും, രണ്ട് കഥാപാത്രങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നുവെന്നും വിനയ് പറയുന്നു.

‘മോഹിനിയാട്ടം’യിലെ കഥാപാത്രം കൂടുതല്‍ ഹൈ വോള്‍ട്ടേജും കാരിക്കേച്ചര്‍ സ്വഭാവമുള്ളതുമായിരുന്നെങ്കില്‍, ‘പ്രഥമദൃഷ്ടി’യിലെ കഥാപാത്രത്തെ പരമാവധി റിയലിസ്റ്റിക്കായി അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്നും താരം വ്യക്തമാക്കി.

‘ബോധപൂര്‍വം ശ്രമിച്ച ഒരു കാര്യമുണ്ട് ഈ സിനിമയില്‍. ഞാന്‍ ഒരേ സമയം രണ്ട് പൊലീസുകാരെ ചെയ്യുകയാണ്. മോഹിനിയാട്ടവും ഇതും. മോഹിനിയാട്ടത്തിലെ പൊലീസ് കുറച്ചുകൂടി വെഗളി പിടിച്ച രീതിയില്‍ ഹൈ വോള്‍ട്ടേജ് പരിപാടിയാണ്. കുറച്ചുകൂടി കാരിക്കേച്ചര്‍ സ്വഭാവത്തിലാണ്. അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിട്ട് ഏറ്റവും സബ്റ്റിലായി, ഏറ്റവും റിയലായി ഇതിലെ കഥാപാത്രത്തെ എങ്ങനെ ചെയ്യാന്‍ പറ്റുമെന്നതിലായിരുന്നു ശ്രദ്ധിച്ചത്,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

എന്നാല്‍ കഥാപാത്രത്തെ സബ്റ്റിലായി അവതരിപ്പിക്കുമ്പോഴും സിനിമയുടെ ആവശ്യമായ എനര്‍ജി നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നുവെന്നും വിനയ് പറയുന്നു. ഒരു കൊമേഴ്‌സ്യല്‍ സിനിമയില്‍ നടന്റെ വ്യക്തിപരമായ പ്രകടനത്തേക്കാള്‍ പ്രധാനപ്പെട്ടത് സംവിധായകന്റെ വിഷന്‍ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കുന്നത് തന്നെ വലിയൊരു ഭാഗ്യമായാണ് കാണുന്നതെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. നിരവധി പേര്‍ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ ഒരു സംവിധായകന്‍ അവസരം നല്‍കുന്നതും, തിരക്കഥാകൃത്ത് വിശ്വാസത്തോടെ ഒരു കഥാപാത്രത്തെ ഏല്‍പ്പിക്കുന്നതും, നിര്‍മാതാവ് തന്റെ സമ്പാദ്യം സിനിമയ്ക്കായി മുടക്കുന്നതുമെല്ലാം ഒരു നടന്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മളെപ്പോലുള്ളവര്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ പറ്റുന്നത് തന്നെ വലിയ കാര്യമാണ്. ഒരു സംവിധായകന്‍ നമുക്ക് ഒരു അവസരം തരുകയാണ്. ഒരു തിരക്കഥാകൃത്ത് നമ്മളെ വിശ്വസിച്ച് ഒരു കഥാപാത്രം ഏല്‍പ്പിക്കുകയാണ്. ഒരു പ്രൊഡ്യൂസര്‍ വന്ന് അയാളുടെ ലൈഫ് ടൈം സേവിങ് നമ്മുടെ മുകളില്‍ വെക്കുകയാണ്. അപ്പോള്‍ നമ്മള്‍ ഒരു സീനില്‍ വരുമ്പോള്‍ ഈ ഫിലിം മേക്കറുടെ വിഷന് മുകളില്‍ നമുക്ക് ചെയ്യാന്‍ പറ്റണം,’ വിനയ് പറഞ്ഞു.

ഒരു സീന്‍ മികച്ചതാക്കുന്നതിനൊപ്പം സഹതാരത്തിന്റെ പ്രകടനത്തിനും ഇടം നല്‍കേണ്ടതുണ്ടെന്നും വിനയ് കൂട്ടിച്ചേര്‍ത്തു. സ്വന്തം പ്രകടനം ഉയര്‍ത്തിക്കാട്ടുന്നതിനായി മറ്റൊരു അഭിനേതാവിന്റെ സ്‌പേസ് കവര്‍ ചെയ്യാതിരിക്കുക എന്നതും കഥാപാത്രത്തെയും സീനിനെയും സമീപിക്കുമ്പോള്‍ പ്രധാനമായി പരിഗണിക്കുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഒരു സീന്‍ അപ്ലിഫ്റ്റ് ചെയ്യണം. അതേസമയം തന്നെ എന്റെ ഒരു കോ-ആക്ടറിന്റെ സ്‌പേസ് അടിച്ചുമാറ്റാനും പാടില്ല. ഇങ്ങനെ കുറേ കാര്യങ്ങള്‍ വെച്ചിട്ടാണ് നമ്മള്‍ ഒരു ക്യാരക്ടറിനെയും സീനിനെയും അപ്രോച്ച് ചെയ്യുന്നത്. ഇതാണ് പ്രയോറിറ്റി. ബാക്കിയെല്ലാം സെക്കന്‍ഡറിയാണ്,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

തുടര്‍ച്ചയായി നാല് സിനിമകള്‍ വിജയകരമായി മാറുമ്പോള്‍ ലഭിക്കുന്ന സന്തോഷത്തേക്കാള്‍ തനിക്ക് അനുഭവപ്പെടുന്നത് സംതൃപ്തിയാണെന്നും താരം പറയുന്നു. സിനിമയുടെ വിജയവും ‘ഭാഗ്യതാരം’ എന്ന വിശേഷണങ്ങളുമെല്ലാം രണ്ടാമതാണെന്നും, പ്രേക്ഷകര്‍ക്ക് മുന്നില്‍ തന്റെ അഭിനയം എത്തുന്നുവെന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും വിനയ് വ്യക്തമാക്കി.

‘ മലയാളത്തിലെ ഭാഗ്യതാരം എന്നൊക്കെ പറയുന്നത് സെക്കന്‍ഡറിയാണ്. നമ്മള്‍ അഭിനയിക്കുന്നത് ആളുകള്‍ക്ക് കാണാന്‍ വേണ്ടിയിട്ടാണ്. എന്നെ സംബന്ധിച്ച് ഈ നാല് സിനിമകള്‍ തുടര്‍ച്ചയായി വര്‍ക്കാവുമ്പോള്‍ എന്റെ മനസില്‍ സന്തോഷത്തേക്കാള്‍ അപ്പുറം സംതൃപ്തിയാണ്,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

Content Highlight: I played police officers in ‘Mohiniyattam’ and ‘Prathama Drishtya’ at the same time; I focused on one thing: Vinay Forrt