എണ്‍പതുകളിലെ മലയാള സിനിമയിലെ ശ്രദ്ധേയനായ നായകനായിരുന്നു ശങ്കര്‍. മലയാളത്തിന് പുറമെ തമിഴിലും നിരവധി സിനിമകളില്‍ അഭിനയിച്ച താരം അക്കാലത്ത് മലയാളത്തിലെ മുന്‍നിര നായികമാരായ മേനക, അംബിക തുടങ്ങിയവര്‍ക്കൊപ്പം നിരവധി സിനിമകളില്‍ വേഷമിട്ടിരുന്നു.

ശങ്കര്‍-മേനക ജോഡിയെ ചുറ്റിപ്പറ്റിയുള്ള പ്രണയഗോസിപ്പുകള്‍ അക്കാലത്ത് സിനിമാലോകത്ത് സജീവമായിരുന്നു. എന്നാല്‍ തനിക്ക് ക്രഷ് തോന്നിയിരുന്നത് മേനകയോടല്ല, നടി അംബികയോടായിരുന്നുവെന്നാണ് ശങ്കര്‍ പറയുന്നത്. അംബികയുമായി നല്ല സൗഹൃദമായിരുന്നു ഉണ്ടായിരുന്നതെന്നും താരം വ്യക്തമാക്കി.

താന്‍ സിനിമയില്‍ എത്തുന്ന സമയത്ത് അംബിക മലയാള സിനിമയിലെ വലിയ താരമായിരുന്നുവെന്നും അന്ന് അവരോട് ക്രഷ് തോന്നിയിരുന്നുവെന്നുമാണ് ശങ്കര്‍ 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

‘ഞാന്‍ സിനിമയില്‍ വരുന്ന സമയത്ത് അംബിക മലയാള സിനിമയില്‍ വലിയ സ്റ്റാറായി നില്‍ക്കുന്ന സമയമാണ്. ഞാന്‍ അവരുടെ കൂടെ ഒരു സിനിമയില്‍ അഭിനയിച്ചു. സിനിമയില്‍ വന്ന സമയത്ത് അവരോട് ക്രഷ് തോന്നിയിരുന്നു.

‘ഞങ്ങള്‍ നല്ല ഫ്രണ്ട്സായിരുന്നു. അടുത്തുതന്നെയാണ് താമസിച്ചിരുന്നത്. വേറെ രീതിയിലേക്കൊന്നും പോയില്ല. അന്നത്തെ തിരക്കും കാര്യങ്ങളുമാണ്. മൊബൈലൊന്നുമില്ല. ഞാന്‍ ആണെങ്കില്‍ മേനകയുടെ കൂടെ കുറേ സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അംബിക അവരുടെ സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. പ്രണയം എന്നൊന്നും പറയാന്‍ പറ്റില്ല. നല്ല സുഹൃത്തുക്കളായിരുന്നു’, ശങ്കര്‍ പറഞ്ഞു.

അംബികയ്ക്കൊപ്പം അഞ്ചോ ആറോ സിനിമകളില്‍ മാത്രമാണ് താന്‍ അഭിനയിച്ചതെന്നും മേനകയ്ക്കൊപ്പമാണ് കൂടുതല്‍ സിനിമകള്‍ ചെയ്തതെന്നും ശങ്കര്‍ പറഞ്ഞു. അംബികയ്ക്കൊപ്പം കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ മറ്റൊരു രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയേനെയെന്നും താരം കൂട്ടിച്ചേര്‍ത്തു.

അന്നൊക്കെ ഗോസിപ്പുകള്‍ വരാന്‍ എളുപ്പമാണെന്നും ഒരു തലൈരാഗം എന്ന തന്റെ സിനിമ റിലീസായതിന് പിന്നാലെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നെന്നും ശങ്കര്‍ പറഞ്ഞു.

ഒരു തലൈ രാഗം കഴിഞ്ഞപ്പോള്‍ രൂപ എന്ന് പറയുന്ന നടിയുണ്ട്. അവരാണ് ഹീറോയിന്‍. ദിനതന്തി എന്ന പത്രത്തിലെ ഒരു പത്രക്കാരന്‍ ഞങ്ങളുടെ അടുത്ത് വന്നിട്ട് ചെവിയില്‍ എന്തെങ്കിലും പറയുന്നമാതിരി ഒരു സ്റ്റില്‍ എടുക്കണമെന്ന് പറഞ്ഞു. ഞങ്ങള്‍ അത് എടുത്തു. അത് വലിയ ചര്‍ച്ചയായി. ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്നും കല്യാണം കഴിക്കാന്‍ പോകുകയാണെന്നുമൊക്കെയുള്ള കാര്യങ്ങള്‍ വന്നു. സിനിമയില്‍ ചെറിയ സംഭവം കിട്ടുമ്പോള്‍ അതിനെ വളര്‍ത്തിയെടുക്കുന്നതാണ്’, ശങ്കര്‍ പറഞ്ഞു.

മേനകയുമായുള്ള ബന്ധത്തെക്കുറിച്ചും ശങ്കര്‍ സംസാരിച്ചു. മേനകയുമായി നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിരുന്നെങ്കിലും തങ്ങള്‍ക്കിടയില്‍ പ്രണയം കടന്നുവന്നിട്ടില്ലെന്നും താരം പറഞ്ഞു.

‘ഞാന്‍ അഭിനയിക്കുന്ന സെറ്റുകളില്‍ സുരേഷ് എപ്പോഴും ഉണ്ടാകും. എന്നെ കാണാന്‍ വേണ്ടി വന്ന് വന്ന് അവര്‍ പ്രണയത്തിലായി. പിന്നെ മേനകയെ ഞാന്‍ അങ്ങനെ കണ്ടിട്ടുമില്ല. അവര്‍ എപ്പോഴും ഒരു ഫാമിലി ഓറിയന്റഡായിട്ടുള്ള ആളാണ്. ഞങ്ങള്‍ ഒരു ഫാമിലിയായി മൂവ് ചെയ്യുന്ന ആള്‍ക്കാരായിരുന്നു’, ശങ്കര്‍ പറഞ്ഞു.

സിനിമയില്‍ നിന്ന് ഒരാള്‍ ജീവിതത്തിലേക്ക് വരണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നില്ലെന്നും ശങ്കര്‍ പറഞ്ഞു. സിനിമാരംഗത്തുനിന്നുള്ള വിവാഹങ്ങളെ ചുറ്റിപ്പറ്റി ഗോസിപ്പുകള്‍ നിരന്തരം ഉണ്ടാകുന്നതിനാല്‍ അത്തരം ബന്ധങ്ങള്‍ പലപ്പോഴും പ്രശ്നങ്ങളിലേക്ക് എത്താമെന്നും താരം അഭിപ്രായപ്പെട്ടു.

‘സിനിമയില്‍ നിന്ന് ഒരാള്‍ ജീവിതത്തിലേക്ക് വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. സിനിമയില്‍ നിന്ന് രണ്ട് പേര്‍ കല്യാണം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഗോസിപ്പുകള്‍ ഒരുപാട് വരുന്ന മേഖലയാണ്. അതില്‍ സത്യമില്ലെങ്കിലും അതൊക്കെ പറഞ്ഞ് പരസ്പരം പല പ്രശ്നങ്ങളും ഉണ്ടാകും’, ശങ്കര്‍ പറഞ്ഞു.

Content Highlight: I had a crush on Ambika, not Menaka, says Shankar