ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല; ഒബാമയെ കുരങ്ങനായി ചിത്രീകരിച്ച വീഡിയോയില്‍ മാപ്പ് പറയാതെ ട്രംപ്
Barack Obama
ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല; ഒബാമയെ കുരങ്ങനായി ചിത്രീകരിച്ച വീഡിയോയില്‍ മാപ്പ് പറയാതെ ട്രംപ്
അനിത സി
Saturday, 7th February 2026, 3:07 pm

വാഷിങ്ടണ്‍: മുന്‍ യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമയെയും മുന്‍പ്രഥമവനിത മിഷേല്‍ ഒബാമയെയും അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ചതിനെ നിസാരവത്കരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മാപ്പ് പറയേണ്ട കാര്യം തനിക്കില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ട്രംപിന്റെ ദി ട്രൂത്ത് ഒഫീഷ്യല്‍ അക്കൗണ്ടില്‍ പങ്കിട്ട ഒരു വീഡിയോയില്‍ ഒബാമയെയും മിഷേലിനെയും കുരങ്ങന്മാരായി ചിത്രീകരിക്കുന്ന ക്ലിപ്പ് ഉള്‍പ്പെടുത്തിയിരുന്നു. ഒരു സെക്കന്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പാണ് വീഡിയോയിലുണ്ടായിരുന്നത്.

എന്നാല്‍, തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ജീവനക്കാരനാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും താനത് അറിഞ്ഞിട്ടുപോലുമില്ലെന്നും ട്രംപ് പറഞ്ഞു.

‘എന്റെ ഒരു സ്റ്റാഫ് അംഗം വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് കാണിച്ചിരുന്നു. അതിന്റെ തുടക്കം മാത്രമെ ഞാന്‍ കണ്ടിരുന്നുള്ളൂ. അതില്‍ ഒബാമയുടെയും മിഷേലിന്റെയും ചിത്രീകരണം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല’, ട്രംപ് പറഞ്ഞു.

അതേസമയം, വീഡിയോ ലോകമെമ്പാടും പ്രചരിച്ചതിനെ തുടര്‍ന്ന് ട്രംപിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നത്.

എന്നാല്‍ തുടക്കത്തില്‍ വിമര്‍ശകരെ പരിഹസിക്കുന്ന നിലപാടാണ് വൈറ്റ്ഹൗസ് കൈക്കൊണ്ടത്. ഇതിനെ ഒരു ഇന്റര്‍നെറ്റ് തമാശ വീഡിയോ ആയി കാണണമെന്നും വിമര്‍ശകരുടെത് വ്യാജ പ്രതിഷേധമാണെന്നുമായിരുന്നു വൈറ്റ് ഹൗസിന്റെ പ്രതികരണം.

ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍സിലെ സെനറ്റര്‍മാര്‍ തന്നെ വീഡിയോയ്‌ക്കെതിരെ ശക്തമായ വിമര്‍ശനമാണ് നടത്തിയത്.

ഈ കാലത്തിനിടയ്ക്ക് വൈറ്റ് ഹൗസില്‍ നിന്നും താന്‍ കണ്ട ഏറ്റവും വംശീയമായ കാര്യമെന്ന് റിപ്പബ്ലിക്കന്‍ സെനറ്ററായ ടിം സ്‌കോട്ട് വിമര്‍ശിച്ചിരുന്നു. പ്രതിഷേധം കടുത്തതോടെ ട്രംപ് ഈ വീഡിയോ സ്വന്തം അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്തിരുന്നു.

ജോ ബൈഡന്‍ ട്രംപിനെ പരാജയപ്പെടുത്തിയ 2020ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ നടന്നത് അട്ടിമറിയാണെന്ന് ആരോപിക്കുന്ന 63 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പിലായിരുന്നു ഒബാമയെ അധിക്ഷേപിക്കുന്ന ക്ലിപ്പും ചേര്‍ത്തിരുന്നത്.

കറുത്തവര്‍ഗക്കാരെ കുരങ്ങന്മാരുമായി താരതമ്യം ചെയ്ത് വംശീയ അധിക്ഷേപം നടത്തുന്ന കാരിക്കേച്ചറുകളെ ഓര്‍മിപ്പിക്കുന്ന ക്ലിപ്പാണ് ഒബാമയുടെയും മിഷേലിന്റെയും തലവെട്ടിയൊട്ടിച്ച് നിര്‍മിച്ചിരിക്കുന്നത്. ഈ വീഡിയോ നിര്‍മിച്ചത് സെറിയാസ് എന്ന എക്‌സ് ഉപയോക്താവാണെന്നാണ് വിവരം.

Content Highlight: I did nothing wrong; Trump unapologetically denies Obama’s video

 

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍