കൊല്‍ക്കത്ത: സ്ത്രീധനത്തുക നല്‍കിയില്ലെന്ന് ആരോപിച്ച് ഭാര്യയുടെ വൃക്ക വിറ്റ ഭര്‍ത്താവും സഹോദരനും അറസ്റ്റില്‍. കൊല്‍ക്കത്ത സ്വദേശിയായ യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവായ ബിശ്വജിത് സര്‍ക്കാരിനെയും(28) സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തു.

സ്ത്രീധനത്തുകയായ രണ്ട് ലക്ഷം രൂപ നല്‍കാത്തതിനായിരുന്നു ഭര്‍ത്താവ് തന്നെ കബളിപ്പിച്ച് വൃക്ക വിറ്റതെന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. തന്നെ കബളിപ്പിച്ച് ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വൃക്ക വില്‍ക്കുകയായിരുന്നുവെന്നും ഭര്‍ത്താവിന്റെ സഹോദരനും സ്ത്രീധനത്തിന്റെ പേരില്‍ വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ച് വരികയാണെന്നും യുവതി ആരോപിച്ചു.

രണ്ട് വര്‍ഷം മുമ്പ് വയറുവേദനയെ തുടര്‍ന്നാണ് ഭര്‍ത്താവ് തന്നെ ആശുപത്രിയില്‍ എത്തിച്ചെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം സുഖമാവുമെന്ന് ഡോക്ടര്‍ ഉറപ്പ് പറഞ്ഞതായും യുവതി പറഞ്ഞു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വേദന കലശലായെന്നും താന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് തന്നെ ചികിത്സയ്ക്ക് കൊണ്ടുപോവാന്‍ തയ്യാറായില്ലെന്നും യുവതി പറയുന്നു.

തുടര്‍ന്ന് മൂന്ന് മാസം മുമ്പ് സ്വന്തം വീട്ടുകാര്‍ യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു വൃക്ക ഇല്ലെന്ന കാര്യം തിരിച്ചറിഞ്ഞത്. സംശയം കാരണം മറ്റൊരു ആശുപത്രിയിലും പരിശോധന നടത്തിയെങ്കിലും വൃക്ക നഷ്ടപ്പെട്ടെന്നായിരുന്നു പരിശോധനാ ഫലം. ശസ്ത്രക്രിയയെ കുറിച്ച് ആരോടും പറയരുതെന്ന് ഭര്‍ത്താവ് പറഞ്ഞത് ഇത്‌കൊണ്ടാണെന്ന് അപ്പോള്‍ മാത്രമാണ് മനസിലായതെന്ന് യുവതി പറഞ്ഞു.

അതേസമയം ചത്തീസ്ഗഢിലുളള ഒരു ബിസിനസുകാരന് രണ്ട് ലക്ഷം രൂപയ്ക്ക് വൃക്ക വിറ്റതായി ഇരുവരും സമ്മതിച്ചിട്ടുണ്ട്.