ന്യൂദല്‍ഹി: ഭര്‍ത്താവ് ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുന്നത് ‘ബലാത്സംഗം’ ആയി ഇന്ത്യന്‍ നിയമം കണക്കാക്കാത്ത സാഹചര്യത്തില്‍ ഭര്‍ത്താവിനെതിരെ എങ്ങനെ ഈ കുറ്റം ചുമത്തി വിചാരണ ചെയ്യാനാകുമെന്ന് സുപ്രീം കോടതി.

പ്രായപൂര്‍ത്തിയായ ഭാര്യയുമായി ഭര്‍ത്താവ് നടത്തുന്ന നിര്‍ബന്ധിത ലൈംഗികബന്ധത്തിന് നിയമപരമായ പരിരക്ഷ നല്‍കുന്ന ‘വൈവാഹിക ബലാത്സംഗ ഇളവ്’ നിലനില്‍ക്കെ, കീഴ്‌ക്കോടതികള്‍ക്ക് എങ്ങനെ കേസ് എടുക്കാന്‍ സാധിക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം.

തന്റെ അനുമതിയില്ലാതെ ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് കാണിച്ച് ഭാര്യ നല്‍കിയ ഹരജിക്കെതിരെ പങ്കാളി നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതി ആശങ്കയുന്നയിച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.

‘നിയമത്തില്‍ വൈവാഹിക ബലാത്സംഗ അപവാദം നിലനില്‍ക്കുമ്പോള്‍ ഭര്‍ത്താവിനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുക്കാന്‍ എങ്ങനെ സാധിക്കും? ഇതില്‍ നിങ്ങള്‍ എങ്ങനെ അനുരജ്ഞനം നടത്തും,’ ബെഞ്ച് ചോദിച്ചു.

ബലാത്സംഗം ആരോപിച്ചാണ് ഭാര്യ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, ഭാര്യക്ക് 15 വയസില്‍ കൂടുതലുണ്ടെങ്കില്‍ ഭര്‍ത്താവ് നടത്തുന്ന ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ല എന്ന ഐ.പി.സി 375ാം വകുപ്പിലെ എക്‌സെപ്ഷന്‍ 2′ ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്ന് ഭര്‍ത്താവ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കേസ് റദ്ദാക്കാന്‍ കര്‍ണാടക ഹൈക്കോടതി വിസമ്മതിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ വ്യവസ്ഥയുടെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലാത്തതിനാലും 2024 മുതല്‍ വിഷയം കെട്ടിക്കിടക്കുന്നതിനാലും നിയമത്തിലെ ഈ അപവാദം ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നായിരുന്നു പുരുഷന്റെ അഭിഭാഷകന്റെ വാദം.

എന്നാല്‍ ഈ അപവാദം ഭര്‍ത്താവിന് ഒരു പൂര്‍ണ സംരക്ഷണ കവചമായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും, വിവാഹബന്ധത്തിനുള്ളിലും വ്യക്തിയുടെ ശരീരത്തിന്മേലുള്ള സ്വയംഭരണാവകാശം ബാധകമാണെന്നും സ്ത്രീയുടെ അഭിഭാഷകന്‍ വാദിച്ചു.

‘നിയമത്തില്‍ ഈ അപവാദ വ്യവസ്ഥ നിലവിലുണ്ട്. അത് റദ്ദാക്കുന്നത് വരെ അത് നിയമമായി തന്നെ തുടരും. അങ്ങനെയെങ്കില്‍ 375ാം വകുപ്പ് പ്രകാരമുള്ള നടപടികള്‍ നിലനില്‍ക്കുമോ? അതോ 498എ (ഗാര്‍ഹിക പീഡനം), ഗാര്‍ഹിക പീഡന വിരുദ്ധ നിയമം എന്നിവ പ്രകാരമാണോ കേസ് എടുക്കേണ്ടത്,’ സുപ്രീം കോടതി ചോദിച്ചു.

ഭാരതീയ ന്യായ സംഹിതയിലും ഈ അപവാദ വ്യവസ്ഥ മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ടെന്ന് ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി. നിയമനിര്‍മാണ സഭ ബോധപൂര്‍വ്വം തന്നെ ഇത് നിലനിര്‍ത്തിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഭരണഘടനാ ബെഞ്ച് ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് വരെ വേര്‍പിരിഞ്ഞു ജീവിക്കുന്ന സാഹചര്യമോ അല്ലെങ്കില്‍ കടുത്ത ക്രൂരതയോ ഇല്ലാത്ത പക്ഷം, സമ്മതമില്ലാത്ത ലൈംഗികബന്ധം മാത്രമാണ് ആരോപണമെങ്കില്‍ വിചാരണ കോടതിള്‍ക്ക് ഭര്‍ത്താവിനെതിരെ ബലാത്സംഗക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

വൈവാഹിക ബലാത്സംഗവുമായി ബന്ധപ്പെട്ട ഹരജികള്‍ അന്തിമ വാദത്തിനായി മൂന്ന് ആഴ്ചകള്‍ക്ക് ശേഷം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. തൊഴില്‍പരമായോ നിയമപരമായോ പ്രായപൂര്‍ത്തിയായ ഭാര്യയെ നിര്‍ബന്ധിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുത്തിയാല്‍ ഭര്‍ത്താവിന് സംരക്ഷണം ലഭിക്കണമോ എന്ന സങ്കീര്‍ണമായ നിയമപ്രശ്‌നം ഉയര്‍ത്തുന്ന ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്.

നേരത്തെ ദല്‍ഹി ഹൈക്കോടതി 2022 മേയ് 11-ന് ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് രാജീവ് ശക്ധര്‍ ഈ അപവാദ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച് റദ്ദാക്കിയപ്പോള്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ അതിനെ ശരിവെക്കുകയാണുണ്ടായത്.

തുടര്‍ന്ന് കേസ് സുപ്രീം കോടതിയിലെത്തുകയായിരുന്നു. അതുപോലെ ഭര്‍ത്താവിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള ഹരജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.

Content Highlight: How can a case be registered against a husband when the law states that marital rape is not a crime? — Supreme Court