ഏദന്‍: ചെങ്കടലിലെ ബാബ് അല്‍ മന്‌ദെബിലെ കപ്പല്‍ ഗതാഗതത്തിന് യമനിലെ ഹൂത്തികള്‍ ഫീസ് ചുമത്തിയേക്കുമെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട്. അടുത്തിടെ ബാബ് അല്‍ മന്‌ദെബിലെ കപ്പല്‍ പാതയില്‍ നേരത്തെ സൗദിക്കെതിരെ ഹൂഥികള്‍ നാവിക ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ പാതയില്‍ ഫീസ് ചുമത്താന്‍ ഹൂത്തികള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് വരുന്നത്.
ഹോര്‍മുസ് കടലിടുക്കിന് പകരമായി സൗദി അറേബ്യ ഉപയോഗിക്കുന്ന കപ്പല്‍ പാതയാണ് ബാബ് അല്‍ മന്ദെബ്. ഹൂഥികള്‍ ഈ പാതയില്‍ ഫീസ് ചുമത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സൗദി അറേബ്യ പുതിയ അന്താരാഷ്ട്ര നാവിക സഖ്യം രൂപീകരിച്ചതായി പ്രഖ്യാപിച്ചു. സൗദി അടക്കം 14 രാജ്യങ്ങളാണ് സഖ്യത്തില്‍ പങ്കാളികളാവുക.
എപ്പോള്‍ മുതലാണ് ഹൂത്തികള്‍ കപ്പല്‍ പാതയില്‍ ഫീസ് ഈടാക്കുന്നത് ആരംഭിക്കുക എന്ന് വ്യക്തമല്ല. ജൂലൈ 20നായിരുന്നു ഇറാന്റെ സഖ്യ കക്ഷിയായ ഹൂത്തികള്‍ യു.എസ് സഖ്യകക്ഷിയായ സൗദിക്കെതിരെ നാവിക ഉപരോധം പഖ്യാപിച്ചത്.
ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് യു.എസ് – ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയായിരുന്നു ഹൂത്തികള്‍ അന്ന് ഉപരോധം പ്രഖ്യാപിച്ചത്. സൗദിക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച ഹൂത്തികളുടെ നടപടി സൗദി സഖ്യവും ഹൂത്തികളും തമ്മിലുള്ള യുദ്ധത്തിന്റെ ഒരു പുതിയ ഘട്ടമായും വിലയിരുത്തപ്പെട്ടിരുന്നു.
ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ചെങ്കടല്‍ പാതയില്‍ ഫീസ് ചുമത്താന്‍ ഹൂത്തികള്‍
തീരുമാനിച്ചതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ യുദ്ധം തുടരുന്ന യു.എസിനെ സമ്മര്‍ദത്തിലാക്കാന്‍ ഹൂത്തികളുടെ ഈ നീക്കം സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഹൂത്തി പ്രതിനിധികള്‍ ജൂലൈ ആദ്യം ഇറാനിലെത്തിയിരുന്നു. ഈ സമയത്ത് ഇറാന്‍ പ്രതിനിധികളും ഹൂത്തി പ്രതിനിധികളും ബാബ് അല്‍ മാന്ദെബിലെ കപ്പല്‍ ഗതാഗതം സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി ഇറാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
കപ്പല്‍ പാതയില്‍ ഫീസ് ഈടാക്കാന്‍ തുടങ്ങിയാലും ചൈനീസ് കപ്പലുകള്‍ക്ക് ഇളവുണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി അറേബ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. തങ്ങളുടെ എണ്ണക്കപ്പലുകള്‍ക്ക് തെക്കന്‍ ചെങ്കടലില്‍ ആക്രമിക്കപ്പെടാതെ യാത്ര ചെയ്യാനുള്ള സാഹചര്യം ആവശ്യപ്പെട്ട് ഹൂത്തികളുമായി ചൈന നേരിട്ട് ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് സൗദി അറേബ്യ പുതിയ നാവിക സഖ്യം പ്രഖ്യാപിച്ചത്. ബാബ് അല്‍ മാന്ദബ് പാതയിലെയും ചെങ്കടലിലെയും ഏദന്‍ ഉള്‍ക്കടലിലെയും കപ്പല്‍ ഗതാഗതത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാനാണ് സഖ്യം രൂപീകരിക്കുന്നതെന്ന് സൗദി അറേബ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
തുര്‍ക്കി, കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍, ജോര്‍ദാന്‍, ഈജിപ്ത്, പാകിസ്ഥാന്‍, ജിബൂട്ടി, സൊമാലിയ, ബംഗ്ലാദേശ്, യെമന്‍, സുഡാന്‍, കൊമോറോസ് എന്നീ രാജ്യങ്ങള്‍ സൗദിക്കൊപ്പം സഖ്യത്തില്‍ പങ്കാളികളാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഖത്തറും യു.എ.ഇയും സഖ്യത്തിനായുള്ള കരാറില്‍ ഒപ്പുവച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സഖ്യ രൂപീകരണത്തിനായി സൗദി ഒരു യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതില്‍ 51 രാജ്യങ്ങളുടെ പ്രതിനിധികളെ ക്ഷണിച്ചിരുന്നു. അതില്‍ 43 പേര്‍ പങ്കെടുത്തതായി അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. ചര്‍ച്ചയില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Houthis Considering Imposing Fees on Red Sea Passage, Saudi announces maritime defence alliance
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.