സൗദി കൊളോണിയല്‍ നയം തുടര്‍ന്നാല്‍ അത് അവരുടെ നാശത്തിലേക്കെന്ന് ഹൂത്തികള്‍
World
സൗദി കൊളോണിയല്‍ നയം തുടര്‍ന്നാല്‍ അത് അവരുടെ നാശത്തിലേക്കെന്ന് ഹൂത്തികള്‍
റെന്വര്‍ പി
Friday, 7th August 2026, 8:56 pm

ഏദന്‍: സൗദി അറേബ്യ നിലവില്‍ പിന്തുടരുന്ന കൊളോണിയല്‍ നയങ്ങള്‍ തുടര്‍ന്നുപോയാല്‍ അത് അവരുടെ നാശത്തിന് കാരണമാവുമെന്ന് യെമനിലെ ഹൂത്തികള്‍. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ ഹൂത്തിി നിയന്ത്രണത്തിലുള്ള യെമനി വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഇപ്പോഴുള്ള കൊളോണിയല്‍ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും തുടര്‍ന്നാല്‍ ഒരിക്കലും തിരിച്ചുവരവില്ലാത്ത അവസ്ഥയിലേക്കാണ് സൗദി എത്തിച്ചേരുകയെന്നും പ്രസ്താവനയില്‍ പറയുന്നു.

സൗദി ഭരണകൂടത്തിന്റെ നാശത്തിലേക്ക് മാത്രമാണ് അവരുടെ കോളനി വല്‍ക്കരണ നീക്കങ്ങളും ആധിപത്യം നേടാനുള്ള ശ്രമങ്ങളും എത്തിച്ചേരുകയെന്ന ഹൂത്തികളുടെ മുന്‍ നിലപാടും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ യെമന്‍ ആവര്‍ത്തിക്കുന്നു. സൗദിയുടെ ഭാഗത്ത് നിന്ന് ആക്രമണങ്ങള്‍ വര്‍ധിച്ചാല്‍ അതിനെതിരെ ശക്തമായ പ്രതികണമുണ്ടാവുമെന്ന് ഹൂത്തികള്‍ സമീപകാലത്തെ അവരുടെ പ്രതികരണങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന.

യെമനില്‍ സൗദി ഭരണകൂടത്തിന്റെ ഇടപെടല്‍ എത്രത്തോളമാണെന്ന് ഓരോ ദിവസം കഴിയുംതോറും വെളിപ്പെടുകയാണെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. യെമനിലെ സൗദിയുടെ ക്യാമ്പുകള്‍ ലക്ഷ്യം വെക്കുന്നതുമായി അവരുടെ വിലാപം ലോകം കേള്‍ക്കുമെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നതായി യെമന്റെ സബ ന്യൂസ് ഏജന്‍സിയുടെ ഹൂത്തി നിയന്ത്രണത്തിലുള്ള വിഭാഗം റിപ്പോര്‍ട്ട് ചെയ്തു.

യെമന്‍ പ്രദേശങ്ങളില്‍ സൗദി ഭരണകൂടം പുതിയ ക്യാമ്പുകള്‍ സ്ഥാപിക്കുന്നുണ്ട്. യെമന്‍ സായുധ സേന തങ്ങളുടെ ഭൂമിയില്‍ ഈ ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

കൊളോണിയല്‍ പ്രവര്‍ത്തനങ്ങളിലൂടെ സൗദി ഭരണകൂടം തിരിച്ചുവരാന്‍ സാധ്യതയില്ലാത്ത ഒരു ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അത് അതിന്റെ ക്രിമിനല്‍ ചരിത്രത്തിന്റെ ഗതി മാറ്റിറിച്ചേക്കാം. എല്ലാ മാനദണ്ഡങ്ങളും നിയമങ്ങളും ചട്ടങ്ങളും പ്രകാരം യെമന് സ്വന്തം സുരക്ഷക്കും സ്ഥിരതക്കും വേണ്ടി ഏതൊരു ശത്രുതാപരമായ പ്രവര്‍ത്തനങ്ങളെയും നേരിടാനുള്ള പൂര്‍ണ്ണ അവകാശമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

‘അപലപിക്കാനായി ശബ്ദമുയര്‍ത്തുന്നവര്‍ തങ്ങളുടെ ഭൂമി സൗദി ഉദ്യോഗസ്ഥര്‍ക്ക് ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിനും സായുധ സംഘങ്ങളെ നിര്‍മിക്കുന്നതിനും കൂലിപ്പടയാളികളെ റിക്രൂട്ട് ചെയ്യുന്നതിനും വിട്ടുകൊടുക്കണം’ എന്നും പ്രസ്താവനയില്‍ പറയുന്നു. യെമനിലെ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലും വിദേശ രാജ്യങ്ങളും സൗദിക്കെതിരായ ഹൂത്തി ആക്രമണത്തെ അപലപിച്ച പശ്ചാത്തലത്തിലാണ് പ്രസ്താവനയിലെ ഈ പ്രതികരണം.

അധിനിവേശത്തിന്റേതായ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കലും സമാധാനത്തിന്റെ പാത പിന്തുടരലും ഉപരോധം നീക്കലുമാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗം. കൊളോണിയല്‍ പ്രവണതകള്‍ സൗദി ഭരണകൂടത്തിനും അതിന്റെ രാജ്യത്തിനും ഒരു നാശമല്ലാതെ മറ്റൊന്നുമല്ലെന്നും വരുന്നില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാവുകയാണെന്ന് പറഞ്ഞാണ് മന്ത്രാലയം പ്രസ്താവന അവസാനിപ്പിച്ചത്.

സൗദിയുടെ ഉപരോധത്തിനും ആക്രമണങ്ങള്‍ക്കും എതിരെ യെമന്‍ ഹൂത്തികളുടെ പ്രതികരണം തുടരുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. യെമനില്‍ സൗദി നടത്തിവരുന്നത് കൊളോണിയല്‍ പദ്ധതികളാണെന്ന് ഹൂത്തി ഉദ്യോഗസ്ഥര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. യെമന്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലുമുള്ള ഉപരോധങ്ങളും യെമന്‍ പ്രദേശത്തിന്റെ ചില ഭാഗങ്ങള്‍ കൈവശപ്പെടുത്താനുമുള്ള സൗദിയുടെ ശ്രമങ്ങളും കൊളോണിയല്‍ പദ്ധതിയുടെ ഭാഗമാണെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

യെമനിലെ ഹൂത്തികളും സൗദി അറേബ്യയും തമ്മിലുള്ള സംഘര്‍ഷം സമീപ കാലത്ത് രൂക്ഷമായിരുന്നു. കഴിഞ്ഞ മാസം സന്‍ആ വിമാനത്താവളത്തില്‍ സൗദി അറേബ്യ വ്യോമാക്രമണം നടത്തിയതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ സംഘര്‍ഷം രൂക്ഷമായത്.

സന്‍ആ ആക്രമണത്തിന് തിരിച്ചടിയായി ഹൂത്തികള്‍ സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തിരുന്നു.

12 വര്‍ഷമായി സൗദി സഖ്യം ഹൂത്തി നിയന്ത്രണത്തിലുള്ള യെമനെതിരെ ഉപരോധം തുടരുന്നുണ്ട്. ഇതിനെതിരെ ഹൂത്തികള്‍ സൗദിക്കെതിരെ നാവിക ഉപരോധവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സൗദിയെ ലക്ഷ്യമിട്ട് ചെങ്കടലിലെ ബാബ് അല്‍ മന്ദെബിലെ കപ്പല്‍ ഗതാഗതത്തിന് ഫീസ് ചുമത്തുന്ന കാര്യം യെമനിലെ ഹൂത്തികള്‍ പരിഗണിക്കുന്നതായും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Content Highlight: Houthies warns Saudi regime: Persistence in colonial policies will lead to its collapse

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.