എഡിറ്റര്‍
എഡിറ്റര്‍
എന്റെ അച്ഛന്‍ നിരപരാധിയാണ്; അദ്ദേഹവുമായി തനിക്ക് തെറ്റായി ഒരു ബന്ധവുമില്ല; ഒളിവില്‍ കഴിയവെ നല്‍കിയ അഭിമുഖത്തില്‍ ഹണിപ്രീത്
എഡിറ്റര്‍
Tuesday 3rd October 2017 10:30am

ന്യൂദല്‍ഹി: തന്നെ കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളൊന്നും ശരിയല്ലെന്ന് ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗധാ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ ദത്തുപുത്രി ഹണിപ്രീത്. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹണി. ഒളിവില്‍ കഴിയവേ ഒരു യാത്രയ്ക്കിടെയാണ് അവര്‍ ഇന്ത്യാ ടുഡേയ്ക്ക് അഭിമുഖം നല്‍കിയത്.

ഗുര്‍മീതിന്റെ അറസ്റ്റിന് പിന്നാലെ ഞാന്‍ ഭയത്തിലാണ്. നിലവിലെ എന്റെ മാനസികാവസ്ഥ വിവരിക്കാന്‍ സാധിക്കുന്നില്ല. എന്നെ ഒറ്റുകാരിയായാണ് ഇപ്പോള്‍ പലരും കാണുന്നത്. എന്നാല്‍ അങ്ങനെയല്ല. പിതാവിന്റെ അനുമതിയില്ലാതെ കോടതിയില്‍ പോകാന്‍ തനിക്ക് കഴിയില്ലെന്നും ഹണിപ്രീത് പറയുന്നു.

കലാപമുണ്ടാക്കാന്‍ താങ്കള്‍ ഗൂഢാലോചന നടത്തിയെന്നാണല്ലോ ആരോപിക്കുന്നത് എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നും അത്തരത്തില്‍ എന്തെങ്കിലും തെളിവ് അവരുടെ പക്കലുണ്ടെങ്കില്‍ അത് കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കണമെന്നും ഹണിപ്രീത് പറഞ്ഞു.

എനിക്ക് കലാപത്തില്‍ പങ്കുണ്ടെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഇതുവരെ എനിക്കെതിരായി ഒരു തെളിവുപോലും ഉണ്ടാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഞാന്‍ എങ്ങനെയാണ് തെറ്റുകാരിയാകുന്നത്. ഒരു മകളുടെ കടമ മാത്രമേ ഞാന്‍ ചെയ്തുള്ളൂ. ഞാന്‍ ആരോടും ഒന്നിനെ കുറിച്ചും സംസാരിച്ചിട്ടില്ല. പിന്നെ എങ്ങനെ കലാപത്തിന്റെ ഗൂഢാലോചന നടത്തും. എല്ലാം നന്നായി അവസാനിക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് കോടതിയെ സമീപിക്കാന്‍ തയ്യാറായത്. എന്നാല്‍ വിധി എനിക്ക് എതിരായിരുന്നു.

ഗുര്‍മീതുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരച്ഛനും മകളും തമ്മിലുള്ള വിശുദ്ധ ബന്ധത്തെ എങ്ങനെയാണ് ഒരാള്‍ക്ക് ചോദ്യം ചെയ്യാന്‍ കഴിയുകയെന്നായിരുന്നു ഹണിപ്രീതിന്റെ ചോദ്യം. മാധ്യമങ്ങള്‍ എന്നെ പ്രൊജക്ട് ചെയ്യുന്നു എന്നത് വലിയ ആശങ്കയാണ്. ഒരു പിതാവും മകളും തമ്മിലുള്ള ബന്ധത്തില്‍ അവര്‍ അപവാദം കണ്ടെത്തുകയാണ്. ഒരച്ഛന് മകളുടെ ദേഹത്ത് കൈവയ്ക്കാന്‍ പാടില്ലേ? മകള്‍ അച്ഛനെ സ്‌നേഹിക്കാന്‍ പാടില്ലേ? – ഹണിപ്രീത് ചോദിക്കുന്നു.

താങ്കളുടെ ക്യാമ്പിലുള്ള വിശ്വാസ് ഗുപ്ത ഉള്‍പ്പെടെ നിങ്ങളുടെ ബന്ധത്തെ കുറ്റപ്പെടുത്തുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഗുപ്തയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യം തനിക്കില്ലെന്നും അവര്‍ക്ക് തങ്ങളുടെ കമ്യൂണിറ്റില്‍ വലിയ പ്രധാന്യമൊന്നും ഇല്ലെന്നായിരുന്നു ഹണിയുടെ മറുപടി.

ഞാന്‍ ഡിപ്രഷനിലായിരുന്നു. പിതാവിനൊപ്പം ദേശസ്‌നേഹത്തെ കുറിച്ച് സംസാരിച്ച പെണ്‍കുട്ടി ജയിലേക്ക് പോകേണ്ട അവസ്ഥയിലായി. എനിക്കെതിരെ രാജ്യദ്രോഹക്കുറ്റം വരെ ചുമത്തി. നിയമവശങ്ങളെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. അച്ഛന് പോയ ശേഷം എനിക്ക് സഹായത്തിന് ആരുമില്ലാത്ത ഒരവസ്ഥയായി. ഹരിയാന-പഞ്ചാബ് ഹൈക്കോടതിയില്‍ പോകാനാണ് ഇപ്പോള്‍ എന്റെ തീരുമാനം. എന്നാല്‍ ഇപ്പോഴത്തെ മാനസികനിലയില്‍ നിന്നും മുക്തയാകേണ്ടതുണ്ട്.

സിനിമാ താരമാകാനാണോ ഗുരുജിയ്‌ക്കൊപ്പം കൂടിയത് എന്ന ചോദ്യത്തിന് തനിക്ക് അഭിനയിക്കാന്‍ ആഗ്രഹമൊന്നുമില്ലെന്നും എല്ലായ്‌പ്പോഴും ക്യാമറയ്ക്ക് പിറകില്‍ നില്‍ക്കാനാണ് തനിക്ക് ഇഷ്ടമെന്നുമായിരുന്നു ഹണിപ്രീതിന്റെ മറുപടി.

ആശ്രമത്തില്‍ സ്ത്രീകള്‍ക്ക് നേരെ വലിയ രീതിയിലുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് നടക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് ഒരൊറ്റ കത്തിന്റെ പുറത്ത് എങ്ങനെയാണ് ഒരാളെ കുറ്റക്കാരനാക്കുക എന്നായിരുന്നു ഹണിയുടെ ചോദ്യം.

എന്റെ അച്ഛന്‍ നിരപരാധിയാണ്. അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കപ്പെടുക തന്നെ ചെയ്യും. ദേരയിലെ സ്ത്രീകളുടെ അഭിപ്രായം ആ ഘട്ടത്തില്‍ വിലപ്പോവില്ലെന്നും ഹണിപ്രീത് പറയുന്നു. എനിക്കും അച്ഛനും നിതീന്യായ വ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ട്. ഞങ്ങള്‍ക്ക് നീതി ലഭിക്കുമെച്ച് ഉറച്ചവിശ്വാസമുണ്ടെന്നും ഹണിപ്രീത് പറയുന്നു.

Advertisement