ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Heavy Rain
ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ന്യൂസ് ഡെസ്‌ക്
Tuesday, 13th August 2019, 7:17 pm

കോഴിക്കോട്: മഴക്കെടുതിയെത്തുടര്‍ന്ന് നാളെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ  ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നാളെ അവധി.

എറണാകുളം ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ടാണെങ്കിലും മഴ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അതിനാലാണ് അവധിയെന്നും കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ളവയ്ക്കാണ് അവധി.

എല്ലാ സിലബസിലുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധിയായിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കോഴിക്കോട്ട് കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്. നാളെ ജില്ലയില്‍ റെഡ് അലര്‍ട്ടാണ്.

നാളെ ഓറഞ്ച് അലര്‍ട്ടുള്ള വയനാട്ടില്‍ വെള്ളക്കെട്ട് പൂര്‍ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാലും ദുരന്ത സാധ്യത ഒഴിവാക്കുന്നതിനുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് അവധി.

നാളെ റെഡ് അലര്‍ട്ടുള്ള മലപ്പുറത്ത് ക്യാമ്പുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തുടരുന്നതിനാലാണ് അവധിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയം എന്നിവയുള്‍പ്പെടെയുള്ളയ്ക്കാണ് അവധി.