Oommen-Chandy-Aryadan

കൊച്ചി:  സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ്.ഐ.ആര്‍ എടുക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.രണ്ടു മാസത്തേക്കാണ് സ്‌റ്റേ. വിധി പുറപ്പെടുവിച്ച ജഡ്ജിക്കെതിരെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. കോടതി വെളിപ്പെടുത്തലുകളുടെ പിന്നാലെ പോകരുതെന്നും തന്റെ പദവി തപാലാപ്പീസിന് സമമാണെന്ന് കരുതരുതെന്നും ഹൈക്കോടതി പറഞ്ഞു.

പോസ്റ്റുമാന്റെ ജോലിയാണു താന്‍ ചെയ്തതെന്നു വിധിയില്‍ പറഞ്ഞ വിജിലന്‍സ് ജഡ്ജിക്കു തന്റെ ഉത്തരവാദിത്തം എന്തെന്ന് ശരിക്കും അറിയില്ല ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം ഇക്കാര്യം പരിശോധിക്കണമെന്നും ജസ്റ്റിസ് പി ഉബൈദ് നിരീക്ഷിച്ചു. പത്ര വാര്‍ത്തകളെ അടിസ്ഥാനമാക്കി നടപടി സ്വീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ഈ രീതിയിലാണ് നിയമം മനസിലാക്കുന്നതെങ്കില്‍ വിജിലന്‍സ് കോടതിക്കെതിരെ അച്ചടക്ക നടപടി എടുക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. ഹൈക്കോടതി വിമര്‍ശനത്തിന്റെ സാഹചര്യത്തില്‍ വിജിലന്‍സ് ജഡ്ജ് എസ് എസ് വാസനെതിരെ നടപടിയെടുക്കാനും സാധ്യതയുണ്ട്.

കെ. ബാബുവിന്റെ മാതൃകയില്‍ ആര്യാടനും, മുഖ്യമന്ത്രിയും രണ്ട് സ്വകാര്യ ഹര്‍ജികളായാണ് കോടതിയെ സമീപിച്ചത്.  ദ്രുത പരിശോധന പോലും നടത്താതെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത് നിയമപരമായി നിലനില്‍ക്കില്ലെന്ന വാദമാണ് ഇരുവരും കോടതിയില്‍ ഉന്നയിച്ചത്.